അറസ്റ്റിലായ ക്വട്ടേഷൻ സംഘാംഗങ്ങൾ
കോഴിക്കോട്: മാത്തോട്ടം സ്വദേശിയായ യുവാവിനെ ക്രൂരമായി മർദിച്ച സംഘത്തിലെ മൂന്ന് പേർ പോലീസ് പിടിയിലായി. വിദ്യാർഥിയായ യുവാവിനെ മർദിക്കുന്നതിനായി ക്വട്ടേഷൻ ഏറ്റെടുത്ത സംഘത്തിലെ പയ്യാനക്കൽ സ്വദേശി മുഫീദ മൻസിലിൽ ഷംസുദീൻ ടി.വി (31), ചക്കുംകടവ് ആനമാട് അരീക്കാടൻ വീട്ടിൽ മുഹമ്മദ് റഫീക്ക് (34 ), പയ്യാനക്കൽ കീഴിൽപറമ്പ് ഷഹദ് മൻസിലിൽ കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്. വിദേശത്ത് ജോലി ചെയ്യുന്ന പയ്യാനക്കൽ സ്വദേശിയുടെ ഭാര്യയുമായി യുവാവിനുള്ള സൗഹൃദമാണ് ക്വട്ടേഷനു കാരണമായത്.
ആഴ്ചകളോളം സംഘം യുവാവിനെ നിരീക്ഷിച്ച് രീതികൾ മനസ്സിലാക്കുകയും തുടർന്ന് ജനുവരി 15 ന് ഇയാളെ പിന്തുടരുകയും വീട്ടിലേക്ക് കയറുന്നതിനിടെ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഗ്രൗണ്ടിലേക്ക് കൂട്ടികൊണ്ടു പോയി ക്രൂരമായി മർദിക്കുകയും ചെയ്തു. യുവാവിൻ്റെ നിലവിളി കേട്ട് സമീപത്തെ വീടുകളിൽ ലൈറ്റിട്ടപ്പോൾ ഓടി പോവുകയും ചെയതു. തുടർന്ന് യുവാവിൻ്റെ പരാതിയിൽ ഫറോക്ക് അസി.കമ്മിഷൻ എ.എം. സിദ്ദിഖിൻ്റെ നിർദ്ദേശപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതികൾ മൊബൈൽഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയും ചെയ്തു.
രഹസ്യമായി അന്വേഷണം ആരംഭിച്ച സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇവരുമായി ബന്ധപ്പെട്ട നിരവധി ആളുകളെ നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തെങ്കിലും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ നാട്ടിലുള്ളവരെ ബന്ധപ്പെടുകയോ ചെയ്യാതിരുന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളി ഉയർത്തി. ഇവർ ഒളിവിൽ കഴിയുന്നത് ഉത്തരേന്ത്യയിലാണെന്ന് മനസിലായതോടെ അന്വേഷണ സംഘത്തിന്റെ ഉത്തരേന്ത്യൻ ബന്ധങ്ങളുപയോഗിച്ച് ഗുജറാത്തിലെ അഹമ്മദാബാദ്, രാജസ്ഥാനിലെ അജ്മീർ എന്നി സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരുടെ നീക്കങ്ങൾ നിരീക്ഷിക്കുകയും പ്രതികൾ കർണാടക ഭാഗത്തേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയ അന്വേഷണ സംഘം ഉഡുപ്പിയിലേക്ക് നീങ്ങുകയും പ്രതികളെ സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത് കോഴിക്കോട് എത്തിക്കുകയുമായിരുന്നു.
ജില്ല പോലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണർ കെ. ഇ. ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മാറാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായ ചോദ്യം ചെയ്തതിൽ നിന്നും ക്വട്ടേഷൻ നൽകിയവരെ കുറിച്ചും ഇതിൽ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ കുറിച്ചും വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവാനും സാധ്യതയുണ്ട്. പിടിയിലായ ഷംസുദ്ദീൻ കസബ ഗോൾഡ് കവർച്ച കേസിലെ പ്രതിയാണ്. സ്പെഷ്യൽ ആക്ഷൻ ഫോഴ്സിലെ സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ് സീനിയർ സിപിഒ മാരായ ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ, സിപിഒ മാരായ സുമേഷ് ആറോളി, അർജ്ജുൻ എ.കെ, മാറാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശശികുമാർ കെ.വി, എ.എസ്.ഐ സജിത്ത് കുമാർ വി.വി, സീനീയർ സിപിഒ മാമുക്കോയ എന്നിവരാണ് കേസന്വേഷണം നടത്തിയിരുന്നത്.
Content Highlights: crime news, Kozhikode
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..