നാരായണന്റെ സനാതനപുരത്തെ വീട്ടിൽ പോലീസ് തിരച്ചിലിനെത്തിയപ്പോൾ. ഇൻസെറ്റിൽ കൈക്കൂലിക്കേസിൽ അറസ്റ്റിലായ നാരായണൻ സ്റ്റാലിൻ, ഹസീനബീഗം
പത്തനംതിട്ട: കൈക്കൂലി കേസില്‍ അറസ്റ്റിലായ നഗരസഭാ സെക്രട്ടറിയുടെ വീട്ടില്‍നിന്ന് ഒരേനമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടികൂടി. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്റെ വീട്ടില്‍നിന്നാണ് ഒരേ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള രണ്ട് ബൈക്കുകള്‍ പിടിച്ചെടുത്തത്. സെക്രട്ടറിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മറ്റുചില രേഖകളും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിനും ഓഫീസ് അറ്റന്‍ഡര്‍ ഹസീന ബീഗവും കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്. വൈകീട്ട് നാലുമണിയോടെ സെക്രട്ടറിയുടെ ക്യാബിനില്‍നിന്നാണ് പത്തനംതിട്ട വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടിയത്.
നഗരസഭയിലെ ഖരമാലിന്യ സംസ്‌കരണത്തിനുള്ള കരാറുകാരനില്‍ നിന്ന് 25,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. രണ്ട് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെക്രട്ടറിക്കുമുന്നിലെത്തിയ കരാറുകാരനായ എം.ക്രിസ്റ്റഫര്‍ പണം കൈമാറി. ഇതുവാങ്ങി ആദ്യം മേശയിലിട്ട സെക്രട്ടറി ഉടന്‍ ഹസീനയെ വിളിച്ച് പണം കൈമാറി. പണമടങ്ങിയ കവറുമായി ഹസീന ക്യാബിനുപുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വിജിലന്‍സ് സംഘം എത്തുകയായിരുന്നു.
2024 വരെ നഗരസഭയുമായി കരാറുള്ളയാളാണ് ക്രിസ്റ്റഫര്‍. ഖരമാലിന്യ യൂണിറ്റിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് സെക്രട്ടറി കൈക്കൂലിയായി ആവശ്യപ്പെട്ടത്. പലവട്ടം പണം ആവശ്യപ്പെട്ടതോടെ ക്രിസ്റ്റഫര്‍ വിജിലന്‍സിനെ സമീപിച്ചു. ആദായനികുതി അടയ്ക്കാന്‍ വെള്ളിയാഴ്ച 25,000 രൂപയെങ്കിലും അത്യാവശ്യമായി തരണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു. ഇതോടെ വിജിലന്‍സ്‌സംഘം ഫിനോഫ്തലിന്‍ പുരട്ടിയ 500ന്റെ 50 നോട്ട് കരാറുകാരന്റെ പക്കല്‍ കൊടുത്തുവിടുകയായിരുന്നു.
സെക്രട്ടറിയുടെ സ്വകാര്യ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിനുവേണ്ടി നല്‍കിയ തുകയാണ് തന്റെ കൈയില്‍ തന്നതെന്നാണ് ഹസീന വിജിലന്‍സില്‍ നല്‍കിയ പ്രാഥമികമൊഴി.
പത്തനംതിട്ട വിജിലന്‍സ് ഡിവൈ.എസ്.പി. ഹരി വിദ്യാധരന്‍, സി.ഐ.മാരായ കെ.അനില്‍കുമാര്‍, എസ്. അഷറഫ്, ജെ.രാജീവ്, എ.എസ്.ഐ.മാരായ ഹരിലാല്‍, ഷാജി ജോണ്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ രേഷ്മ രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പത്തനംതിട്ട സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ പി.എസ്. കോശിക്കുഞ്ഞ്, തിരുവല്ല മേജര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.സുനില്‍ എന്നിവരാണ് സാക്ഷികളായി ക്രിസ്റ്റഫറിനൊപ്പം സെക്രട്ടറിയുടെ അടുക്കലെത്തിയത്.
Content Highlights: thiruvalla municipal secretary bribery case two bikes also seized from his home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..