പ്രതീകാത്മക ചിത്രം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/മാതൃഭൂമി
മുസഫര്‍പുര്‍: ബിഹാറില്‍ ട്രയിന്‍ എന്ജിന് തുരങ്കംവഴി മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയി. റെയില്‍വേ യാർഡില്‍ നിർത്തിയിട്ടിരുന്ന എന്ജിന് പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കള്‍ ഘട്ടംഘട്ടമായി കടത്തിയതെന്ന് പോലീസ് പറഞ്ഞു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച എന്ജിന് ഭാഗങ്ങള്‍ മുസഫര്‍പുരിനടുത്തുള്ള പ്രഭാത് നഗര്‍ ഏരിയയില്‍നിന്ന് പിന്നീട് കണ്ടെത്തി.
ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എന്‍ജിനാണ് മോഷണം പോയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ ആഴ്ചയാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ പോലീസ് പിടികൂടിയതായി മുസഫര്‍പുര്‍ റെയില്‍വേ സംരക്ഷണ സേന ഇന്‍സ്പെക്ടര്‍ പി.എസ്. ദുബെ പറഞ്ഞു. എന്ജിന് യാർഡിലേക്ക് മോഷ്ടാക്കള്‍ ഒരു തുരങ്കം നിർമിച്ച്, അതുവഴിയാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ ചോദ്യംചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ എന്ജിന് ഭാഗങ്ങള്‍ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണില്‍നിന്ന് കണ്ടെത്തിയത്. ചാക്കുകളിലായി നിറച്ചുവെച്ച നിലയിലായിരുന്നു എന്ജിന് ഭാഗങ്ങള്‍. ചക്രങ്ങള്‍, എന്ജിന് ഭാഗങ്ങള്‍, റെയില്‍വേ ഭാഗങ്ങള്‍ എന്നിവയാണ് കണ്ടെടുത്തത്. ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
നേരത്തേ സ്റ്റീല്‍ പാലങ്ങളുടെ ഭാഗങ്ങള്‍ അഴിച്ചു വിറ്റ കേസിലും ഈ മോഷണ സംഘം ഉള്‍പ്പെട്ടിരുന്നതായി പോലീസ് പറയുന്നു.
Content Highlights: thieves dig tunnel, steal entire train engine in bihar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..