മീനു, സഞ്ജയ് സേത് | Photo: twitter.com/RadarNews4
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഭാര്യയെ വെടിവെച്ച് കൊന്ന് ടെക്സ്‌റ്റൈല്‍ വ്യാപാരി ജീവനൊടുക്കി. പന്നാ കിഷോര്‍ഗഞ്ച് സ്വദേശിയായ സഞ്ജയ് സേത് ആണ് ഭാര്യ മീനുവിനെ കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ച് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കൃത്യം നടത്തുന്നതിന് തൊട്ടുമുന്‍പ് സഞ്ജയ് ചിത്രീകരിച്ച വീഡിയോയും ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെത്തിട്ടുണ്ട്.
വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍നിന്ന് വെടിയൊച്ച കേട്ടതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. ഇവര്‍ മുകള്‍നിലയിലെത്തി പരിശോധിച്ചപ്പോള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നനിലയിലാണ് രണ്ടുപേരെയും കണ്ടത്. മീനു സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. സഞ്ജയ്ക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയില്‍ എത്തിക്കും മുന്‍പേ മരണം സംഭവിച്ചു. ദമ്പതിമാരുടെ ശരീരത്തില്‍ വെടിയേറ്റ മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രമുഖ ടെക്സ്‌റ്റൈല്‍ വ്യാപാരിയായ സഞ്ജയ് സേത്, ഭാഗേശ്വര്‍ ധാമിന്റെ ഭക്തനായിരുന്നു. 'ഗുരുജി എന്നോട് പൊറുക്കണം. അടുത്ത ജന്മമുണ്ടെങ്കില്‍ തീര്‍ച്ചയായും അങ്ങയുടെ ഉറച്ച ഭക്തനായിരിക്കും' എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ സഞ്ജയ് സേത് എഴുതിയിരുന്നത്. ഇതിനുപുറമേയാണ് സഞ്ജയ് സേത് തനിക്ക് പണം നല്‍കാനുള്ളവരുടെ പേരുകള്‍ വിശദീകരിക്കുന്ന മറ്റൊരു വീഡിയോയും കണ്ടെടുത്തത്.
''എന്റെ മക്കള്‍ക്ക് വേണ്ടി, എന്റെ മകളുടെ വിവാഹത്തിന് വേണ്ടി എല്ലാവരും എന്റെ പണം തിരികെനല്‍കണം. 50 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ ചെലവഴിച്ച് എന്റെ മകളുടെ വിവാഹം നടത്തണം. അവളുടെ അക്കൗണ്ടില്‍ പണമുണ്ട്, ലോക്കറില്‍ 29 ലക്ഷവും. മകള്‍ക്കായി ധാരാളം ആഭരണങ്ങളുമുണ്ട്. ഞാനും എന്റെ ഭാര്യയും പോവുകയാണ്. ജീവിക്കാന്‍ കഴിയില്ല''- എന്നാണ് സഞ്ജയ് സേത് വീഡിയോയില്‍ പറയുന്നത്.
അതേസമയം, കൃത്യത്തിന് കാരണമായത് കുടുംബപ്രശ്നമാണെന്നാണ് പ്രാഥമികനിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് സൂപ്രണ്ട് ധര്‍മരാജ് മീണ മാധ്യമങ്ങളോട് പറഞ്ഞു. സംഭവസമയത്ത് ദമ്പതിമാര്‍ മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: textile merchant commits suicide after killing his wife in panna madhya pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..