കൊലപാതകം നടന്ന ഹോട്ടലിൽ പോലീസ് പരിശോധന നടത്തുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട അയ്യപ്പൻ, അറസ്റ്റിലായ പ്രതി അജീഷ് | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെയും കൊല്ലപ്പെട്ട അയ്യപ്പന് അടക്കമുള്ള ഹോട്ടല്‍ ജീവനക്കാരുടെയും ഫോണ്‍രേഖകള്‍ പോലീസ് പരിശോധിക്കും. ഇതിനുള്ള നടപടികള്‍ തുടങ്ങി.
പ്രതി അജീഷിന്റെ മുന്‍ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പുണ്ടായ തര്‍ക്കമാണ് കൊലപാതക കാരണമെന്ന അജീഷിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാത്രമല്ല അസ്വാഭാവികമായിട്ടാണ് ഇയാള്‍ പെരുമാറുന്നത്. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായും അവരെ അന്വേഷിച്ച് പോയതായും ഇയാള്‍ പറഞ്ഞിരുന്നു. ഇതും പോലീസ് പരിശോധിച്ചുവരികയാണ്.
അജീഷിന്റെ ഭാര്യ രഞ്ജിനിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഹോട്ടലില്‍ തര്‍ക്കമുണ്ടായെന്ന് പറയുന്ന ഒക്ടോബര്‍ 28-ന് ശേഷം ഒരുതവണ മാത്രമേ അജീഷിനെ കണ്ടിട്ടുള്ളൂവെന്നാണ് ഇവര്‍ പറഞ്ഞത്. അമ്മയും കുട്ടികളും ഒപ്പമുണ്ടെന്ന് പറഞ്ഞാണ് 28-ന് ഓവര്‍ബ്രിഡ്ജിലെ സിറ്റി ടവര്‍ ഹോട്ടലിലേക്ക് അജീഷ് വിളിച്ചത്. എന്നാല്‍, ഇത് കളവാണെന്ന് മനസ്സിലാക്കിയതോടെ ഹോട്ടലില്‍നിന്നു തിരിച്ചുപോവുകയായിരുന്നു.
തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് അജീഷ് നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് പോലീസ് വിളിച്ചപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി കണ്ടതെന്നാണ് രഞ്ജിനിയുടെ മൊഴി. അജീഷിന്റെ അക്രമങ്ങള്‍ സഹിക്കാനാവാതെ വന്നതോടെയാണ് ഇയാളില്‍നിന്നു മാറിത്താമസിക്കാന്‍ തുടങ്ങിയതെന്നും രഞ്ജിനി പറഞ്ഞു. ആ ദിവസം രാത്രി അജീഷ് ഹോട്ടലില്‍ ബഹളമുണ്ടാക്കുകയും മറ്റു മുറികളില്‍ തട്ടിവിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് അയ്യപ്പനടക്കമുള്ള ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമുണ്ടായത്.
വെള്ളിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് അജീഷിനെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷമേ നടക്കുകയുള്ളൂ.
Content Highlights: thampanoor hotel receptionist murder case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..