ഡെന്‍സിയുടേത് കൊലപാതകമോ...;മൃതദേഹം ഇന്ന് രാവിലെ പുറത്തെടുക്കും; സംസ്‌കരിച്ചിട്ട് രണ്ടുവര്‍ഷം


ഡെൻസി

നിലമ്പൂര്‍: പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയായ യുവതിയുടെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുത്ത് വീണ്ടും പരിശോധിക്കും. കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനൊപ്പമാണ് ഡെന്‍സി എന്ന യുവതി അബുദാബിയില്‍ കൊല്ലപ്പെട്ടത്. യുവതിയുടെ മൃതദേഹം ചാലക്കുടി സെയ്ന്റ് ജോസഫ് പള്ളിയിലാണ് സംസ്‌കരിച്ചത്. തഹസില്‍ദാരുടെ മേല്‍നോട്ടത്തിലാണ് രാവിലെ ഒമ്പതിന് മൃതദേഹം പുറത്തെടുക്കുക. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഫൊറന്‍സിക് മേധാവിയുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലെ ശാസ്ത്രീയ കുറ്റാന്വേഷണവിഭാഗവും തെളിവെടുപ്പ് നടത്തും. മൃതദേഹം സംസ്‌കരിച്ചിട്ട് രണ്ടു വര്‍ഷമായെങ്കിലും പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് നിഗമനം. 2020 മാര്‍ച്ച് അഞ്ചിനാണ് ഷൈബിന്‍ അഷ്‌റഫിന്റെ ബിസിനസ് പങ്കാളി കുന്ദമംഗലം സ്വദേശി ഹാരിസിനെയും ഇയാളുടെ മാനേജര്‍ ഡെന്‍സിയെയും അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.വാഹനാപകടത്തില്‍ മരണപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ക്ക് ആദ്യം വിവരം ലഭിച്ചത്. പിന്നീട് ഹൃദയാഘാതമാണെന്നും വിവരം ലഭിച്ചു.

ഷാബാ ഷെരീഫ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതോടെയാണ് ഹാരിസും ഡെന്‍സിയും കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലെത്തിയത്. ഷൈബിന്‍ അഷ്‌റഫാണ് ഇരട്ട കൊലപാതകത്തിന്റെ സൂത്രധാരനെന്ന് കൂട്ടുപ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും റീ പോസ്റ്റ്‌മോര്‍ട്ടവും നടക്കുന്നത്.

ഹാരിസിന്റെ മൃതദേഹം ഈ മാസം പത്തിന് പോസ്റ്റ്‌മോര്‍ട്ടം നടത്തി സാമ്പിള്‍ രാസപരിശോധനക്കയച്ചിട്ടുമുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം ഹാരിസ് കൈഞരമ്പ് മുറിച്ച് മരിക്കുകയായിരുന്നുവെന്നാണ് അബുദാബി പോലീസ് കണ്ടെത്തിയത്.

ഇതോടെ കേസ് അന്വേഷണവും അവസാനിപ്പിക്കുകയായിരുന്നു. ലഹരിമരുന്ന് കേസില്‍ പ്രതിയായ ഷൈബിന്‍ അഷ്റഫിന് അബുദാബിയില്‍ പ്രവേശിക്കാന്‍ വിലക്ക് ഉണ്ടായിരുന്നു. തന്നെ ഒറ്റിയത് ഹാരിസ് ആണെന്ന നിഗമനത്തില്‍ ഷൈബിന്‍ ഹാരിസിനെയും ഡെന്‍സിയെയും കൊലപ്പെടുത്താന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നും കൂട്ടുപ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. നിലമ്പൂരിലെ വീട്ടിലിരുന്നാണ് ഷൈബിന്‍ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തതും വിശ്വസ്തരായ സംഘത്തെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ അബുദാബിയില്‍ എത്തിച്ചതും. ഹാരിസിന്റെ ഫ്‌ളാറ്റിന് മുകളില്‍ മറ്റൊരു ഫ്‌ളാറ്റ് ഇവര്‍ക്ക് താമസിക്കാന്‍ നേരത്തെ വാടകയ്ക്ക് എടുത്തിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം ഹാരിസിനെ കൊണ്ട് മരിച്ച യുവതിയുടെ കവിളത്ത് അടിപ്പിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ചെയ്യിപ്പിച്ച് കേസ് വഴിതിരിച്ചുവിടാനും ഇയാള്‍ ശ്രമിച്ചിരുന്നു. ഈ ദൃശ്യങ്ങളെല്ലാം പ്രത്യേക ആപ്പ് വഴി ഷൈബിന്‍ തത്സമയം മൊബൈലില്‍ കാണുകയായിരുന്നുവെന്നുമാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി.

ഇരട്ട കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹാരിസിന്റെ മാതാവ് ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ ഹര്‍ജിയില്‍ നിലമ്പൂര്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഓണാവധിക്കുശേഷം കോടതി പരിഗണിക്കും. അബുദാബിയില്‍നിന്ന് തെളിവുകള്‍ ലഭ്യമാക്കാന്‍ പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്.


ഒരുക്കങ്ങള്‍ തുടങ്ങി

ചാലക്കുടി: നോര്‍ത്ത് ചാലക്കുടി മാളിയേക്കല്‍ റോസിലിയുടെ മകള്‍ ഡെന്‍സി ആന്റണിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനായി വ്യാഴാഴ്ച രാവിലെ കല്ലറയില്‍നിന്നു പുറത്തെടുക്കും. യു.എ.ഇ.യില്‍ കൊലപ്പെടുത്തിയതായി മൊഴി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. നോര്‍ത്ത് ചാലക്കുടി സെയ്ന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ ഇതിനുള്ള ഒരുക്കങ്ങളായി. കല്ലറയ്ക്കു മുകളില്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്.

ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്. സന്ദീപിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഒരുക്കങ്ങള്‍ വിലയിരുത്തി. നിലമ്പൂര്‍ ഡിവൈ.എസ്.പി. സജു കെ. എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രാവിലെ ചാലക്കുടിയിലെത്തും. സജു കെ. എബ്രഹാമിനാണ് അന്വേഷണച്ചുമതല. ആര്‍.ഡി.ഒ.യെ പ്രതിനിധാനംചെയ്ത് ചാലക്കുടി തഹസില്‍ദാര്‍ ഇ.എന്‍. രാജു സന്നിഹിതനാകും.

2020 മാര്‍ച്ച് അഞ്ചിനാണ് ഡെന്‍സി കൊല്ലപ്പെടുന്നത്. നിലമ്പൂരില്‍ ഒറ്റമൂലി വൈദ്യന്‍ സാബാകരിമിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈദ്ദീന്‍ അഷറഫിന്റെ കൂട്ടാളികളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കൂടുതല്‍ വ്യക്തതയ്ക്കായാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നത്. ഷൈദ്ദീന്‍ അഷറഫിനൊപ്പം ഒറ്റമൂലി വൈദ്യനെ കൊലപ്പെടുത്തിയെന്നും കൂടാതെ അബുദാബിയില്‍ കൊലപാതകം നടത്തിയിട്ടുണ്ടെന്നുമാണ് കൂട്ടാളികള്‍ തിരുവനന്തപുരത്ത് വെളിപ്പെടുത്തിയത്.

പ്രതികളുടെ വെളിപ്പെടുത്തലിനു ശേഷം, ഡെന്‍സിക്കൊപ്പം കൊല്ലപ്പെട്ട കോഴിക്കോട് സ്വദേശി ഹാരിസിന്റെ മാനേജര്‍ അന്‍വറാണ് കൊലപാതകമാണെന്ന് വിളിച്ചറിയിച്ചതെന്ന് ഡെന്‍സിയുടെ അമ്മ മാളിയേക്കല്‍ റോസിലി പറഞ്ഞു.

ഡെന്‍സി ജോലിക്ക് കയറാനിരുന്ന സ്ഥാപനത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട ഹാരിസ്. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നാണ് പോലീസിന്റെ വിശദീകരണം.

Content Highlights: The body of the woman who died in Abu Dhabi will be re-examined today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented