മരിച്ച അഞ്ജലി(ഇടത്ത്) അഞ്ജലിയുടെ സുഹൃത്ത് നിധി(വലത്ത്) | Photo: ANI
ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ കാറിടിച്ച് കൊല്ലപ്പെട്ട യുവതിയുടെ വീട്ടില്‍ മോഷണം. മരിച്ച അഞ്ജലി സിങ്ങിന്റെ കരണ്‍ വിഹാറിലെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. ടി.വി. അടക്കമുള്ള സാധനങ്ങള്‍ വീട്ടില്‍നിന്ന് മോഷണം പോയെന്നും സംഭവത്തിന് പിന്നില്‍ അഞ്ജലിയുടെ സുഹൃത്ത് നിധിക്ക് പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
തിങ്കളാഴ്ച രാവിലെ 7.30-ഓടെ അയല്‍ക്കാരാണ് തങ്ങളെ വിവരം അറിയിച്ചതെന്നും ഇവിടെ എത്തി പരിശോധിച്ചപ്പോള്‍ വീടിന്റെ പൂട്ട് പൊളിച്ചനിലയിലാണ് കണ്ടതെന്നും അഞ്ജലിയുടെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുമാസം മുമ്പ് വാങ്ങിയ എല്‍.സി.ഡി. ടി.വി. ഉള്‍പ്പെടെയുള്ളവ കട്ടിലിനടിയിലാണ് സൂക്ഷിച്ചിരുന്നത്. അതല്ലൊം മോഷണം പോയതായും സഹോദരി പറഞ്ഞു.
അതേസമയം, കവര്‍ച്ചയ്ക്ക് പിന്നില്‍ അഞ്ജലിയുടെ സുഹൃത്ത് നിധിയാണെന്നായിരുന്നു മറ്റൊരു ബന്ധുവിന്റെ പ്രതികരണം. കഴിഞ്ഞ എട്ടുദിവസവും വീടിന് പോലീസ് കാവലുണ്ടായിരുന്നുവെന്നും എന്തുകൊണ്ടാണ് കഴിഞ്ഞദിവസം പോലീസ് കാവല്‍ ഏര്‍പ്പെടുത്താതിരുന്നതെന്നും ബന്ധുക്കള്‍ ചോദിച്ചു.
പുതുവത്സരദിനത്തിലാണ് ഡല്‍ഹി സുല്ത്താന്പുരിയില്വെച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ അഞ്ജലി കാറിടിച്ച് മരിച്ചത്. ഇടിച്ചിട്ടതിന് പിന്നാലെ കാറിനടിയില്‍ കുരുങ്ങിയ അഞ്ജലിയെ കിലോമീറ്ററുകളോളം റോഡിലൂടെ വലിച്ചിഴച്ചിരുന്നു. പിന്നീട് വിവസ്ത്രയായ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
അഞ്ജലിയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകളുണ്ടായിരുന്നു. എന്നാല്‍ യുവതി പീഡനത്തിനിരയായിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. അതിനിടെ, അഞ്ജലിക്കൊപ്പം നിധി എന്ന സുഹൃത്തുണ്ടായിരുന്നതായും അപകടത്തിന് പിന്നാലെ ഈ യുവതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായി. അഞ്ജലി മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും ഭയം കാരണമാണ് താന്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതെന്നും നിധി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ നിധിയുടെ ആരോപണങ്ങളെല്ലാം അഞ്ജലിയുടെ കുടുംബം തള്ളിക്കളയുകയും ചെയ്തു.
അഞ്ജലിയുടെ മരണത്തില്‍ കാര്‍ യാത്രികരായ അഞ്ചുപേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇവരെല്ലാം പോലീസിന്റെ കസ്റ്റഡിയിലാണ്.
Content Highlights: theft in delhi sultanpuri accident victim anjali singh home
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..