നിജിൽദാസ്, രേഷ്മ
പിണറായി: സി.പി.എം. പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍കൂടി അറസ്റ്റിലായി. പുന്നോലിലെ പാറക്കണ്ടി നിജില്‍ദാസ് (38) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അറസ്റ്റിലായത്. പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലാണ് നിജില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇയാള്‍ക്ക് ഒളിവില്‍ കഴിയാന്‍ വീട് നല്‍കിയ സ്ത്രീയും അറസ്റ്റിലായി. സ്വകാര്യ സ്‌കൂൾ അധ്യാപിക അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് വീട് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
ഒളിച്ചുതാമസിക്കാന്‍ ഒരിടം വേണമെന്ന് പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്. 17 മുതലാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസ് താമസം തുടങ്ങിയത്. ഭക്ഷണം ഇവിടെ എത്തിച്ചുകൊടുക്കുകയായിരുന്നു. വാട്സാപ്പ് കോളിലൂടെയായിരുന്നു സംസാരം. ഫോണ്‍ സംഭാഷണത്തിലെ വിവരമുള്‍പ്പെടെ പരിശോധിച്ചാണ് രേഷ്മയെ അറസ്റ്റു ചെയ്തത്.
അണ്ടലൂര്‍ കാവിനു സമീപത്തെ വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭര്‍ത്താവ് വിദേശത്താണ്. രണ്ടു വര്‍ഷം മുന്‍പാണ് പാണ്ട്യാലമുക്കില്‍ വീട് നിര്‍മിച്ചത്. ഹരിദാസന്‍ വധത്തിനു ശേഷം ഒളിവില്‍ പോയ നിജില്‍ദാസ് താമസിച്ച സ്ഥലങ്ങളുടെ വിവരം പോലീസ് ശേഖരിക്കുന്നുണ്ട്. ഇയാള്‍ പ്രധാനമായും ഭാര്യയുമായി നടത്തിയ ഫോണ്‍വിളി പിന്തുടര്‍ന്നാണ് അന്വേഷണസംഘം പിണറായിയിലെത്തിയത്. ഏതാനും ദിവസമായി മൊബൈല്‍ ടവര്‍ പരിധിയിലെ ആളൊഴിഞ്ഞ വീടുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു.
ആകെ 16 പേര്‍ പ്രതികളായ കേസില്‍ ഇതോടെ 14 പേര്‍ അറസ്റ്റിലായി. കേസില്‍ ബി.ജെ.പി. തലശ്ശേരി മണ്ഡലം പ്രസിഡന്റ് ലിജേഷ് ഉള്‍പ്പെടെ എട്ടുപേരുടെ ജാമ്യാപേക്ഷ നേരത്തേ കോടതി തള്ളിയിരുന്നു. ന്യൂമാഹി പ്രിന്‍സിപ്പല്‍ എസ്.ഐ. ടി.എം. വിപിന്‍, എസ്.ഐ. അനില്‍കുമാര്‍, സി.പി.ഒ.മാരായ റിജീഷ്, അനുഷ എന്നിവരടങ്ങിയ സംഘമാണ് നിജിലിനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ഒളിവില്‍ കഴിഞ്ഞ വീടിനുനേരേ ബോംബേറ്
നിജില്‍ദാസ് ഒളിവില്‍കഴിഞ്ഞ വീടിനുനേരേ രാത്രി ബോംബേറ്. അക്രമിസംഘം ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
രണ്ട് ബോംബ് പൊട്ടുന്ന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. രാത്രി വൈകി സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. സ്റ്റീല്‍ബോംബാണ് എറിഞ്ഞതെന്നാണ് നിഗമനം. പിണറായി പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
കനത്ത കാവലില്‍ മുഖ്യമന്ത്രിയുടെ വീട്
മുഖ്യമന്ത്രിയുടെ പാണ്ട്യാലമുക്കിലെ വീട്ടിലേക്കുള്ള വഴി പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. വന്‍ പോലീസ് സുരക്ഷ മുഖ്യമന്ത്രിയുടെ വീടിനും സമീപത്തും ഒരുക്കിയിട്ടുണ്ട്. ബോംബേറ് നടന്ന വീടിനും പോലീസ് സുരക്ഷയൊരുക്കി.
Content Highlights: thalassery haridasan murder case accused nijildas and school teacher reshma arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..