കവർച്ച നടന്ന വീട്ടിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നു
തിരുവനന്തപുരം: അരുവിക്കരയില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് 32 പവന് സ്വര്‍ണവും 8.65 ലക്ഷം രൂപയും കവര്‍ന്നു. ചെറിയ കോണി കാവുനടയിലെ പ്രധാന റോഡിനോട് ചേര്‍ന്ന് താമസിക്കുന്ന ജയ്ഹിന്ദ് ടിവി ടെക്നിക്കല്‍ വിഭാഗം ജീവനക്കാരന് മുരുകന്റെ വീട്ടിലാണ് പട്ടാപ്പകല്‍ കവര്‍ച്ച നടന്നത്. മുരുകനും ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ റിസര്‍ച്ച് ഓഫീസറായ ഭാര്യ പി.ആര്. രാജിയും ജോലിക്ക് പോയ സമയത്തായിരുന്നു മോഷണം.
വീടിന്റെ പ്രധാന വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് കവര്‍ന്നത്. അടുത്തിടെ ഭാര്യയുടെ പേരിലുള്ള വസ്തു വിറ്റതിന്റെ അഡ്വാന്‍സ് തുകയായ എട്ടുലക്ഷം രൂപയും ഇവരുടെ സ്വര്‍ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെ രണ്ടുപേര്‍ സഞ്ചിയുമായി വീടിന്റെ മതില് ചാടി കാറില്‍ കയറി പോകുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടിരുന്നു. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ മുരുകനും ഭാര്യയും ജോലിസ്ഥലത്തുനിന്ന് എത്തി പരിശോധിച്ചതോടെയാണ് വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയതാണെന്ന് വ്യക്തമായത്. അരുവിക്കര പോലീസും ഡോഗ് സ്ക്വാഡും ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: theft in a home in aruvikkara thiruvananthapuram
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..