ലക്ഷ്മിപ്രിയ | Screengrab: Mathrubhumi News
തിരുവനന്തപുരം: അയിരൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവത്തില്‍ മകള്‍ക്ക് പങ്കില്ലെന്ന് ഒന്നാംപ്രതിയായ ലക്ഷ്മിപ്രിയ(19)യുടെ അമ്മ. മര്‍ദനത്തില്‍ മകള്‍ക്ക് പങ്കില്ലെന്നും യുവാവിന്റെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ ഇത് ഒഴിവാക്കി തരാനാണ് മകള്‍ കൂട്ടുകാരോട് പറഞ്ഞതെന്നും ലക്ഷ്മിപ്രിയയുടെ അമ്മ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
യുവാവിനെ മര്‍ദിക്കുമ്പോള്‍ അടിക്കല്ലേ എന്നാണ് മകള്‍ പറഞ്ഞത്. അയാള്‍ മോളെ ശല്യംചെയ്തിരുന്നു. ഫോണില്‍വിളിച്ചും മറ്റും ശല്യംചെയ്യല്‍ പതിവായതോടെ ഇത് ഒഴിവാക്കിനല്‍കാനാണ് കൂട്ടുകാരോട് ആവശ്യപ്പെട്ടതെന്നാണ് മകള്‍ തന്നോട് പറഞ്ഞത്. അടിക്കാനൊന്നും പറഞ്ഞിട്ടില്ല. ശല്യംസഹിക്കവയ്യാതായപ്പോള്‍ അത് വിലക്കാനാണ് ശ്രമിച്ചത്. അടിയെല്ലാം പയ്യന്മാര്‍ പ്ലാന്‍ ചെയ്തതാണ്. അടികൊടുത്ത സമയത്ത് അവനെ അടിക്കരുതെന്ന് മകള്‍ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ അവളെയും അടിക്കുമെന്ന് പറഞ്ഞാണ് യുവാവിനെ അവര്‍ അടിച്ചതെന്നും സംഘത്തിലുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ തനിക്കറിയില്ലെന്നും ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു.
അതിനിടെ, തിരുവനന്തപുരത്തെ ഒരുസുഹൃത്തിന്റെ വീട്ടില്‍നിന്നാണ് കേസിലെ ഒന്നാംപ്രതിയായ ലക്ഷ്മിപ്രിയയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയശേഷം തുടരന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഏപ്രില്‍ അഞ്ചാംതീയതിയാണ് പ്രണയത്തില്‍നിന്ന് പിന്മാറാത്തതിന്റെ പകയില്‍ അയിരൂര്‍ സ്വദേശിയായ യുവാവിനെ കാമുകിയായ ലക്ഷ്മിപ്രിയയും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. 19-കാരിയായ ലക്ഷ്മിപ്രിയയും അയിരൂര്‍ സ്വദേശിയും നേരത്തെ അടുപ്പത്തിലായിരുന്നു. അടുത്തിടെ എറണാകുളത്ത് പഠിക്കാന്‍ പോയതോടെ പെണ്‍കുട്ടി മറ്റൊരാളുമായി പ്രണയത്തിലായി. ഇതോടെ അയിരൂര്‍ സ്വദേശിയെ ഒഴിവാക്കാനായി ശ്രമം. ബന്ധത്തില്‍നിന്ന് പിന്മാറാതിരുന്നതോടെ ഇയാളെ തല്ലിച്ചതക്കാനായി പുതിയ കാമുകന് ലക്ഷ്മിപ്രിയ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ലക്ഷ്മിപ്രിയയും പുതിയ കാമുകനും ക്വട്ടേഷന്‍സംഘത്തില്‍ ഉള്‍പ്പെട്ട ആറുപേരുമാണ് കേസിലെ പ്രതികള്‍.
അഞ്ചാം തീയതി രാവിലെ പത്തുമണിയോടെ ലക്ഷ്മിപ്രിയയും മറ്റുരണ്ടുപേരും ചേര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറില്‍ യുവാവിന്റെ വീടിന് മുന്നിലെത്തിയ സംഘം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ മറ്റുരണ്ടുപ്രതികള്‍ കൂടി കാറില്‍ കയറി. ഇതിനുപിന്നാലെയാണ് മര്‍ദനം ആരംഭിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ആദ്യം യുവാവിന്റെ മൂക്കിനാണ് ഇടിച്ചത്. ഇടിയേറ്റ് മുഖം കുനിച്ചതോടെ കൈമുറുക്കി തലയുടെ പിറകില്‍ ഇടിച്ചു. തുടര്‍ന്ന് കൈകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന അസഭ്യവും വിളിച്ചു.
കാര്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ മൂന്നാംപ്രതി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വര്‍ണമാല ഊരിവാങ്ങി. കൈയിലുണ്ടായിരുന്ന ആപ്പിള്‍ വാച്ചും 5500 രൂപയും പ്രതികള്‍ കൈക്കലാക്കി. ഇതിനുപുറമേ 3500 രൂപ ഗൂഗിള്‍പേ വഴിയും വാങ്ങിയെടുത്തു. ഈ സമയത്ത് 'ഇപ്പോഴെങ്കിലും എന്നെ മനസിലായോ' എന്നുപറഞ്ഞ് ലക്ഷ്മിപ്രിയയും യുവാവിനെ മര്‍ദിച്ചു. യുവാവിന്റെ ഇടതുചെവിയടക്കം ചേര്‍ത്താണ് യുവതി മര്‍ദിച്ചത്.
എറണാകുളം ബൈപ്പാസിലെ ഒരു വീട്ടിലാണ് പിന്നീട് കാര്‍ എത്തിയത്. ഇവിടെവെച്ച് പ്രതികള്‍ യുവാവിനെ വീണ്ടും മര്‍ദിച്ചു. മൊബൈല്‍ചാര്‍ജറിന്റെ ഒരറ്റം നാക്കില്‍വെച്ച് ഷോക്കടിപ്പിക്കുകയും ചെയ്തു. പച്ചപ്പുല്ല് പോലെ ഒരു സാധനം പേപ്പറില്‍നിറച്ച് നിര്‍ബന്ധിച്ച് വലിപ്പിച്ചു. യുവാവിന്റെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങളും ചാറ്റുകളുമെല്ലാം പ്രതികളുടെ ഫോണിലേക്ക് അയച്ചു. യുവാവിന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലക്ഷ്മിപ്രിയ അടക്കമുള്ളവര്‍ ഈ നഗ്‌നവീഡിയോ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് വൈറ്റില ബസ് സ്റ്റോപ്പില്‍ യുവാവിനെ ഉപേക്ഷിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
മണിക്കൂറുകളോളം കാമുകിയുടെയും ക്വട്ടേഷന്‍സംഘത്തിന്റെയും തടങ്കലിലായിരുന്ന യുവാവിന് നേരേ ക്രൂരമായ ആക്രമണമാണുണ്ടായത്. ബിയര്‍ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചും നിര്‍ബന്ധിച്ച് ലഹരിമരുന്ന് നല്‍കിയും ലക്ഷ്മിപ്രിയ അടക്കമുള്ളവര്‍ യുവാവിനെ ഉപദ്രവിച്ചു. ഇതിനിടെ, യുവാവിനെ വിട്ടയക്കാന്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ ഏഴാംതീയതിയാണ് പോലീസ് കേസെടുത്തത്. ഇതോടെ ലക്ഷ്മിപ്രിയ അടക്കമുള്ള പ്രതികള്‍ ഒളിവില്‍പോയി. ഇതിനിടെ കഴിഞ്ഞദിവസം എറണാകുളം സ്വദേശിയായ അമല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം ഒളിവിലായിരുന്ന ലക്ഷ്മിപ്രിയയെയും തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: thiruvananthapuram varkala ayiroor lekshmipriya quotation attack lover kidnap


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..