Photo: ANI
പട്ന: നാട്ടുകാരെയും പ്രാദേശിക ഭരണകൂടത്തെയും സാക്ഷികളാക്കി ബിഹാറില്‍ കള്ളന്മാര് പൊളിച്ച് കടത്തിയത് 60 അടി നീളമുള്ള പാലം. അമിയാവര്‍ ഗ്രാമത്തില്‍ നസ്രിഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയിലെ ഇരുമ്പ് പാലമാണ് കള്ളന്മാര് പൊളിച്ച് കടത്തിയത്. ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെ എത്തിയ മോഷ്ടാക്കള്‍ മൂന്നുദിവസമെടുത്താണ് പാലം പൊളിച്ചതെന്ന് പോലീസ് പറഞ്ഞു.
കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായിരുന്ന പാലമാണ് മോഷ്ടാക്കള്‍ പകല്‍വെളിച്ചത്തില്‍ പൊളിച്ചുകടത്തിയത്. 1972-ലാണ് അരാ കനാലിന് കുറുകെ ഇരുമ്പ് പാലം നിര്‍മിച്ചത്. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനാല്‍ കുറേക്കാലമായി ആരും ഈ പാലം ഉപയോഗിച്ചിരുന്നില്ല. ഇതിനിടെയാണ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിച്ച് പാലം അപ്പാടെ പൊളിച്ച് കടത്തിയ സംഭവമുണ്ടായത്.
ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനെയാണ് മോഷണസംഘം ഗ്രാമത്തിലെത്തിയത്. ജെ.സി.ബി.യും ഗ്യാസ് കട്ടറും അടക്കം ഉപയോഗിച്ചാണ് ഇവര്‍ പാലം പൊളിച്ചത്. മൂന്നുദിവസം നീണ്ട 'ദൗത്യ'ത്തിന് പ്രാദേശിക ഭരണകൂടവും നാട്ടുകാരും സഹായം നല്‍കുകയും ചെയ്തു. മൂന്നുദിവസത്തിനിടെ ഒരിക്കല്‍ പോലും ഇവര്‍ക്കാര്‍ക്കും യാതൊരു സംശയവും തോന്നിയിരുന്നില്ല. ഒടുവില്‍ പാലം പൂര്‍ണമായും പൊളിച്ച് കടത്തിയ ശേഷമാണ് വന്നത് യഥാര്‍ഥ ഉദ്യോഗസ്ഥരല്ലെന്നും സംഭവം മോഷണമാണെന്നും നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. ഇതോടെ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ നസ്രിഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്ന് ഇറിഗേഷന്‍ വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയര്‍ അര്‍ഷദ് കമാല്‍ അറിയിച്ചു. കാലപ്പഴക്കം കാരണം ഉപേക്ഷിക്കപ്പെട്ട പാലമാണിതെന്നും വര്‍ഷങ്ങള്‍ക്കിടെ പാലത്തിന്റെ പല ഭാഗങ്ങളും മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: thieves steal 60 feet long iron bridge in bihar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..