അഭിഭാഷകനായ പ്രേമരാജൻ, അറസ്റ്റിലായ നിജിൽദാസ്, രേഷ്മ
കണ്ണൂര്‍: പിണറായിയിലെ സ്‌കൂള്‍ അധ്യാപിക രേഷ്മ പ്രശാന്തിനെതിരേ പോലീസ് ചുമത്തിയത് കള്ളക്കേസാണെന്ന് അവരുടെ അഭിഭാഷകന്‍. നിജില്‍ദാസ് താമസിച്ച വീടിന്റെ ഉടമ രേഷ്മയല്ലെന്നും പിണറായിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ നിജില്‍ദാസ് കേസിലെ പ്രതിയല്ലെന്നും അഭിഭാഷകനായ പി.പ്രേമരാജന്‍ പ്രതികരിച്ചു.
'പിണറായിയിലെ വീട്ടില്‍നിന്ന് എത്രയോ ദൂരത്താണ് അവര്‍ താമസിക്കുന്നത്. മാത്രമല്ല, വീടിന്റെ ഉടമ രേഷ്മയല്ല, അവരുടെ ഭര്‍ത്താവാണ്. വീടിന്റെ താക്കോലും അവരുടെ കൈവശമല്ല. ആ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തുവെന്ന് കാണിച്ച് പോലീസ് കളവായി കേസുണ്ടാക്കിയതാണ്.
വൈകിട്ട് അറസ്റ്റ് ചെയ്തിട്ട് രാത്രി 11.15-നാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുന്നത്. ഇത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഒരു സ്ത്രീയെന്ന നിലയില്‍ ലഭിക്കേണ്ട യാതൊരു പരിഗണനയും ന്യൂമാഹി പോലീസ് രേഷ്മയ്ക്ക് നല്‍കിയില്ല. ഇത് കൃത്യമായി മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്'-അഭിഭാഷകന്‍ പറഞ്ഞു.
പിണറായിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ നിജില്‍ദാസ് കേസില്‍ പ്രതിയല്ലെന്നും രേഷ്മക്കെതിരേ സൈബര്‍ ആക്രമണം നടന്നിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞദിവസം രാത്രിയാണ് നിജില്‍ദാസ് കേസില്‍ പ്രതിയാകുന്നത്. അതിന് മുമ്പ് നിജില്‍ദാസിനെ പ്രതിയാക്കി പോലീസ് യാതൊരു റിപ്പോര്‍ട്ടും കോടതിയില്‍ കൊടുത്തിട്ടില്ല. അതിനാല്‍ പിണറായിയിലെ വീട്ടില്‍ താമസിക്കുമ്പോള്‍ അയാള്‍ പ്രതിയല്ല.
ഇതെല്ലാം ന്യൂമാഹി പോലീസിന്റെ ഗൂഢാലോചനയാണ്. തുടക്കംമുതല്‍ ഈ കേസിനെ ഒരു രാഷ്ട്രീയസംഭവമാക്കി മാറ്റാനാണ് ന്യൂമാഹി പോലീസിന്റെ ശ്രമം. നിരപരാധികളെ പ്രതിചേര്‍ക്കാനും നഗരസഭ കൗണ്‍സിലറെ അടക്കം കേസിലേക്ക് വലിച്ചിഴക്കാനും ശ്രമങ്ങളുണ്ടായി. രേഷ്മക്കെതിരേയുള്ള സൈബര്‍ ആക്രമണം വ്യക്തമായ ആസൂത്രണത്തോടെ നടക്കുന്നതാണ്. ഒരുവിഭാഗം ആളുകള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവര്‍ക്കെതിരേ സൈബര്‍ ആക്രമണം നടത്തുകയാണ്. ജാമ്യം ലഭിക്കാവുന്ന കുറ്റത്തിന് ഒരു വനിതയെ അര്‍ധരാത്രി അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന പോലീസിന് ഈ സൈബര്‍ ആക്രമണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എന്താണ് മടിയെന്നും വീടിന് നേരേ ബോംബേറിഞ്ഞ കേസില്‍ എന്താണ് പ്രതികളെ പിടികൂടാത്തതെന്നും അഭിഭാഷകന്‍ ചോദിച്ചു.
തലശ്ശേരി ഹരിദാസന്‍ വധക്കേസിലെ പ്രതിയും ബി.ജെ.പി. പ്രവര്‍ത്തകനുമായ നിജില്‍ദാസിനെ കഴിഞ്ഞദിവസമാണ് പിണറായി പാണ്ട്യാലമുക്കിലെ വാടകവീട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ദിവസങ്ങളായി ഇവിടെ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് നിജില്‍ദാസ് പോലീസിന്റെ പിടിയിലായത്. പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയതിന് സ്‌കൂള്‍ അധ്യാപികയായ അണ്ടലൂര്‍ സ്വദേശി രേഷ്മ പ്രശാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം വൈകിട്ടോടെ കേസില്‍ രേഷ്മയ്ക്ക് ജാമ്യം ലഭിച്ചു. നിജില്‍ദാസ് റിമാന്‍ഡിലാണ്.
Content Highlights: thalassery haridasan murder case school teacher reshma prashanth lawyers response
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..