തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശിയുടെ സംഘമെന്ന് പ്രവാസി യുവാവ്; വീണ്ടും ചോദ്യംചെയ്യാന്‍ പോലീസ്


4 min read
Read later
Print
Share

മുഹമ്മദ് ഷാഫിയെ വടകരയിലെ കോഴിക്കോട് റൂറൽ എസ്.പി. ഓഫീസിൽ എത്തിച്ചപ്പോൾ.

കോഴിക്കോട്: തട്ടിക്കൊണ്ടുപോയത് കൊടുവള്ളി സ്വദേശി സാലിയുടെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പ്രവാസി യുവാവ് മുഹമ്മദ് ഷാഫി. സംഭവത്തില്‍ അന്വേഷണം നടത്തുന്ന പോലീസ് സംഘത്തിന് മുന്നിലും ഇതേ മൊഴിയാണ് ഷാഫി ആവര്‍ത്തിച്ചിരിക്കുന്നത്. ഷാഫിയെ കാണാതായതിന് പിന്നാലെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സാലി രംഗത്തെത്തിയിരുന്നു. നിലവില്‍ ഇയാള്‍ ദുബായിലാണ്. അതേസമയം, ക്വട്ടേഷന്‍സംഘം കഴിഞ്ഞദിവസം മോചിപ്പിച്ച ഷാഫിയെ അന്വേഷണസംഘം ചൊവ്വാഴ്ച വീണ്ടും വിശദമായി ചോദ്യംചെയ്യും.

സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പ്രധാന കാരണമെങ്കിലും ഇതിന് പിന്നില്‍ സ്വര്‍ണക്കടത്ത്, ഹവാലാ ബന്ധമുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. തടവിലായിരിക്കെ ഷാഫി പുറത്തുവിട്ട വീഡിയോയുടെ നിജസ്ഥിതിയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഏപ്രില്‍ ഏഴാംതീയതി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ ഷാഫിയെ കഴിഞ്ഞദിവസമാണ് ക്വട്ടേഷന്‍സംഘം മോചിപ്പിച്ചത്. കര്‍ണാടകയിലെ രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന യുവാവിനെ ക്വട്ടേഷന്‍സംഘം മൈസൂരുവിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ മൈസൂരുവിലെത്തിയ മുഹമ്മദ് ഷാഫിയെ ബന്ധുക്കള്‍ അവിടെയെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. രാവിലെ പത്തുമണിയോടെ താമരശ്ശേരിയിലെത്തി. ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഷാഫിയുടെ മൊഴിയെടുത്തു. പിന്നീട് താമരശ്ശേരിയിലെ ബന്ധുവീട്ടിലേക്ക്‌പോയ ഷാഫിയെ വൈകീട്ടോടെ വടകരയിലുള്ള കോഴിക്കോട് റൂറല്‍ എസ്.പി. ഓഫീസിലേക്ക് വിളിച്ചുവരുത്തി വിശദമായ മൊഴി രേഖപ്പെടുത്തി. തിങ്കളാഴ്ച രാത്രി പത്തരയോടെ താമരശ്ശേരി ജെ.എഫ്.സി.എം. കോടതി മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

ഏപ്രില്‍ ഏഴിന് രാത്രി ഒമ്പതേപത്തിനാണ് നാലംഗസംഘം മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. 325 കിലോ സ്വര്‍ണം താനും സഹോദരനും ചേര്‍ന്ന് കടത്തിക്കൊണ്ടുവന്നതിന്റെ പേരിലാണ് തട്ടിക്കൊണ്ടുപോകലെന്ന് വെളിപ്പെടുത്തിയുള്ള വീഡിയോ സന്ദേശവും മറ്റൊരു ഓഡിയോ സന്ദേശവും കഴിഞ്ഞദിവസം ഷാഫിയുടേതായി പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് മോചനം.

അന്വേഷണം തങ്ങളിലേക്കെത്തുമെന്ന ഘട്ടമായപ്പോഴാണ് ക്വട്ടേഷന്‍സംഘം ഷാഫിയെ വിട്ടയച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഷാഫിയെ തട്ടിക്കൊണ്ടുപോയ കാറും കേസിലുള്‍പ്പെട്ട നാലുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ നാലുപേരുടെയും അറസ്റ്റ് തിങ്കളാഴ്ച രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോയ സംഘവുമായി ബന്ധമുള്ള മൂന്നു യുവാക്കളെയും സംഘത്തിന് കാര്‍ വാടകയ്ക്ക് കൈമാറിയ വ്യക്തിയെയുമാണ് അറസ്റ്റുചെയ്തത്. കര്‍ണാടക ദക്ഷിണ കന്നഡ കല്യാണ സ്വദേശികളായ മണ്ടിയൂര്‍ മുഹമ്മദ് നൗഷാദ് (24), മണ്ടിയൂര്‍ ഇസ്മയില്‍ ആസിഫ് (33), ഗോളികെട്ടെ അബ്ദുള്‍ റഹിമാന്‍ (33), കാസര്‍കോട് ചന്ദ്രഗിരി ചെമ്പരിക്ക ഉസ്മാന്‍ മന്‍സിലില്‍ സി.എ. ഹുസൈന്‍ (44) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ക്വട്ടേഷന്‍സംഘം ഉപയോഗിച്ചത് വ്യാജനമ്പറുള്ള കാറുകള്‍....

കോഴിക്കോട്: വ്യാജനമ്പര്‍ ഉപയോഗിച്ച് കാസര്‍കോട് രജിസ്ട്രേഷനിലുള്ള രണ്ടുകാറുകളിലെത്തിയ ക്വട്ടേഷന്‍സംഘത്തെയും സഹായികളെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് അന്വേഷണസംഘം വലയിലാക്കിയത്.

7001 എന്ന വ്യാജനമ്പര്‍ വെച്ച് ഓടിയ ഹാച്ച്ബാക്ക് കാറും മറ്റൊരു സെഡാന്‍കാറും ഒരുമിച്ച് ഓടിയതായും ഇരുവാഹനങ്ങളും ഒരേ സംഘത്തിനുതന്നെ വാടകയ്ക്ക് കൊടുത്തതായും കണ്ടെത്തുകയായിരുന്നു. രണ്ടുകാറിനും ഒരേ രജിസ്ട്രേഷന്‍ ഏരിയയും ഒരേ സീരിയല്‍നമ്പറുമായിരുന്നു. ഇതില്‍ സംശയംതോന്നിയുള്ള അന്വേഷണമാണ് കാര്‍ വാടകയ്ക്ക് നല്‍കിയവരിലേക്ക് എത്തിച്ചത്. ക്വട്ടേഷന്‍ സംഘവും അറസ്റ്റിലായ സഹായികളും തട്ടിക്കൊണ്ടുപോവുന്ന ദിവസം വൈകീട്ട് നാലുമണിക്ക് കോഴിക്കോട് ബീച്ചില്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് കണ്ടെത്തിയിരുന്നു.

കര്‍ണാടകയിലെ വിറ്റാല്‍, ബെട്വാല്‍ സ്റ്റേഷന്‍പരിധിയിലായിലാണ് തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ കെ. സുമിത്ത് കുമാര്‍, താമരശ്ശേരി എസ്.ഐ. വി.പി. അഖില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കര്‍ണാടക പോലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തിയത്.


മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അന്വേഷണസംഘം അറസ്റ്റുചെയ്ത പ്രതികള്‍

കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പുകേസ് പ്രതി യൂസഫ് സിയയുടെ കൂട്ടാളിയും ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്ന ഗുണ്ടാത്തലവനുമായ മുഹമ്മദ് റഫീഖ് എന്ന നപ്പട്ട റഫീഖിന്റെ ഗ്യാങ്ങില്‍പ്പെട്ട ക്വട്ടേഷന്‍സംഘങ്ങളുടെ കേന്ദ്രങ്ങളില്‍വരെ പരിശോധന നടന്നെന്നാണ് പോലീസ് പറയുന്നത്.

തട്ടിക്കൊണ്ടുപോയവരെക്കുറിച്ച് വ്യക്തമായ ധാരണ -ഡി.ഐ.ജി.

വടകര: മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടുപോയതിനു പിറകില്‍ ആരാണെന്നതുസംബന്ധിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടെന്ന് കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി. പുട്ട വിമല്‍ ആദിത്യ പറഞ്ഞു. ഇവരെ കണ്ടെത്താന്‍ നല്ലരീതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ക്വട്ടേഷന്‍ സംഘമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത് -കോഴിക്കോട് റൂറല്‍ എസ്.പി. ഓഫീസിലെത്തി ഷാഫിയില്‍നിന്ന് മൊഴിയെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിക്കൊണ്ടുപോയതിനുശേഷം പുറത്തുവന്ന വീഡിയോ സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും. സ്വര്‍ണക്കടത്തുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ പറയാന്‍കഴിയില്ലെന്നും എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും ഡി.ഐ.ജി. വ്യക്തമാക്കി.

ഷാഫിയുമായി സംസാരിച്ച് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച വൈകീട്ട് 6.15-ഓടെയാണ് ഷാഫിയെ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ചത്. തുടര്‍ന്ന് ഡി.ഐ.ജി., റൂറല്‍ എസ്.പി.യുടെ ചുമതലയുള്ള വയനാട് എസ്.പി. ആര്‍. ആനന്ദ്, താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങലക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൊഴിയെടുത്തു. എട്ടുമണിയോടെ ഷാഫിയെ തിരികെ കൊണ്ടുപോയി.

അനിശ്ചിതത്വത്തിന് വിരാമം; തട്ടിക്കൊണ്ടുപോകലിന്റെ നാള്‍വഴികള്‍

• ഏപ്രില്‍ അഞ്ച്: മുഹമ്മദ് ഷാഫിയുടെ പരപ്പന്‍പൊയിലുള്ള 'ജുമൈല മാന്‍ഷന്‍' വീടിനുമുന്നില്‍ ഉച്ചയോടെ രണ്ടുപേര്‍ കാറിലെത്തുന്നു. ഉയരമുള്ള ചെറുപ്പക്കാരന്‍ ഷാഫിയുടെ ബന്ധുവിനോട് ചോദിച്ച് വീട് സ്ഥിരീകരിച്ച് മടങ്ങുന്നു.

• ഏഴ്- രാത്രി 9:30-ന് ജുമൈല മാന്‍ഷന്‍ വീട്ടില്‍ തോക്കുമായി അതിക്രമിച്ചുകയറി പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ മുഹമ്മദ് ഷാഫി (38)യെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുന്നു. പ്രതിരോധിച്ച ഭാര്യ സെനിയയെയും കാറിലേക്ക് വലിച്ചിട്ടെങ്കിലും അല്പദൂരം മുന്നോട്ടുനീങ്ങിയശേഷം പുറത്തിറക്കിവിട്ടു.

• എട്ട്- ലക്കിടിയില്‍ സ്വിച്ച് ഓഫായ ഷാഫിയുടെ ഐ ഫോണ്‍ പുലര്‍ച്ചെ എയര്‍പോര്‍ട്ട് റോഡ് പരിധിയിലെത്തിയതായി വ്യക്തമാവുന്നു. താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങുന്നു. ഹവാല ഇടപാടിന്റെ പേരില്‍ മുമ്പ് വീട്ടിലെത്തി അതിക്രമംനടത്തിയ കേസിലെ പ്രതികളായ മൂന്നുപേരെ കസ്റ്റഡിയിലെടുക്കുന്നു.

• ഒന്‍പത്: കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. പി. വിമലാദിത്യയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരുന്നു. കൊടുവള്ളി സ്വദേശിയുമായുള്ള ഹവാല ഇടപാടിന്റെയോ, ഗള്‍ഫില്‍നിന്ന് സ്വര്‍ണം മോഷ്ടിച്ചുകടത്തിയ സംഭവത്തിലെയോ എതിര്‍സംഘങ്ങളുടെയോ വിരോധമാവാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് നിഗമനം.

• 10: കസ്റ്റഡിയിലായിരുന്ന പൂനൂര്‍ മങ്ങാട് വടക്കേ കണ്ണച്ചന്‍വീട്ടില്‍ അജു എന്ന അജ്നാസ് (30), പരപ്പന്‍പൊയില്‍ മേടയത്ത് വീട്ടില്‍ അബ്ദുള്‍ നിസാര്‍ (46) എന്നിവരെ നേരത്തേ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ അതിക്രമം നടത്തിയെന്ന കേസില്‍ അറസ്റ്റുചെയ്യുന്നു. തട്ടിക്കൊണ്ടുപോയവരുടെ രേഖാചിത്രം തയ്യാറാക്കാന്‍ തീരുമാനം. വിമാനത്താവള റോഡിനരികില്‍നിന്ന് മുഹമ്മദ് ഷാഫിയുടെ ഐഫോണ്‍ കണ്ടെടുക്കുന്നു. കര്‍മസമിതിക്ക് രൂപംനല്‍കുന്നു.

• 11: തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന വാദവുമായി കൊടുവള്ളി സ്വദേശി മുഹമ്മദ് സാലിയുടെ വീഡിയോസന്ദേശം പുറത്തുവരുന്നു. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വെള്ള ഹാച്ച്ബാക്ക് കാറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ വ്യാജമാണെന്ന് സൂചന ലഭിക്കുന്നു.

• 12: അക്രമിസംഘം ഉപയോഗിച്ചതെന്ന നിഗമനത്തില്‍ കാസര്‍കോട് ചെര്‍ക്കളയിലെ വര്‍ക്ഷോപ്പില്‍നിന്ന് വെള്ള സെഡാന്‍കാറും കാര്‍ വാടകയ്ക്ക് കൈമാറിയ കാസര്‍കോട് സ്വദേശിയെയും കസ്റ്റഡിയിലെടുത്തു.

• 13- മുഹമ്മദ് ഷാഫിയുടെ വീഡിയോസന്ദേശം പുറത്തുവന്നു. കാസര്‍കോട് കസ്റ്റഡിയിലെടുത്ത കാറും വാടകയ്ക്ക് നല്‍കിയ ആളെയും താമരശ്ശേരിയിലെത്തിച്ചു. കസ്റ്റഡി കാലാവധികഴിഞ്ഞ അജ്നാസിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

• 14- സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ സഹോദരന്‍ നൗഫലാണെന്നും തന്നെ രക്ഷപ്പെടുത്താന്‍ അദ്ദേഹം ശ്രമിക്കുന്നില്ലെന്നും ആരോപിച്ച് ഷാഫിയുടെ വീഡിയോസന്ദേശം പുറത്തുവരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് പരപ്പന്‍പൊയില്‍ പ്രദേശത്ത് കാറില്‍ ചുറ്റിക്കറങ്ങിയ മൂന്നുപേര്‍ കര്‍ണാടക അതിര്‍ത്തിയില്‍ പിടിയില്‍.

• 15: ഷാഫിയുടെ വീഡിയോസന്ദേശത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് കുടുംബം. തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി പറയിക്കുന്നതാണെന്ന വാദവുമായി സഹോദരനും പിതാവും രംഗത്ത്.

• 16: തന്റെ പണം തിരികെനല്‍കാതിരിക്കാന്‍ ഷാഫിയും കുടുംബവും നടത്തിയ നാടകമാണ് തട്ടിക്കൊണ്ടുപോകല്‍ സംഭവമെന്ന് കൊടുവള്ളി സ്വദേശി മുഹമ്മദ് സാലിയുടെ ശബ്ദസന്ദേശം പുറത്ത്.

• 17: നേരത്തേ കസ്റ്റഡിയിലായിരുന്ന നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തുന്നു. തട്ടിക്കൊണ്ടുപോയതിന്റെ പതിനൊന്നാംദിവസം മുഹമ്മദ് ഷാഫി മടങ്ങിയെത്തുന്നു. പള്ളിപ്പുറത്തെ ബന്ധുവീട്ടിലെത്തിച്ചേര്‍ന്ന ഷാഫിയെ അന്വേഷണസംഘം റൂറല്‍ എസ്.പി.ഓഫീസിലെത്തിച്ച് മൊഴിയെടുക്കുന്നു.

Content Highlights: thamarassery expat youth mohammed shafi kidnap case

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
girl

1 min

എ.ഐ ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 14-കാരന്‍ പിടിയില്‍

Sep 29, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


murder

1 min

ബൈക്ക് അടിച്ചുതകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; ആലുവയില്‍ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു 

Sep 29, 2023


Most Commented