സിസിടിവി ദൃശ്യങ്ങളിൽനിന്ന് | Screengrab: Mathrubhumi News
ആലപ്പുഴ: ക്ഷേത്രത്തിലെത്തി തൊഴുത് നേര്‍ച്ചയിട്ടശേഷം യുവതി അതേ കാണിക്കവഞ്ചി തന്നെ മോഷ്ടിച്ചു. ആലപ്പുഴ തകഴി കുന്നുമ്മയിലെ ആക്കള ശ്രീഭഗവതി ക്ഷേത്രത്തില്‍നിന്നാണ് യുവതി കാണിക്കവഞ്ചികള്‍ കവര്‍ന്നത്.
യുവാവിനൊപ്പം ബൈക്കില്‍ ക്ഷേത്രത്തിലെത്തിയ യുവതി കാണിക്കവഞ്ചികള്‍ മോഷ്ടിച്ചശേഷം അതേ ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു. ഇരുവരും ക്ഷേത്രത്തിന് സമീപം എത്തുന്നതും മോഷണം നടത്തി മടങ്ങുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
നമ്പര്‍പ്ലേറ്റില്ലാത്ത ബൈക്കിലാണ് യുവതിയും യുവാവും ക്ഷേത്രത്തിന് സമീപമെത്തിയത്. തുടര്‍ന്ന് വലിയ ബാഗും കൈയിലൊരു ബിഗ് ഷോപ്പറുമായി യുവതി മാത്രം ക്ഷേത്രത്തിനുള്ളിലേക്ക് പോയി. ഈസമയം യുവാവ് ബൈക്കില്‍ തന്നെ ഇരിക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ യുവതി ആദ്യം തൊഴുതശേഷം കാണിക്കവഞ്ചിയില്‍ നേര്‍ച്ചയിട്ടു. തുടര്‍ന്ന് പരിസരമെല്ലാം നിരീക്ഷിച്ചശേഷമാണ് കാണിക്കവഞ്ചിയെടുത്ത് ബിഗ്‌ഷോപ്പറിലിട്ടത്. തൊട്ടുപിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റൊരു കാണിക്കവഞ്ചിയും ഇതേരീതിയില്‍ കവര്‍ന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ബിഗ്‌ഷോപ്പറുമായി പുറത്തെത്തിയ യുവതി, യുവാവിനൊപ്പം ബൈക്കില്‍ കയറി കടന്നുകളയുകയായിരുന്നു.
മോഷണംപോയ കാണിക്കവഞ്ചികള്‍ പിന്നീട് സമീപത്തെ വയലില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ പണമൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.
നിത്യപൂജയില്ലാത്തതിനാല്‍ സംഭവസമയത്ത് ക്ഷേത്രത്തില്‍ ആരും ഉണ്ടായിരുന്നില്ല. നേരത്തെ രണ്ടുതവണ ക്ഷേത്രത്തിലെ കാണിക്കവഞ്ചികള്‍ മോഷണംപോയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ക്ഷേത്രഭാരവാഹികള്‍ സിസിടിവി ക്യാമറകളടക്കം സ്ഥാപിച്ചത്.
Content Highlights: theft in a temple in thakazhi alappuzha cctv video
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..