വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ചന്ദനമുട്ടികൾ. ഇൻസെറ്റിൽ പിടിയിലായ മുഹമ്മദ് നിസാർ, കരിമാൻകണ്ടി മുസ്തഫ, കിഴക്കോട്ടുമ്മൽ അബ്ദുൾ നാസർ
എലത്തൂര്‍: എലത്തൂര്‍ ജുമാഅത്ത് പള്ളി കബറിസ്ഥാനില്നിന്നും ചന്ദനമരം മുറിച്ചുകടത്തുന്നതിനിടയില് മഹല്ല് മുത്തവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിലായി. മുത്തവല്ലി എലത്തൂര്‍ നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍ (64), ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ കരിമാന്‍കണ്ടി മുസ്തഫ (48), ഉണ്ണികുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബ്ദുള്‍ നാസര്‍ (48) എന്നിവരാണ് പിടിയിലായത്.
പോലീസ് രഹസ്യാന്വേഷണ വിഭാഗം നല്കിയ വിവരത്തെത്തുടര്‍ന്ന് എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. കെ.ആര്. രാജേഷ് കുമാര്‍ നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാവിലെ 8.30-ഓടെ സംഭവസ്ഥലത്തുവെച്ച് ഇവരെ പിടികൂടിയത്. വനംവകുപ്പിന് കൈമാറിയ പ്രതികളെ താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റുചെയ്തു.59 കിലോയോളംവരുന്ന ചന്ദനമുട്ടികളും ചന്ദനം മുറിക്കാനായി ഉപയോഗിച്ച ആയുധങ്ങളും കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ചനിലയിലായിരുന്നു ചന്ദനമുട്ടികള്‍.
ഭൂമികച്ചവടക്കാരനായ മുസ്തഫയാണ് കേസിലെ മുഖ്യപ്രതി. മരം വെട്ടുന്നതിനായാണ് സഹായി അബ്ദുള്‍ നാസര്‍ കൂടെയെത്തിയത്. രണ്ട് ചന്ദനമരങ്ങളാണ് മുറിച്ച് കഷണങ്ങളാക്കിയത്. ഒരു മരം മുറിച്ചുതുടങ്ങിയനിലയിലും കണ്ടെത്തി.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അതേസമയം കബറിസ്ഥാനിലെ കാടുപിടിച്ച ഭാഗത്തെ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിര്‍ദേശിക്കുക മാത്രമാണ് മുത്തവല്ലി ചെയ്തതെന്നാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍, മരം കടത്താനെത്തിയ പ്രതികളുടെ മൊഴിപ്രകാരമാണ് ഇദ്ദേഹത്തെയും അറസ്റ്റുചെയ്തതെന്ന് വനപാലകസംഘം വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..