തലശ്ശേരിയിലെ പാർക്കിൽ കമിതാക്കളുടെ ദൃശ്യം ഒളിക്യാമറയിൽ ചിത്രീകരിക്കാൻ സുരക്ഷാ മതിലിലുണ്ടാക്കിയ ദ്വാരം. ഇൻസെറ്റിൽ വീണ്ടും അറസ്റ്റിലായ അനീഷ്, വിജേഷ്
തലശ്ശേരി: തലശ്ശേരിയില്‍ പാര്‍ക്കിലെത്തിയ കമിതാക്കളുടെ സ്വകാര്യനിമിഷങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. വടക്കുമ്പാട് മഠത്തുംഭാഗത്തെ പുതിയ വീട്ടില്‍ കെ. അനീഷ്കുമാറിന്റെ (35) ജാമ്യാപേക്ഷയാണ് ജില്ലാ ജഡ്ജി ജോബിന് സെബാസ്റ്റ്യന്‍ തള്ളിയത്. വ്യക്തികളുടെ സ്വകാര്യനിമിഷങ്ങള്‍ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് ഗൗരവതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്കുമാര്‍ ഹാജരായി.
പന്ന്യന്നൂരിലെ കെ. വിജേഷ് (30), വടക്കുമ്പാട് മഠത്തുംഭാഗത്തെ അനീഷ് കുമാര്‍ (35) എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. യുവതി നല്കിയ പരാതിയിലാണ് ഇരുവരും അറസ്റ്റിലായത്. തലശ്ശേരി ഓവര്‍ബറീസ് ഫോളിയില്‍ ഏപ്രില്‍ 14-നാണ് കേസിനാസ്പദമായ സംഭവം .
സ്വകാര്യനിമിഷങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച് വാട്സാപ്പ് വഴി പ്രചരിപ്പിച്ചതായാണ് പരാതി. ദൃശ്യങ്ങള്‍ നിരവധിയാളുകള്‍ക്ക് കൈമാറി. പരാതിക്കാരിയുടെ അച്ഛന്റെ ഫോണില്‍ വാട്സാപ്പില്‍ വീഡിയോ ലഭിച്ചതായും പരാതിയില്‍ പറയുന്നു. സ്ത്രീയുടെ സ്വകാര്യതയുടെ ലംഘനം, ഐ.ടി. നിയമപ്രകാരവുമാണ് കേസ്. വിജേഷ് ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അനീഷ് പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.
സ്വകാര്യ ബസ് കണ്ടക്ടറാണ് അനീഷ്. കമിതാക്കള്‍ നല്കിയ പരാതിയില്‍ മേയ് 23-ന് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കും അന്ന് പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു. യുവതിയുടെ പരാതിയില്‍ ജൂലായ് അഞ്ചിന് വീണ്ടും അറസ്റ്റിലായപ്പോഴാണ് റിമാന്‍ഡിലായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..