പ്രതീകാത്മക ചിത്രം | Photo: PTI
ഭോപ്പാല്‍: തീവ്രവാദബന്ധം സംശയിച്ച് ഇന്ദോര്‍ സ്വദേശിയായ യുവാവിനെ മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. ദീര്‍ഘകാലം ചൈനയിലായിരുന്ന സര്‍ഫറാസ് എന്നയാളെയാണ് മധ്യപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളുടെ പശ്ചാത്തലവും മറ്റും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, ചൈനീസ് വംശജയായ ഭാര്യയാണ് തനിക്കെതിരേ തെറ്റായവിവരങ്ങള്‍ നല്‍കിയതെന്നും വിവാഹമോചനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് ഇതിന് കാരണമെന്നുമാണ് യുവാവിന്റെ വിശദീകരണം.
മുംബൈ പോലീസിനും ദേശീയ അന്വേഷണ ഏജന്‍സിക്കും(എന്‍.ഐ.എ) ലഭിച്ച ഇ-മെയില്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ഫറാസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ദോര്‍ സ്വദേശിയായ യുവാവ് മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നു എന്നായിരുന്നു ഇ-മെയില്‍ സന്ദേശം. ഇതോടെ മുംബൈ പോലീസും എന്‍.ഐ.എ.യും മധ്യപ്രദേശ് പോലീസിന് വിവരം കൈമാറുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്ത യുവാവ് ഒട്ടേറെ ഭാഷകര്‍ കൈകാര്യം ചെയ്യുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ചൈനയിലും ഹോങ്കോങ്ങിലും യാത്രചെയ്തതിന്റെയും ഇവിടങ്ങളില്‍ താമസിച്ചതിന്റെയും വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.
അതേസമയം, വ്യാജവിവരങ്ങള്‍ നല്‍കി ഭാര്യയാണ് തന്നെ കുടുക്കിയതെന്നാണ് യുവാവിന്റെ മൊഴി. ദീര്‍ഘകാലം ചൈനയിലായിരുന്ന യുവാവ് ചൈനീസ് വംശജയെയാണ് വിവാഹം കഴിച്ചത്. അടുത്തിടെ ഇരുവരും വിവാഹമോചന കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് തനിക്കെതിരായ ഇ-മെയിലിന് പിന്നിലെന്നും യുവാവ് പോലീസിനോട് പറഞ്ഞു.
Content Highlights: terror suspect indore man detained by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..