പ്രതീകാത്മക ചിത്രം. photo: screengrab/ mathrubhumi
തിരുവനന്തപുരം: ചിറയിൻകീഴ് പ്രദേശങ്ങളിൽ സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരാണ് പല ട്യൂഷൻ സെന്ററുകൾ നടത്തുന്നത്. പ്രമുഖ ട്യൂഷൻ സ്ഥാപനങ്ങളിൽ ഓഹരി പങ്കാളിത്തമുള്ള ഉദ്യോഗസ്ഥരുമുണ്ട്. സ്ഥാപനങ്ങളിൽ പഠിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമുണ്ട്. ഇതിൽ സ്പെഷ്യൽ ബ്രാഞ്ചുകാരും ഉൾപ്പെടുന്നതിനാൽ രഹസ്യാന്വേഷണ റിപ്പോർട്ട് ഉന്നതങ്ങളിലക്ക് എത്താറില്ല.
പോത്തൻകോട്, കടയ്ക്കാവൂർ, മംഗലപുരം, ചിറയിൻകീഴ് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരാണ് സ്വകാര്യ ട്യൂഷൻ മേഖലയിലെ പ്രമുഖർ. ഇതിൽ ഒരാൾക്ക് ഒന്നിലേറെ സ്ഥാപനങ്ങളുണ്ട്. പുതിയ സ്ഥാപനങ്ങൾ തുടങ്ങാനുള്ള നീക്കത്തിലുമാണ്. ബന്ധുക്കളുടെ പേരിലാണ് രേഖകളെങ്കിലും ഇവർ നേരിട്ടാണ് നടത്തിപ്പ്. സ്കൂൾ തുറക്കുന്ന സമയത്ത് ഇവർ നേരിട്ട് തന്നെ വിദ്യാർഥികളുടെ വീടുകളിലെത്തിയാണ് സ്വന്തം ജോലിയടക്കം പറഞ്ഞശേഷം വിദ്യാർഥികളെ സ്വാധീനിക്കുന്നത്.
പോലീസ് സ്വാധീനം ഉപയോഗിച്ച് സമീപത്തെ സ്കൂളുകളുമായി സഹകരിച്ചാണ് ഇവരുടെ ട്യൂഷൻ സെന്ററുകളുടെ പ്രവർത്തനം. ഇത്തരത്തിൽ ചില സ്കൂളുകളുടെ ബസുകൾ പോലും ഇവർക്കായി ഉപയോഗിക്കുന്നുണ്ട്. മക്കൾ പഠിക്കാത്ത സ്കൂളുകളിലെ അധ്യാപക-രക്ഷാകർതൃ സമിതികളിൽ പോലും ചില പോലീസുകാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ജോലിയുള്ള മറ്റ് ചിലരും ഇവരുടെ സ്ഥാപനങ്ങളിൽ അധ്യാപകരാണെന്നും ആരോപണമുണ്ട്.
പാറ്റൂരിലെ ആക്രമണം; ഒളിവിലിരുന്ന ഗുണ്ടാനേതാക്കൾ ഉന്നതസ്വാധീനമുള്ളവരുമായി ബന്ധപ്പെട്ടു
തിരുവനന്തപുരം: പാറ്റൂർ ആക്രമണത്തിനുശേഷം ഒളിവിൽപ്പോയ ഓംപ്രകാശിന്റെ കൂട്ടാളി സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയുമായും സി.പി.ഐ. നേതാവിന്റെ മകളുമായും ഫോണിൽ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തി.
പാറ്റൂർ ആക്രമണത്തിലെ പ്രതിയായ ആരിഫാണ് ഒളിവിലിരുന്ന സമയത്ത് മുൻ പരിചയമുണ്ടായിരുന്ന സെക്രട്ടേറിയറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നത്. ഇവരുടെ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു സി.പി.ഐ. നേതാവിന്റെ മകളുമായും ഒന്നിലേറെത്തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഈ ഫോൺ വിളികളിൽനിന്ന് ആരിഫ് ഊട്ടിയിലുണ്ടെന്ന് പോലീസ് കണ്ടെത്തി. ഓംപ്രകാശിന്റെ കൂട്ടാളികളായ ആരിഫിന്റെയും ആസിഫിന്റെയും വീട് ആക്രമിച്ചതിനെ തുടർന്നാണ് പാറ്റൂരിലെ ഏറ്റുമുട്ടലുണ്ടാകുന്നത്. വീടാക്രമണത്തിന് പ്രതികാരമായാണ് എതിർസംഘത്തിലെ നിഥിൻ അടക്കം നാലുപേരെ തിരിച്ച് ആക്രമിച്ചത്.
ഇതിനെ തുടർന്നാണ് ഓംപ്രകാശും ഒപ്പമുള്ളവരും ഒളിവിൽ പോയത്. ഒളിവിലിരുന്നാണ് ഇവർ പലരുമായും ബന്ധപ്പെട്ടത്. ഓംപ്രകാശിന്റെ ഫോൺ ചെന്നൈയിൽ പല സ്ഥലത്തും ഉള്ളതായി സിഗ്നലുകൾ പരിശോധിച്ച് കണ്ടെത്തിയിരുന്നു. ഇവിടങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ആരിഫും ആസിഫും ഊട്ടിയിലുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്. ഓംപ്രകാശ് ഡൽഹിക്ക് കടന്നുവെന്ന സംശയവുമുണ്ട്.
പ്രതികൾ നിരവധി സിം കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ പല നമ്പരുകളും മിക്കപ്പോഴും സ്വിച്ച് ഓഫാണ്. ചില നമ്പരുകൾ ഉപയോഗിച്ച് പോലീസിനെ മനപ്പൂർവം വഴിതെറ്റിക്കാൻ ശ്രമിക്കുന്നതാണോയെന്നും സംശയമുണ്ട്. പ്രതികളെ പിടികൂടാനായി പോലീസ് സംഘം ഇതര സംസ്ഥാനങ്ങളിലുണ്ട്.
ഓംപ്രകാശിനൊപ്പമുള്ള രണ്ട് പ്രതികളെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് പിടികൂടിയത്. പാറ്റൂർ ആക്രമണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളുടേയും അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
പേട്ട സി.ഐ.ക്കെതിരേ നടപടി പെരുമാറ്റദൂഷ്യത്തിനും
തിരുവനന്തപുരം: പേട്ട സി.ഐ.യായിരുന്ന റിയാസ് രാജയെ സസ്പെൻഡ് ചെയ്തതിന് പ്രധാന കാരണം പെരുമാറ്റദൂഷ്യവും ഗുരുതരമായ അച്ചടക്ക ലംഘനവും. ആക്കുളത്തെ ഒരു അനധികൃത മസാജ് സെന്ററിൽ ഒരു സ്ത്രീയുമായി സന്ദർശിച്ചു, റൗഡി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഒരാളുടെ ഭാര്യയുമായി സൗഹൃദം പുലർത്തുന്നു തുടങ്ങിയ ആരോപണങ്ങൾ ശരിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. റിയാസ് താമസിച്ചിരുന്ന വെൺപാലവട്ടത്തെ വീട്ടിൽ നിന്നും മോശം പ്രവർത്തികൾ കാരണം വീട്ടുടമ നിർബന്ധിച്ച് ഒഴിപ്പിച്ചതായും സസ്പെൻഷൻ ഉത്തരവിലുണ്ട്. ഇത്തരം ഒരു സാഹചര്യം സൃഷ്ടിച്ചത് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടാണെന്നും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് റിയാസ് ഉൾപ്പെടെ അഞ്ച് പേരെ സസ്പെൻഡ് ചെയ്തത്.
വിദ്യാർഥിനിക്ക് നേരേ ആക്രമണം: പ്രതിയെ പിടികൂടാതെ പോലീസ് സംഭവം ഞെട്ടിക്കുന്നതെന്ന് മന്ത്രി ശിവൻകുട്ടി; റിപ്പോർട്ട് തേടി
വെഞ്ഞാറമൂട്: കഞ്ചാവ് വില്പന അറിയിച്ചതിന് പ്രതിയുടെ ആക്രമണത്തിന് പ്ലസ് ടു വിദ്യാർഥിനിയും അമ്മയും ഇരയായ സംഭവം ഞെട്ടിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബുവിന് നിർദ്ദേശം നൽകി.
അടിയന്തര ഇടപെടൽ നടത്താനും രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാനുമാണ് നിർദ്ദേശം. പോലീസ് നടപടിയിലെ വീഴ്ച ‘മാതൃഭൂമി’യാണ് റിപ്പോർട്ട് ചെയ്തത്.
ബാലാവകാശ കമ്മിഷന് റിപ്പോർട്ട് നൽകി
സംഭവം അറിഞ്ഞതിനെത്തുടർന്ന് ബുധനാഴ്ച വൈകീട്ടോടെ ബാലാവകാശ കമ്മിഷൻ അംഗങ്ങൾ പരാതിക്കാരുടെ വീട്ടിലെത്തി വിദ്യാർഥിനിക്ക് സംരക്ഷണം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വെഞ്ഞാറമൂട് എസ്.എച്ച്.ഒ. അനൂപ് കൃഷ്ണ ബാലാവകാശ കമ്മിഷനിൽ എത്തി റിപ്പോർട്ട് സമർപ്പിച്ചു. സമീപവാസികളായ ഇവർ തമ്മിൽ മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതിനെ തുടർന്നാണ് പെൺകുട്ടി പോലീസിൽ വിവരം അറിയിക്കുന്നതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവം പുറത്തറിഞ്ഞു രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ വെഞ്ഞാറമൂട് പോലീസിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇയാൾ വീട്ടിന്റെ പരിസരത്തു തന്നെ ഉണ്ടെന്നും പരാതിക്കാർ പറയുന്നു.
പിരപ്പൻകോട് അന്താരാഷ്ട്ര നീന്തൽക്കുളത്തിന് സമീപം താമസിക്കുന്ന പ്ലസ് ടു വിദ്യാർഥിനിയാണ് കഞ്ചാവ് വില്പനക്കാരന്റെ വിവരം പോലീസിന് രഹസ്യമായി കൈമാറിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി പ്രതിയായ മുരുകനെ സ്റ്റേഷനിൽ എത്തിച്ചശേഷം വിട്ടയയ്ക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്ന് വിവരം ചോർന്നതിനെത്തുടർന്ന് വീട്ടിലെത്തിയ പ്രതി ഇവരെ ആക്രമിക്കുകയായിരുന്നു.
Content Highlights: thiruvananthapuram pattoor attack high profile contacts kerala police officers tuition centers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..