ലക്ഷ്മിപ്രിയ
തിരുവനന്തപുരം: അയിരൂരില്‍നിന്ന് കാമുകിയും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ യുവാവിന് യാത്രയിലുടനീളം ഏല്‍ക്കേണ്ടിവന്നത് ക്രൂരമര്‍ദനം. അയിരൂര്‍ സ്വദേശിയായ യുവാവിനെയാണ് കാമുകി ലക്ഷ്മിപ്രിയയും ഇവരുടെ പുതിയ കാമുകനും ക്വട്ടേഷന്‍സംഘവും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ലക്ഷ്മിപ്രിയ അടക്കം രണ്ടുപേരെ അയിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ബാക്കി ആറുപ്രതികള്‍ക്കായി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. കേസില്‍ ലഹരിമാഫിയയുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഏപ്രില്‍ അഞ്ചാംതീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. അയിരൂര്‍ സ്വദേശിയായ യുവാവും ലക്ഷ്മിപ്രിയയും നേരത്തെ അടുപ്പത്തിലായിരുന്നു. ഇതിനിടെ ലക്ഷ്മിപ്രിയ മറ്റൊരാളുമായി പ്രണയത്തിലായി. ഇതോടെ അയിരൂര്‍ സ്വദേശിയെ ഒഴിവാക്കാനായി ശ്രമം. പ്രണയത്തില്‍നിന്ന് യുവാവ് പിന്മാറാതെ വന്നതോടെയാണ് പുതിയ കാമുകനൊപ്പം ചേര്‍ന്ന് ക്വട്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.
അഞ്ചാം തീയതി രാവിലെ പത്തുമണിയോടെ ലക്ഷ്മിപ്രിയയും മറ്റുരണ്ടുപേരും ചേര്‍ന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാറില്‍ യുവാവിന്റെ വീടിന് മുന്നിലെത്തിയ സംഘം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ മറ്റുരണ്ടുപ്രതികള്‍ കൂടി കാറില്‍ കയറി. ഇതിനുപിന്നാലെയാണ് മര്‍ദനം ആരംഭിച്ചതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
ആദ്യം യുവാവിന്റെ മൂക്കിനാണ് ഇടിച്ചത്. ഇടിയേറ്റ് മുഖം കുനിച്ചതോടെ കൈമുറുക്കി തലയുടെ പിറകില്‍ ഇടിച്ചു. തുടര്‍ന്ന് കൈകള്‍ കെട്ടിയിട്ട് കഴുത്തില്‍ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കേട്ടാലറയ്ക്കുന്ന അസഭ്യവും വിളിച്ചു.
കാര്‍ ആലപ്പുഴയില്‍ എത്തിയപ്പോള്‍ മൂന്നാംപ്രതി യുവാവിന്റെ കഴുത്തിലുണ്ടായിരുന്ന അരപവന്റെ സ്വര്‍ണമാല ഊരിവാങ്ങി. കൈയിലുണ്ടായിരുന്ന ആപ്പിള്‍ വാച്ചും 5500 രൂപയും പ്രതികള്‍ കൈക്കലാക്കി. ഇതിനുപുറമേ 3500 രൂപ ഗൂഗിള്‍പേ വഴിയും വാങ്ങിയെടുത്തു. ഈ സമയത്ത് 'ഇപ്പോഴെങ്കിലും എന്നെ മനസിലായോ' എന്നുപറഞ്ഞ് ലക്ഷ്മിപ്രിയയും യുവാവിനെ മര്‍ദിച്ചു. യുവാവിന്റെ ഇടതുചെവിയടക്കം ചേര്‍ത്താണ് യുവതി മര്‍ദിച്ചത്.
എറണാകുളം ബൈപ്പാസിലെ ഒരു വീട്ടിലാണ് പിന്നീട് കാര്‍ എത്തിയത്. ഇവിടെവെച്ച് പ്രതികള്‍ യുവാവിനെ വീണ്ടും മര്‍ദിച്ചു. മൊബൈല്‍ചാര്‍ജറിന്റെ ഒരറ്റം നാക്കില്‍വെച്ച് ഷോക്കടിപ്പിക്കുകയും ചെയ്തു. പച്ചപ്പുല്ല് പോലെ ഒരു സാധനം പേപ്പറില്‍നിറച്ച് നിര്‍ബന്ധിച്ച് വലിപ്പിച്ചു. യുവാവിന്റെ ഫോണിലുണ്ടായിരുന്ന ചിത്രങ്ങളും ചാറ്റുകളുമെല്ലാം പ്രതികളുടെ ഫോണിലേക്ക് അയച്ചു. യുവാവിന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലക്ഷ്മിപ്രിയ അടക്കമുള്ളവര്‍ ഈ നഗ്നവീഡിയോ ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് വൈറ്റില ബസ് സ്റ്റോപ്പില്‍ യുവാവിനെ ഉപേക്ഷിച്ചാണ് പ്രതികള്‍ കടന്നുകളഞ്ഞതെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
മണിക്കൂറുകളോളം കാമുകിയുടെയും ക്വട്ടേഷന്‍സംഘത്തിന്റെയും തടങ്കലിലായിരുന്ന യുവാവിന് നേരേ ക്രൂരമായ ആക്രമണമാണുണ്ടായത്. ബിയര്‍ബോട്ടില്‍ കൊണ്ട് തലയ്ക്കടിച്ചും നിര്‍ബന്ധിച്ച് ലഹരിമരുന്ന് നല്‍കിയും ലക്ഷ്മിപ്രിയ അടക്കമുള്ളവര്‍ യുവാവിനെ ഉപദ്രവിച്ചു. ഇതിനിടെ, യുവാവിനെ വിട്ടയക്കാന്‍ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവത്തില്‍ യുവാവിന്റെ പിതാവിന്റെ പരാതിയില്‍ ഏഴാംതീയതിയാണ് പോലീസ് കേസെടുത്തത്. ഇതോടെ ലക്ഷ്മിപ്രിയ അടക്കമുള്ള പ്രതികള്‍ ഒളിവില്‍പോയി. ഇതിനിടെ കഴിഞ്ഞദിവസം എറണാകുളം സ്വദേശിയായ അമല്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ക്കകം ഒളിവിലായിരുന്ന ലക്ഷ്മിപ്രിയയെയും തിരുവനന്തപുരത്തുനിന്ന് പോലീസ് പിടികൂടുകയായിരുന്നു.
അതേസമയം, ക്രൂരമായ ആക്രമണത്തിന് ഇരയായ മകന്‍ മാനസികമായും ശാരീരികമായും ഏറെ പ്രയാസം അനുഭവിക്കുകയാണെന്ന് മര്‍ദനമേറ്റ യുവാവിന്റെ പിതാവ് പ്രതികരിച്ചു. ''അവന്‍ മാനസികമായി ഏറെ തളര്‍ന്നിരിക്കുകയാണ്. സംസാരിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ഇതുവരെ മുക്തനായിട്ടില്ല. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടുണ്ട്. കൂടുതല്‍കാര്യങ്ങള്‍ മകനോട് ചോദിക്കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല. രാത്രിസമയത്ത് എന്നെ കൊല്ലാന്‍വരുന്നു എന്നുപറഞ്ഞ് അലറിവിളിക്കുകയാണ്. കൗണ്‍സിലിങ് തുടങ്ങിയിട്ടുണ്ട്''-പിതാവ് പറഞ്ഞു.
അതിനിടെ, കേസ് ഒത്തുതീര്‍പ്പാക്കാനും പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായതായും പിതാവ് വെളിപ്പെടുത്തി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പത്തുലക്ഷം രൂപയാണ് പ്രതികളുടെ ഭാഗത്തുനിന്നുള്ളവര്‍ വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: thiruvananthapuram lakshmipriya lover kidnap and attack case lekshmipriya varkala lekshmipriya case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..