ഉഷ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം മടങ്ങുന്നു
കൊച്ചി: ചികിത്സയ്ക്കുള്ള പണവുമായി ബസില്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ രോഗിയുടെ ബാഗില്‍നിന്ന് പണവും സ്വര്‍ണാഭരണവും കവര്‍ന്നു. വൈറ്റില വലിയപറമ്പില്‍ ഉഷയുടെ ബാഗിലുണ്ടായിരുന്ന 45,000 രൂപയും രണ്ടുപവന്റെ വളയുമാണ് തട്ടിയെടുത്തത്.
നെട്ടൂരിലെ സ്വന്തം വീട്ടിലായിരുന്ന ഉഷ അവിടെനിന്ന് സ്വകാര്യബസിലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. എറണാകുളത്ത് ബസ്സിറങ്ങി നോക്കിയപ്പോള്‍ ബാഗിന്റെ സിബ്ബ് തുറന്നുകിടക്കുന്നതായി കണ്ടു. അതിനകത്ത് വച്ചിരുന്ന പണവും സ്വര്‍ണവളയും മറ്റു രേഖകളും നഷ്ടമായി.
കരളിന് ഗുരുതര രോഗം ബാധിച്ച ഉഷയ്ക്ക് ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം സ്വരൂപിച്ച് നല്‍കിയത് നാട്ടുകാരാണ്. ഇവരുടെ മുഖത്ത് കണ്ട മുഴ നീക്കംചെയ്യുന്നതിന് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിനുള്ള പണവുമായി ആശുപത്രിയിലേക്ക് പോകുമ്പോഴാണ് സംഭവം.
ഉഷ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വൈറ്റിലയില്‍ ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഉഷ താമസിക്കുന്നത്. ഭര്‍ത്താവ് അഞ്ചുവര്‍ഷം മുമ്പ് മരിച്ചു. രണ്ട് മക്കളുണ്ട്.
നാട്ടുകാര്‍ സമാഹരിച്ചുനല്കിയ തുക ശസ്ത്രക്രിയയ്ക്ക് തികയാതെ വന്നാല്‍ പണയം വയ്ക്കാനാണ് ആകെയുണ്ടായിരുന്ന രണ്ടുപവന്റെ വള ബാഗില്‍ കരുതിയത്. പണവും ആഭരണവും നഷ്ടപ്പെട്ടതിനാല്‍ ആശുപത്രിയിലേക്ക് പോകാതെ ഉഷ വീട്ടിലേക്ക് മടങ്ങി. ഇനി ചികിത്സ തുടരാനാകാത്ത സ്ഥിതിയാണ്.
''ആരും ആരെയും ഇങ്ങനെ ദ്രോഹിക്കരുതേ...'' -കണ്ണീരോടെയാണ് ഉഷ പോലീസ് സ്റ്റേഷന്റെ പടിയിറങ്ങിയത്.
Content Highlights: theft in bus in kochi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..