അനസ്
കോഴിക്കോട്: രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞുനോക്കുകയും മോഷണം നടത്തുകയും ചെയ്യുന്ന കുപ്രസിദ്ധ മോഷ്ടാവ് കൊടശ്ശേരിപറമ്പ് സ്വദേശി ഹ്യൂണ്ടായ് അനസ് എന്ന അനസ് പോലീസിന്റെ പിടിയില്‍. കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും എലത്തൂര്‍ പോലീസും ചേര്‍ന്നാണ് കൂടത്തുംപൊയിലിലെ വാടകവീട്ടില്‍ രഹസ്യമായി താമസിച്ചിരുന്ന അനസിനെ പിടികൂടിയത്. ഇരുട്ടിന്റെ മറവില്‍ വീടുകളില്‍ കയറി സ്ത്രീകളുടെയും കുട്ടികളുടെയും ദേഹത്തുനിന്ന് ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതായിരുന്നു ഇയാളുടെ രീതി. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആമോസ് മാമ്മന്റെ നിര്‍ദേശപ്രകാരം സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് അനസിനെ പിടികൂടാനായത്. ഇതോടെ കഴിഞ്ഞ ഒരുവര്‍ഷമായി അന്വേഷണം നടത്തിവരുന്ന കേസുകളുടക്കം നിരവധി മോഷണക്കേസുകള്‍ക്ക് തുമ്പുണ്ടായി.
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്ത് ആഭരണങ്ങള്‍ കവര്‍ന്ന് കുഞ്ഞിനെ വീടിന്റെ ടെറസില്‍ ഉപേക്ഷിച്ച കേസില്‍ ജയിലിലായിരുന്ന പ്രതി കഴിഞ്ഞ ആഴ്ച എലത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മോഷണം നടത്തിയതോടെ സിറ്റി ക്രൈം സ്ക്വാഡിന്റെ പിടിയിലാകുകയായിരുന്നു. ഇയാള്‍ക്കെതിരെ കോഴിക്കോട് ടൗണ്‍, പന്നിയങ്കര,നല്ലളം, മെഡിക്കല്‍ കോളേജ്, കുന്നമംഗലം, പന്തീരാങ്കാവ് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. പല കേസുകളിലും വിചാരണ നടന്നുകൊണ്ടിരിക്കുകയുമാണ്. നല്ലളം പോലീസ് സ്റ്റേഷന് പരിധിയില്‍ ഒളവണ്ണയില്‍ തൊട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ ബ്രേസ്ലെറ്റ് മോഷ്ടിച്ചതുള്‍പ്പെടെ പന്തീരാങ്കാവ്, മാവൂര്‍,എലത്തൂര്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ അന്വേഷണം നടക്കുന്ന കേസുകളിലും പ്രതി കുറ്റസമ്മതം നടത്തി.
വര്‍ഷങ്ങളായി രാത്രി സമയത്ത് ഇറങ്ങി നടന്ന് വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന ശീലമാണ് മോഷണത്തിലേക്ക് തിരിഞ്ഞത്. മോഷ്ടിച്ച സ്വര്‍ണ്ണവും പണവും മയക്കുമരുന്ന് ഉപയോഗത്തിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് ഉപയോഗിച്ചിരുന്നത്. ആഭരണങ്ങള്‍ കവര്‍ന്നെടുക്കുന്നതോടൊപ്പം പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിനായി മൊബൈല്‍ ഫോണും മോഷ്ടിക്കുന്ന പ്രതി ഫോണ്‍ വഴിയിലുപേക്ഷിക്കുകയും ദീര്‍ഘദൂര വാഹനങ്ങളില്‍ ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്യാറുണ്ട്. പോലീസ് പിടിക്കാതിരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. പിന്നീട് കക്കോടി കൂടത്തുംപൊയിലില്‍ വാടകയ്ക്ക് വീടെടുത്ത് രഹസ്യമായി താമസം ആരംഭിച്ചു. പകല്‍സമയത്ത് പുറത്തിറങ്ങാതെ രാത്രി ഇരുട്ടിന്റെ മറവില്‍ മാത്രം പുറത്തിറങ്ങുന്നതിനാല്‍ ഇയാളെക്കുറിച്ച് അയല്‍വാസികള്‍ക്ക് പോലും അറിവുണ്ടായിരുന്നില്ല. ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യങ്ങളുടെ ചുരുളഴിഞ്ഞത്.
എലത്തൂര്‍ ഇന്‍സ്പെക്ടര്‍ സായൂജ് കുമാര്‍, എസ്ഐ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡന്‍സാഫ് അസിസ്റ്റന്റ് എസ്ഐമാരായ മനോജ് എടയേടത്ത്, കെ.അഖിലേഷ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാര്‍, സി.കെ സുജിത്ത്,ഷാഫി പറമ്പത്ത്, എലത്തൂര്‍ സിപിഒ അബ്ദുല്‍ സമദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..