ശെൽവകുമാർ
തൃശ്ശൂര്‍: പോലീസിന് വെറുതേ തോന്നിയ സംശയത്തിന് പിറകെപോയപ്പോള്‍ മോഷ്ടാവ് പിടിയില്‍. വീണുകിട്ടിയ ക്ലോക്ക് റൂം ടിക്കറ്റ് ഉപയോഗിച്ച് ഗുരുവായൂരിലെത്തിയ തീര്‍ഥാടകരുടെ മൊബൈലുകളും വസ്ത്രങ്ങളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച നാഗര്‍കോവില്‍ സ്വദേശി ശെല്‍വകുമാര്‍ ആണ് പിടിയിലായത്. ഗുരുവായൂരില്‍ നടത്തിയ മോഷണത്തിലൂടെ കിട്ടിയ ബാഗുകളുമായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോഴേ പോലീസിന്റെ സംശയം ഇയാളെ കുരുക്കിട്ടു.
തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപം ചുറ്റിത്തിരിയുന്ന ആളെക്കണ്ട് അവിടെ ഡ്യൂട്ടിക്കുണ്ടായിരുന്ന ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പി. ടോണി വര്‍ഗീസ് കാര്യം തിരക്കുകയായിരുന്നു.
ജോലിക്കുവേണ്ടിയാണ് തൃശ്ശൂരിലെത്തിയതെന്നും ജോലിയൊന്നും ലഭിച്ചില്ലെന്നും അയാള്‍ പറഞ്ഞു. ടിക്കറ്റ് ചോദിച്ചപ്പോള്‍ പഴയ ടിക്കറ്റ് നല്‍കിയത് സംശയം കൂട്ടി. ബാഗിലെന്തെന്ന് പരിശോധിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഇയാള്‍ ഓടി. തുടര്‍ന്ന് വയര്‍ലെസ് വഴി മറ്റു പോലീസുകാര്‍ക്ക് വിവരം കൈമാറി. ഇതുവഴിവന്ന ഈസ്റ്റ് എസ്.ഐ. സുമേഷും സംഘവും ഇയാളെ പിടികൂടി.
ബാഗ് പരിശോധിച്ചപ്പോള്‍ വസ്ത്രങ്ങളും അഞ്ച് മൊബൈല്‍ ഫോണുകളും കണ്ടു. ഫോണ്‍ എല്ലാം ഓഫ് ആയിരുന്നു. മൊബൈല്‍ ഫോണുകള്‍ ഓണ്‍ ചെയ്തപ്പോള്‍ അതിലേക്ക് തുരുതുരാ വിളികളെത്തി. വസ്ത്രങ്ങളും ഫോണും നഷ്ടപ്പെട്ടവരുടെ വിളികളായിരുന്നു ഇത്. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി ബാഗുകള്‍ ഏറ്റുവാങ്ങി.
ഗുരുവായൂരില്‍ അലഞ്ഞുതിരിഞ്ഞുനടക്കുമ്പോഴാണ് ശെല്‍വകുമാറിന് ക്ലോക്ക് റൂം ടിക്കറ്റ് വീണുകിട്ടുന്നത്. ഉടനെ ക്ലോക്ക് റൂമിലെത്തി ടിക്കറ്റ് നല്‍കി. ക്ലോക്ക് റൂമിലുള്ളവര്‍ അഞ്ച് ചെരിപ്പുകളും രണ്ട് ബാഗുകളും ആളറിയാതെ ഇയാള്‍ക്ക് കൈമാറുകയായിരുന്നു. ചെരിപ്പുകള്‍ ഉപേക്ഷിച്ച് ബാഗുകളുമായി ശെല്‍വകുമാര്‍ തൃശ്ശൂരിലേക്ക് വണ്ടികയറി. ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ക്ലോക്ക് റൂം ടിക്കറ്റ് നഷ്ടപ്പെട്ട വിവരം തീര്‍ത്ഥാടകര്‍ അറിയുന്നത്.
Content Highlights: thief arrested in thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..