മരിച്ച ഇർഫാൻ | Screengrab: Mathrubhumi News
തിരുവനന്തപുരം: പെരുമാതുറയിലെ 17-കാരന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ഇര്‍ഫാനെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയ ഫൈസല്‍ എന്നയാളാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, മയക്കുമരുന്ന് ഉപയോഗിച്ചതായി ഫൈസല്‍ ഇതുവരെ പോലീസിനോട് സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. ഇര്‍ഫാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നും ഷെയ്ക്ക് കുടിക്കാനായാണ് തങ്ങള്‍ പോയതെന്നുമാണ് ഇയാളുടെ മൊഴി. ഫൈസലിനെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍-റജീല ദമ്പതിമാരുടെ മകന്‍ ഇര്‍ഫാന്‍(17) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ മരിച്ചത്. സുഹൃത്തുക്കള്‍ നല്‍കിയ ലഹരിമരുന്ന് ഉപയോഗിച്ചത് കാരണമാണ് മകന്‍ മരിച്ചതെന്നായിരുന്നു ഇര്‍ഫാന്റെ മാതാപിതാക്കളുടെ പരാതി.
തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇര്‍ഫാനെ സുഹൃത്തുക്കള്‍ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയത്. അവശനായ നിലയില്‍ രാത്രി ഏഴുമണിയോടെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ഇര്‍ഫാന്‍ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവര്‍ ലഹരിവസ്തു മണപ്പിക്കാന്‍ തന്നുവെന്നും അതിനു ശേഷമാണ് അസ്വസ്ഥതയുണ്ടായതെന്നും ഇര്‍ഫാന്‍ പറഞ്ഞതായി റജീല പറയുന്നു. ഉടന്‍തന്നെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ലഹരി ഉപയോഗിച്ചതായും അതിന്റെ പ്രത്യാഘാതമാകാമെന്നും ഡോക്ടറും പറഞ്ഞു. മരുന്നു നല്‍കി വീട്ടിലേക്കയച്ചെങ്കിലും ഇര്‍ഫാന്റെ നില രാത്രിയില്‍ വഷളായി. പുലര്‍ച്ചെ രണ്ടുമണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.
അമിതമായ അളവില്‍ ലഹരിമരുന്ന് ഉള്ളില്‍ച്ചെന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെയും പ്രാഥമിക വിലയിരുത്തല്‍. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്. അതേസമയം, ഇക്കാര്യത്തില്‍ വ്യക്തത വരുത്താനായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
ഇര്‍ഫാന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച വൈകുന്നേരം പെരുമാതുറ സെന്‍ട്രല്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. പത്താം ക്ലാസ് പഠനം കഴിഞ്ഞ് വള്ളത്തിലെ ജോലിക്കു പോകുകയായിരുന്നു ഇര്‍ഫാന്‍.
Content Highlights: thiruvananthapuram perumathura 17 year old boy irfan death police investigation is going on
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..