വഴിയിലെ പോസ്റ്റിലും ചോര, അച്ഛന്റെ കണ്മുന്നില്‍ പിടഞ്ഞ് സംഗീത; 20-കാരന്റെ കൊടുംക്രൂരത


പ്രണയത്തില്‍നിന്ന് പിന്മാറിയ സംഗീതയുമായി 'അഖില്‍' എന്ന വ്യാജ ഐ.ഡി.യിലൂടെ പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു.

പ്രതി ഗോപു, കൊല്ലപ്പെട്ട സംഗീത

തിരുവനന്തപുരം: വര്‍ക്കലയില്‍ 17-കാരിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ പള്ളിക്കല്‍ സ്വദേശി ഗോപു(20) കുറ്റം സമ്മതിച്ചതായി റൂറല്‍ എസ്.പി. ഡി.ശില്പ. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്നും പ്രണയബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറിയതിനാണ് പ്രതി കൊലപാതകം നടത്തിയതെന്നും പോലീസ് പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി സംഗീത(17)യെ വീടിന് സമീപത്തുവെച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി ഗോപുവിനെ മണിക്കൂറുകള്‍ക്കകം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഗോപുവും സംഗീതയും തമ്മില്‍ നേരത്തെ അടുപ്പത്തിലായിരുന്നു. സമീപകാലത്ത് ഈ ബന്ധത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായി. ബന്ധം തുടരേണ്ടതില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛനും ആവശ്യപ്പെട്ടു. ഇതോടെ സംഗീത ബന്ധത്തില്‍നിന്ന് പിന്മാറിയെങ്കിലും ഗോപു ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മാത്രമല്ല, തന്നെ ഒഴിവാക്കി സംഗീത മറ്റൊരാളുമായി അടുപ്പത്തിലാവുകയാണെന്നും പ്രതി സംശയിച്ചു. ഇതാണ് ആസൂത്രിതമായ കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് പറയുന്നത്.

ബന്ധത്തില്‍നിന്ന് പിന്മാറിയ സംഗീതയുമായി 'അഖില്‍' എന്ന വ്യാജ ഐ.ഡി.യിലൂടെ പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. പുതിയ സിംകാര്‍ഡ് അടക്കം സ്വന്തമാക്കിയാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ വ്യാജ ഐ.ഡി. നിര്‍മിച്ചത്. ഈ ഐ.ഡി.യിലൂടെ സംഗീതയുമായി ചാറ്റ് ചെയ്യുന്നത് പതിവാക്കി. അഖില്‍ എന്ന ഐ.ഡിയില്‍നിന്നുതന്നെയാണ് പ്രതി പുലര്‍ച്ചെ ഒന്നരയോടെ പെണ്‍കുട്ടിയെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയത്. സഹോദരിക്കൊപ്പം മുറിയില്‍ കിടക്കുകയായിരുന്ന പെണ്‍കുട്ടി ഇതനുസരിച്ച് വീടിന് പുറത്തിറങ്ങി നൂറൂമീററ്റോളം അകലെയുള്ള റോഡിന് സമീപത്തെത്തി. എന്നാല്‍ ഹെല്‍മെറ്റ് ധരിച്ചാണ് ഗോപു എത്തിയത്. ഇതോടെ പെണ്‍കുട്ടി ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് പ്രതി ആക്രമണം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ കഴുത്തറത്തശേഷം സ്‌കൂട്ടറില്‍തന്നെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഗീതയുടെ മൊബൈല്‍ഫോണും കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തതോടെയാണ് പ്രതിയിലേക്ക് എത്താന്‍ സഹായകമായത്. സംഗീതയുടെ ഫോണ്‍ വീട്ടുകാര്‍ അണ്‍ലോക്ക് ചെയ്ത് നല്‍കിയതോടെ പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ കിട്ടി. തുടര്‍ന്ന് പള്ളിക്കലിലെ വീട്ടിലെത്തി ഗോപുവിനെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

ചോരയില്‍ കുളിച്ച് സംഗീത വീട്ടുമുറ്റത്ത്....

ഗോപു കഴുത്തറത്തതിന് പിന്നാലെ സംഗീത പ്രാണരക്ഷാര്‍ഥം വീട്ടിലേക്ക് ഓടിക്കയറിയിരുന്നു. പെണ്‍കുട്ടി വീടിന്റെ കതകില്‍ മുട്ടിയപ്പോളാണ് വീട്ടുകാര്‍ സംഭവമറിയുന്നത്.

കതകില്‍ ഇടിയ്ക്കുന്ന ശബ്ദം കേട്ട് അച്ഛന്‍ ജനല്‍ തുറന്ന് നോക്കിയപ്പോള്‍ സംഗീതയുടെ കൈയാണ് കണ്ടത്. ഒന്നും മിണ്ടാന്‍ കഴിഞ്ഞിരുന്നില്ല. കതക് തുറന്നതോടെ ചോരയില്‍കുളിച്ച നിലയില്‍ മകള്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നതായിരുന്നു അച്ഛന്‍ കണ്ട കാഴ്ച. കെട്ടിപ്പിടിച്ചു കൊണ്ട് എന്തുപറ്റി മോളെയെന്ന് ചോദിച്ചപ്പോള്‍ മകള്‍ പിടയുകയായിരുന്നുവെന്നും അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഗീതയുടെ വീട്ടില്‍നിന്ന് സമീപത്തെ റോഡിലേക്ക് ഏകദേശം നൂറുമീറ്ററോളം ദൂരമുണ്ട്. ഈ വഴിയിലുള്ള ഇലക്ട്രിക് പോസ്റ്റില്‍ ചോരപുരണ്ട കൈപ്പാടുകളും കണ്ടെത്തിയിരുന്നു.

Content Highlights: thiruvananthapuram varkala sangeetha murder case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


innocent

47വര്‍ഷം താങ്ങും തണലുമായവര്‍;ഇന്നച്ചനില്ലാത്ത പാര്‍പ്പിടത്തിലെത്തിയപ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞ് ആലീസ്

Mar 27, 2023


ഇന്നസെന്റിന് മേക്കപ്പ് ഇടുന്നു

1 min

'ഒരിക്കല്‍ കൂടി, ഇനിയൊരു മേക്കപ്പ് ഇടല്‍ ഉണ്ടാവില്ല', നൊമ്പരനിമിഷം പങ്കുവെച്ച് ആലപ്പി അഷ്‌റഫ് 

Mar 27, 2023

Most Commented