മുൻമന്ത്രിയും ആർ.എസ്.പി. നേതാവുമായ ഷിബു ബേബിജോണിന്റെ കുടുംബവീട്ടിൽനിന്ന് 53 പവൻ മോഷ്ടിച്ച കേസിലെ പ്രതി കന്യാകുമാരി സ്വദേശി രാസാത്തി രമേശിനെ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ
കൊല്ലം: മുന്‍മന്ത്രി ഷിബു ബേബിജോണിന്റെ കുടുംബ വീട്ടില്‍നിന്ന് 53 പവന് കവര്‍ന്ന കേസില്‍ അറസ്റ്റിലായ കന്യാകുമാരി സ്വദേശി രാസാത്തി രമേഷിനെ മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു.ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെയാണ് അസിസ്റ്റന്റ് കമ്മിഷണര്‍ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുമായെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കാണ് പോലീസ് പ്രതിയെ കൊല്ലത്ത് എത്തിച്ചത്. വൈകീട്ട് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ മതില് ചാടിക്കടന്ന് വീട്ടിലെത്തിയതും വാതില്‍ കുത്തിപ്പൊളിച്ചതും സ്വര്‍ണം കവര്ന്നതുമെല്ലാം രമേഷ് പോലീസിനോട് വിവരിച്ചു.
ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് കവര്‍ച്ചയ്ക്കായി വീട് തിരഞ്ഞെടുത്തത്. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ തലയണയില്‍ പാറക്കഷണങ്ങള്‍ പൊതിഞ്ഞാണ് പൂട്ടു തകര്‍ത്തത്.
മോഷ്ടിച്ച സ്വര്‍ണവുമായി പുറത്തിറങ്ങിയ രമേഷ് വരാന്തയില്‍ കിടന്നുറങ്ങിയശേഷമാണ് പുലര്‍ച്ചെ ഗേറ്റ് ചാടിക്കടന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോയത്.
മോഷ്ടിച്ച സ്വര്‍ണം നാഗര്‍കോവിലിലെ സ്വര്‍ണക്കടയില്‍ വില്‍ക്കാനെത്തിയപ്പോള്‍ കടയുടമയ്ക്ക് സംശയം തോന്നി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ പോലീസ് കണ്ടെടുത്തു. നാഗര്‍കോവില്‍ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തശേഷം കൊല്ലം സിറ്റി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈസ്റ്റ് ഇന്‍സ്പെക്ടര്‍ ആര്.രതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാഗര്‍കോവിലിലെത്തി പ്രതിയെ ഏറ്റുവാങ്ങിയത്. തെളിവെടുപ്പിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു.
Content Highlights: theft in former minister shibu baby john home kollam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..