Image for Representation | PTI
ചെന്നൈ: മൂന്നരവയസ്സുകാരിയെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ പൂനാംമല്ലിയിലെ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സില്‍ താമസിക്കുന്ന എ. രവിയുടെ മകള്‍ വിന്‍സിയ അദിതിയെയാണ് അഞ്ചാംനിലയിലെ ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഫ്ളാറ്റിന് മുന്‍വശത്തെ റോഡില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന നിലയില്‍ സുരക്ഷാജീവനക്കാരനാണ് പെണ്‍കുട്ടിയെ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചു. മാതാപിതാക്കളും അയല്‍ക്കാരും ഓടിയെത്തി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്നരവയസ്സുകാരി അഞ്ചാംനിലയിലെ ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വീണ് മരിച്ചെന്നാണ് പോലീസ് നല്കുന്ന പ്രാഥമികവിവരം. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം, സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് വീണതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവ് എ.രവി മുനിസിപ്പാലിറ്റിയിലെ റവന്യൂ അസിസ്റ്റന്റാണ്. തിങ്കളാഴ്ച രാവിലെ എട്ടുവയസ്സുള്ള മകനെ ഫുട്ബോള്‍ പരിശീലനത്തിന് കൊണ്ടുപോകാനായി ഇദ്ദേഹം ഫ്ളാറ്റില്‍നിന്ന് പോയിരുന്നു. രാവിലെ 6.15-ഓടെ കുട്ടിയുടെ അമ്മ സിന്ധിയ ഹെറിന് പ്രഭാതസവാരിക്കായും ഫ്ളാറ്റില്‍നിന്നിറങ്ങി. ഈ സമയത്തെല്ലാം മൂന്നരവയസ്സുകാരി അദിതി ഉറങ്ങുകയായിരുന്നു.
പിന്നീട് ഉറക്കമുണര്‍ന്ന പെണ്‍കുട്ടി മാതാപിതാക്കളെ കാണാതിരുന്നതോടെ ഫ്ളാറ്റിലെ ബാല്‍ക്കണിയിലേക്ക് വരികയായിരുന്നു. തുടര്‍ന്ന് ബാല്‍ക്കണിയിലെ കസേരയില്‍ കയറിയെന്നും ഇതിനിടെ താഴേക്ക് വീണെന്നുമാണ് പോലീസ് പറയുന്നത്.
മുറിയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ബാല്‍ക്കണിയില്‍നിന്ന് വീണത് വീട്ടിലുള്ളവരാരും അറിഞ്ഞിരുന്നില്ല. മകള്‍ ഉറങ്ങുകയാണെന്നാണ് ഇവര്‍ കരുതിയിരുന്നത്. അപകടമുണ്ടായ വിവരമറിഞ്ഞതിന് പിന്നാലെ ഫ്ളാറ്റിലെ സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് പെണ്‍കുട്ടി ബാല്‍ക്കണിയില്‍നിന്ന് വീണതാണെന്ന് വ്യക്തമായത്. അതേസമയം, സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..