പ്രതി ഡോയൽ പോലീസ് സ്റ്റേഷനിൽ
കൊച്ചി: തിങ്കളാഴ്ച രാത്രി കളമശ്ശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിച്ച പ്രതി ഡോയൽ നേരത്തേ നിരീക്ഷണത്തിൽ ഉള്ളയാളാണെന്ന് പോലീസ്. ഒരു വർഷം മുമ്പ് മദ്യലഹരിയിൽ ആത്മഹത്യക്ക് ശ്രമിച്ചയാളാണ് പ്രതിയെന്നും സ്ഥിരം മദ്യപാനിയാണ് ഇയാളെന്നും കളമശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ആർ.സന്തോഷ് പറഞ്ഞു. ഇയാർക്കെതിരേ ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട്, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം ഏൽപിക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
മുഖത്ത് ഉൾപ്പെടെ പരിക്കുകളുമായാണ് ഡോയലിനെ ബന്ധുക്കൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നു. മൈനർ ഒ.ടി.യിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ഇയാൾ അസഭ്യം പറയാനും ഭീഷണിപ്പെടുത്താനും തുടങ്ങുകയായിരുന്നെന്ന് ആക്രമണത്തിനിരയായ ഡോക്ടർ ഇർഫാൻ പറഞ്ഞു.
'മറ്റു രോഗികളെ നോക്കുന്ന സമയത്ത് ഒരു പ്രകോപനവുമില്ലാതെയാണ് പ്രതി ഞങ്ങളുടെ നേരെ വന്നത്. ആദ്യം ഞങ്ങൾ അവിടെനിന്ന് മാറിപ്പോയി. എന്നാൽ, പിന്നീടും പുറകേവന്ന് അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തു. നിന്റെ മുഖം എനിക്ക് ഓർമയുണ്ട്, നിന്നെ കൊന്നുകളയും. നീ വെറും ഡോക്ടറാണ്', എന്നൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു ജീവനക്കാരും മറ്റു രോഗികളുടെ കൂടെവന്നവരുമൊക്കെ അദ്ദേഹത്തെ മാറ്റാൻ ശ്രമിച്ചു. ആ സമയത്താണ് അദ്ദേഹം എന്നെ മർദിച്ചത്.'
'അതിനു ശേഷം അദ്ദേഹത്തെ വെളിയിലേക്ക് കൊണ്ടുപോയി. ആ സമയത്ത് ആശുപത്രിയിലെ വനിതാ ജീവനക്കാരോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. അവർ ഓട്ടോയിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും അവിടെ ഉണ്ടായിരുന്നവർ അത് തടഞ്ഞു. ആശുപത്രി എയ്ഡ് പോസ്റ്റിലെ പോലീസുകാരനും സംഭവം നടക്കുമ്പോൾ പിടിച്ചുമാറ്റാനെത്തിയിരുന്നു. പിന്നീട് പോലീസെത്തി പ്രതിയെ കൊണ്ടുപോവുകയായിരുന്നു', ഡോ. ഇർഫാൻ വ്യക്തമാക്കി.
Content Highlights: the man who attacked a doctor in Kalamassery was under police surveillance


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..