10 കോടിയുടെ തിമിംഗിലവിസർജ്യവുമായി മൂന്നുപേർ അറസ്റ്റിൽ; പോലീസ് കെണിയൊരുക്കിയത് ആവശ്യക്കാരെന്ന നിലയിൽ


തിമിംഗിലവിസർജ്യം പിടികൂടുന്നതിന് നേതൃത്വം നൽകിയ പോലീസ് സംഘം പ്രതികൾക്കൊപ്പം

കാഞ്ഞങ്ങാട്: വിപണിയിൽ പത്തുകോടി രൂപ വിലവരുന്ന പത്തുകിലോ തിമിംഗിലവിസർജ്യവുമായി (ആമ്പർ ഗ്രിസ്) മൂന്നുപേരെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ ടാക്‌സി ഡ്രൈവർ കൊവ്വൽപ്പള്ളി കടവത്ത് വളപ്പിൽ വീട്ടിൽ കെ.വി. നിഷാന്ത് (41), അതിഞ്ഞാൽ മുറിയനാവിയിലെ പെയിന്റിങ് തൊഴിലാളി മാടമ്പില്ലത്ത് വീട്ടിൽ സിദ്ദിഖ് മാടമ്പില്ലത്ത് (37), കൊട്ടോടി മാവിൽ വീട്ടിൽ പി. ദിവാകരൻ (ദീപു-45), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിൽനിന്ന് എത്തിച്ച തിമിംഗിലവിസർജ്യം കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ കൈമാറുന്നതിനിടെ ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു അറസ്റ്റ്. തിമിംഗിലവിസർജ്യം വാങ്ങാനെന്ന വ്യാജേനയെത്തിയാണ് പോലീസ് പ്രതികളെ തൊണ്ടിസഹിതം അറസ്റ്റ് ചെയ്തത്.

നിഷാന്താണ് കർണാടകയിൽനിന്ന് സിദ്ദിഖിനൊപ്പം തിമിംഗിലവിസർജ്യം എത്തിച്ചതെന്നും ദിവാകരൻ അത് വിൽക്കുന്നതിന് ഇടനിലക്കാരനായിരുന്നെന്നും പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഹൊസ്ദുർഗ് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, ഡി.സി.ആർ.ബി. ഡിവൈ.എസ്.പി. സി.എ. അബ്ദുൾ റഹിം, കാഞ്ഞങ്ങാട് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ആമ്പർ ഗ്രിസ്- കടലിൽനിന്നുള്ള മൂല്യമേറിയ വിസർജ്യം

കാസർകോട്: അന്താരാഷ്ട്രവിപണിയിൽ ഏറെ മൂല്യമുള്ള ഉത്പന്നമാണ് തിമിംഗിലവിസർജ്യം (ആമ്പർ ഗ്രിസ്). അന്താരാഷ്ട്ര സുഗന്ധലേപന വിപണിയിൽ സ്വർണത്തെക്കാൾ വിലയുള്ള ഉത്പന്നമാണിത്. കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് ആദ്യമായി കേസ് രജിസ്റ്റർ ചെയ്യുന്നത് 2021 ജൂലായിലാണ്.

തൃശ്ശൂർ ചേറ്റുവയിൽനിന്നാണ് 30 കോടിയോളം രൂപ വിലമതിക്കുന്ന തിമിംഗിലവിസർജ്യവുമായി മൂന്നുപേരാണ്‌ വനംവകുപ്പ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. ഇതിനുശേഷം ഇത്തരം കേസുകൾ ആവർത്തിക്കാൻ തുടങ്ങി. ഈ വർഷം ജനുവരിയിൽ തമിഴ്‌നാട്ടിൽനിന്ന് കൊല്ലത്തേക്ക് കാറിൽ കടത്തുകയായിരുന്ന 21 കിലോ തിമിംഗിലവിസർജ്യവുമായി രണ്ടുപേരും ഫെബ്രുവരിയിൽ കോഴിക്കോട്ടുനിന്ന് രണ്ടുപേരും തിരുവനന്തപുരത്തുനിന്ന് ഒരാളും ഇതേ കേസിൽ അറസ്റ്റിലായി.

ഇതിന്റെ വ്യാപാരവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘവും കേരളത്തിലുണ്ട്. തിമിംഗിലത്തിന്റെ വ്യാജ വിസർജ്യം നൽകിയാണ് അവർ കോടികൾ തട്ടുന്നത്. കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന അഞ്ചംഗം തട്ടിപ്പ് സംഘം മലപ്പുറത്ത് പോലീസിന്റെ പിടിയിലായിരുന്നു. വിപണിയിൽ കിലോയ്ക്ക് 40 ലക്ഷംമുതൽ ഒരുകോടിവരെ വിലയാണ് ഇതിനു ലഭിക്കുക. ആമ്പർ ഗ്രിസിന്റെ ഗുണമേന്മ അടിസ്ഥാനമാക്കി വിലയിലും മാറ്റമുണ്ടാകും. ഇന്ത്യയിൽ വന്യജീവിസംരക്ഷണനിയമത്തിന്റെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന വസ്തുവാണിത്. ഇവ കൈവശം വയ്ക്കുന്നതും വിപണനം നടത്തുന്നതും കുറ്റകരമാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്ത്‌ പോലീസ് സംഘത്തിൽ രാജേഷ് മാണിയാട്ട്, ശിവകുമാർ, ഓസ്റ്റിൻ തമ്പി, ഷജീഷ്, ഹരീഷ് എന്നിവരുണ്ടായിരുന്നു.

ആമ്പർ ഗ്രിസ് എങ്ങനെ ഉത്പാദിപ്പിക്കപ്പെടുന്നു?

വംശനാശഭീഷണി നേരിടുന്ന എണ്ണത്തിമിംഗിലത്തിൽനിന്ന് ലഭിക്കുന്ന ഒരു പ്രകൃതിദത്ത ഉത്പന്നമാണ് ആമ്പർ ഗ്രിസ്. തിമിംഗിലങ്ങളുടെ കുടലിൽ ദഹിക്കാതെ കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ കൂടിച്ചേർന്ന് മെഴുകുപോലെ രൂപപ്പെടുന്ന ഖരവസ്തുവാണ് ആമ്പർ ഗ്രിസ്.

സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവ നിർമിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുക. വെറും ഒരുശതമാനം എണ്ണത്തിമിംഗിലങ്ങളിൽ മാത്രമാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടാണ് ഇതിനെ അപൂർവവസ്തുവായി കണക്കാക്കുന്നതും വിപണയിൽ വലിയ വില ലഭിക്കുന്നതും.

എണ്ണത്തിമിംഗിലങ്ങളുടെ ചെറുകുടലിൽ ദഹിക്കാതെ അടിഞ്ഞുകൂടുന്ന കണവയുടെ ശരീരഭാഗങ്ങൾ, കുടലിലെ സ്രവങ്ങൾ, വിസർജ്യവസ്തുക്കൾ എന്നിവ കൂടിച്ചേർന്ന് പാറപോലുള്ള വസ്തുവായി മാറുന്നതാണ് ഇതിന്റെ ആദ്യരൂപം. ചിലപ്പോഴിവ തിമിംഗിലങ്ങളുടെ കുടലിനെ പൂർണമായും അടച്ചുകളഞ്ഞേക്കാം. ഇത്തരം സന്ദർഭങ്ങളിൽ ആമ്പർ ഗ്രിസ് കുടൽ പൊട്ടി പുറത്തുവരാനും സാധ്യതയുണ്ട്. സ്വാഭാവികമായി മരണപ്പെടുന്ന തിമിംഗിലങ്ങളുടെ ശവം ചീഞ്ഞുകഴിഞ്ഞാൽ കുടലിൽനിന്ന് ഇവ കടലിൽ എത്തും.

Content Highlights: three arrested with ambergris in hand worth 10 crore


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented