തൃപ്പാളൂരിലെ കൊറിയർ സ്ഥാപനങ്ങളിൽ മോഷണം നടത്തിയവരുടേതെന്ന് കരുതുന്ന സി.സി.ടി.വി. ദൃശ്യം, മോഷണം നടന്ന തൃപ്പാളൂരിലെ കൊറിയർ സ്ഥാപനങ്ങളിൽ പോലീസ് ഫോറൻസിക് സംഘം പരിശോധന നടത്തുന്നു
ആലത്തൂർ: തൃപ്പാളൂരിലെ രണ്ട് കൊറിയർ സ്ഥാപനങ്ങൾ കുത്തിത്തുറന്ന് 2.50 ലക്ഷം രൂപ കവർന്നു. ഞായറാഴ്ചരാത്രി പന്ത്രണ്ടിനും ഒന്നമേുക്കാലിനും ഇടയിലായിരുന്നു സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് വിവരം പുറത്തറിയുന്നത്. തൃപ്പാളൂർ ദേശീയപാതയിലെ മേൽ നടപ്പാലത്തിന് സമീപം പ്രവർത്തിക്കുന്ന ഗോലൈൻ നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ്, ഇകോം എക്സ്പ്രസ് എന്നിവയുടെ ശാഖകളിലാണ് മോഷണം നടന്നത്. ഓൺലൈൻ വിൽപ്പന ശാലകളുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വിതരണംചെയ്യുന്ന സ്ഥാപനങ്ങളാണിവ.
ഗോലൈനിൻനിന്ന് 1.91 ലക്ഷം രൂപയും ഇകോമിൽനിന്ന് 79,000 രൂപയുമാണ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചു. ഗോലൈനിൽ പണം അടങ്ങിയ ലോക്കർ അലമാരയ്ക്കുള്ളിൽ പൂട്ടിവെച്ചിരിക്കയായിരുന്നു. അലമാര കുത്തിത്തുറന്നെങ്കിലും ലോക്കർതുറക്കാൻ കഴിയാതിരുന്നതിനാൽ എടുത്തുകൊണ്ടുപോയി. ഇകോമിൽ പണം സൂക്ഷിച്ചിരുന്ന അലമാര കുത്തിത്തുറക്കുകയായിരുന്നു.
സി.സി.ടി.വി.യിലുണ്ട് എല്ലാം
ഞായറാഴ്ച രാത്രി 12-ന് ശേഷം പാന്റ്സും കോട്ടും മുഖാവരണവും തൊപ്പിയും ധരിച്ച് രണ്ടുപേർ സ്ഥാപനങ്ങളിലേക്ക് വരുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഗോലൈനിലെ സി.സി.ടി.വി.യുടെ റിക്കോർഡർ മോഷ്ടാക്കൾ എടുത്തുമാറ്റിയ നിലയിലാണ്. ഇത് വീണ്ടെടുക്കാനായില്ല. ഇകോമിലെ സി.സി.ടി.വി.യിൽ ഇവർ അലമാര കുത്തിത്തുറന്ന് പണം കവരുന്ന ദൃശ്യമുണ്ട്.
തിങ്കളാഴ്ച പുലർച്ചെ അഞ്ചിന് ഗോലൈനിൽ സാധനങ്ങൾ ഇറക്കാൻ ലോറിവന്നെങ്കിലും ഡ്രൈവർ മോഷണവിവരം അറിഞ്ഞില്ല. ഷട്ടർ പതിവുപോലെ താഴ്ത്തി ഇട്ടിരുന്നു. ആറ്ുമണിക്ക് ജീവനക്കാർ എത്തിയപ്പോഴാണ് പൂട്ട് പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. സമീപത്തെ ഇകോമിന്റെ പൂട്ടും പൊളിച്ചിട്ടിരുന്നു. ഗോലൈൻ മാനേജർ എ. അനസ്, ഇകോം മാനേജർ എ. നൗഫൽ എന്നിവർ പോലീസിൽ വിവരമറിയിച്ചു.
ആലത്തൂർ സി.ഐ. ജെ. മാത്യു, എസ്.ഐ. എം.ആർ. ആരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. പോലീസ് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ബിവറേജസ് മദ്യവില്പന ശാലയ്ക്കും പെട്രോൾ പമ്പിനും സമീപത്താണ് മോഷണംനടന്ന സ്ഥാപനങ്ങൾ. ഇവിടയൊന്നും രാത്രികാലസുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല.
മോഷ്ടാക്കളെത്തിയത് പുഴയുടെ ഭാഗത്തുനിന്ന്
സമീപത്തെ ഗായത്രിപ്പുഴയുടെ വശത്തുനിന്നാണ് മോഷ്ടാക്കൾ വന്നത്. വന്നതും പോയതും വാഹനത്തിലായിരിക്കാമെങ്കിലും ഇതുസംബന്ധിച്ച് സൂചനയില്ലെന്ന് പോലീസ് പറഞ്ഞു. തൃപ്പാളൂർപ്രദേശത്തെ മറ്റ് സ്ഥാപനങ്ങളുടെ സി.സി.ടി.വി. പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്ന് പോലീസ് പറഞ്ഞു. ഇലക്ട്രോണിക്സ് സാധനങ്ങൾ അടക്കം വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലാണ് മോഷണംനടന്നത്. സ്റ്റോക്ക് പരിശോധിച്ചാലേ കൂടുതലെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാകൂ. സംസ്ഥാനാന്തര പ്രൊഫഷണൽ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..