എ.ഡി.ജി.പി വിജയ് സാഖറെ | Screengrab: മാതൃഭൂമി ന്യൂസ്
പാലക്കാട്: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ്, അറുമുഖം, ശരവണന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണാണെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. പ്രതികള്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ എട്ട്, ഒന്‍പത് തീയതികളില്‍ സുബൈറിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെങ്കിലും അത് നടക്കാത്തതിനെ തുടര്‍ന്നാണ് 15ന് കൊലപാതകം നടത്തിയത്.
2021 നവംബര്‍ 15ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലെ പ്രതികാരമാണ് സുബൈറിന്റെ കൊലപാതകമെന്നും എ.ഡി.ജി.പി പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യ രണ്ട് തവണയും കൊലപാതകം നടക്കാതെ പോയത് പ്രദേശത്ത് പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി സുബൈര്‍ ആണെന്ന് കൊല്ലപ്പെടുന്നതിന് മുന്‍പ് സഞ്ജിത്ത് രമേശിനോട് പറഞ്ഞിരുന്നു. ഇതിലെ പ്രതികാരം തന്നെയാണ് സുബൈറിനെ കൊലപ്പെടുത്തിയത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്നും വിജയ് സാഖറെ പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോള്‍ അറസ്റ്റിലായത്.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും എ.ഡി.ജി.പി പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം ഉര്‍ജിതമാക്കിയിട്ടുണ്ടെന്നും പ്രത്യേക സംഘങ്ങളായാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശ്രീനിവാസിനെ കൊലപ്പെടുത്തിയ കൃത്യത്തില്‍ എത്ര പ്രതികളുണ്ടെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അത് ഒളിവില്‍ കഴിയുന്ന പ്രതികളെ സഹായിക്കുന്ന നിലപാടായി മാറുമെന്നും സാഖറെ പറഞ്ഞു.
Content Highlights: three arrested in subair murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..