പ്രതീകാത്മകചിത്രം| Photo: Mathrubhumi
ചെന്നൈ: വീട്ടില്‍നിന്ന് സ്വര്‍ണമാല കവര്‍ന്ന മോഷ്ടാവ് രക്ഷപ്പെടാനായി കയറിയത് വീട്ടുടമയുടെ ബൈക്കിനുപിറകില്‍. മോഷണ വിവരമറിയിക്കാന്‍ പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്ന വീട്ടുടമയ്ക്ക് അവിടെയത്തുംമുമ്പുതന്നെ മോഷ്ടാവിനെ പിടികിട്ടി. ആവഡിയിലെ ജെനിം രാജാദാസിന്റെ വീട്ടില്‍കയറി മോഷണംനടത്തിയ പെരിയകാഞ്ചി പെരുമാള്‍ നായിക്കന് തെരുവിലെ ഉമറാണ് പിടിയിലായത്.
കഴിഞ്ഞദിവസമാണ് നാടകീയസംഭവം അരങ്ങേറിയത്. ഇറച്ചിവാങ്ങാന്‍ ഭാര്യ വിദ്യയുമൊത്ത് തൊട്ടടുത്തുള്ള കടയില്‍പ്പോയ സമയത്താണ് ജെനിം രാജാദാസിന്റെ വീട്ടില്‍ കള്ളന്‍കയറിയത്.
വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വാതിലും അലമാരയും തുറന്നുകിടക്കുന്നതുകണ്ടു. നാലുപവന്റെ സ്വര്‍ണമാല മോഷണംപോയതായും മനസ്സിലായി. പോലീസില്‍ പരാതിപ്പെടാനായി രാജാദാസ് ഉടന്‍തന്നെ ബൈക്കില്‍ പുറപ്പെട്ടു. പാതിവഴിയിലെത്തിയപ്പോള്‍ അപരിചിതന് ലിഫ്റ്റ് ചോദിച്ച് കൈകാണിച്ചു. രാജാദാസ് അയാളെ ബൈക്കിന്റെ പിന്നില്‍ കയറ്റി.
സഹയാത്രികന്റെ അരയില്‍ പലവലുപ്പത്തിലുള്ള താക്കോലുകള്‍ തൂങ്ങിക്കിടക്കുന്നതുകണ്ടപ്പോള്‍ രാജാദാസിന് സംശയമായി. വണ്ടിനിര്‍ത്തി ചോദ്യംചെയ്യുന്നതിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. രാജാദാസിന്റെ വീട്ടില്‍ മോഷണംനടത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.
Content Highlights: thief hitches ride from man whose house he robbed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..