Screengrab: twitter.com/Gsk339
മുംബൈ: എ.ടി.എം. കവര്‍ച്ചയ്ക്ക് കൂറ്റന്‍ മണ്ണുമാന്തി യന്ത്രവും ഉപയോഗിച്ച് കള്ളന്മാര്‍. മഹാരാഷ്ട്രയിലെ സംഗ്ലിയിലാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൗണ്ടറിലെ എ.ടി.എം. അപ്പാടെ കടത്തിക്കൊണ്ടുപോയത്. ശനിയാഴ്ച നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
എ.ടി.എം. കൗണ്ടറിന്റെ വാതില്‍ ഒരാള്‍ തുറക്കുന്നതാണ് ആദ്യം ദൃശ്യങ്ങളിലുള്ളത്. പിന്നാലെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് ഉപയോഗിച്ച് വാതില്‍ തകര്‍ക്കുന്നതും കാണാം. ശേഷം എ.ടി.എം. അപ്പാടെ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റില്‍ കോരിയെടുത്ത് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള എ.ടി.എം. മോഷണം പോലീസിനെയും അമ്പരപ്പിച്ചിട്ടുണ്ട്. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
മണി ഹെയിസ്റ്റ് 2023? എന്ന ചോദ്യത്തോടെയാണ് ഒരാള്‍ ഈ ദൃശ്യം പങ്കുവെച്ചത്. 'ക്രിപ്‌റ്റോ മൈനിങ്ങിന്റെ കാലത്ത് എ.ടി.എം. മൈനിങ് എന്ന പുതിയ കണ്ടുപിടുത്തം' എന്നായിരുന്നു മറ്റൊരാള്‍ നല്‍കിയ വിശേഷണം. മോഷണരീതിയെ തമാശയായി അവതരിപ്പിച്ചും ഒട്ടേറെ പേര്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചു. അതേസമയം, തൊഴിലില്ലായ്മയും ഭക്ഷണത്തിന് ഉയര്‍ന്നവിലയും ഉണ്ടാകുമ്പോള്‍ ഇതുപോലുള്ള കൂടുതല്‍ സംഭവങ്ങളുണ്ടാകുമെന്നായിരുന്നു ചിലരുടെ പ്രതികരണം.
അടുത്തിടെ, ഇന്ത്യയില്‍ നടന്ന മറ്റുചില മോഷണങ്ങളും സാമൂഹികമാധ്യമങ്ങളിലെ വൈറല്‍ പട്ടികയില്‍ ഇടംനേടിയിരുന്നു. ഉത്തര്‍പ്രദേശില്‍ ഒരു ഹാര്‍ഡ് വെയേഴ്‌സ് കടയില്‍ മോഷണം നടത്തിയ ശേഷം കള്ളന്‍ നൃത്തം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ബിഹാറില്‍ പാലം പൊളിച്ചുകടത്തിയ സംഭവവുമാണ് സാമൂഹികമാധ്യമങ്ങളില്‍ ചിരിപടര്‍ത്തിയത്.
Content Highlights: thieves used excavator to steal atm in maharashtra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..