പിടിയിലായ അബ്ദുൾസലാം | Photo: Special Arrangement/Mathrubhumi
കൊച്ചി: റെയില്‍വേ സ്റ്റേഷനില്‍വച്ചു മറന്ന ബാഗ് കവര്‍ന്നയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. ചൊവ്വാഴ്ച പുലര്‍ച്ചെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് ബാഗ് കവര്‍ന്ന എടപ്പാള്‍ സ്വദേശി അബ്ദുള്‍ സലാമിനെയാണ് ആര്.പി.എഫ്. ഉച്ചയ്ക്കു മുമ്പേ അങ്കമാലിയില്‍നിന്ന് പിടികൂടിയത്.
സിസിടിവി ദൃശ്യങ്ങളില്‍നിന്നും കവര്‍ച്ചക്കാരനെ തിരിച്ചറിഞ്ഞതാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ സഹായമായതെന്ന് ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. അഞ്ചു പവന്റെ സ്വര്‍ണാഭരണങ്ങളും ബാഗില്‍ ഉണ്ടായിരുന്നു.
രാവിലെ ട്രെയിന്‍ കയറാനെത്തിയ ദമ്പതിമാര്‍ നോര്‍ത്ത് സ്റ്റേഷനില്‍വച്ച് സ്വര്‍ണമടങ്ങിയ ബാഗ് എടുക്കാന്‍ മറന്നു. ട്രെയിന്‍ വിട്ട ശേഷമാണ് ഇവര്‍ ബാഗ് എടുത്തിട്ടില്ലെന്ന കാര്യം തിരിച്ചറിഞ്ഞത്. ഡ്രൈവറെ വിളിച്ച് ബാഗെടുക്കാന്‍ വിട്ടെങ്കിലും ബാഗ് ബെഞ്ചില്‍ ഉണ്ടായിരുന്നില്ല. ഉടനേതന്നെ റെയില്‍വേ പോലീസില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സിസിടിവിയില്‍ നിന്നും പച്ച ഷര്‍ട്ടും തൊപ്പിയും ധരിച്ചയാള്‍ ബാഗ് എടുക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. ഉടനേതന്നെ ഫോട്ടോ മറ്റു സ്റ്റേഷനുകളിലേക്ക് കൈമാറി. ഫോട്ടോ കണ്ട് ആളെ തിരിച്ചറിഞ്ഞ ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ അങ്കമാലി സ്റ്റേഷനില്‍ നിന്നും മോഷ്ടാവിനെ പിടികൂടുകയായിരുന്നു. സ്വര്‍ണാഭരണങ്ങളും ബാഗും പ്രതിയുടെ പക്കല്‍നിന്നും കണ്ടെടുക്കുകയും ചെയ്തു. ഇയാളെ എറണാകുളത്തെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..