സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന് | Screengrab: twitter.com/PRanam1
ഹൈദരാബാദ്: സഹപാഠിയെ മര്‍ദിച്ചതിന് തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ ബണ്ടി സഞ്ജയ് കുമാറിന്റെ മകന് ബണ്ടി ഭഗീരഥ് സായ്ക്കെതിരേ പോലീസ് കേസെടുത്തു. മഹീന്ദ്ര സര്‍വകലാശാല അധികൃതര്‍ നല്കിയ പരാതിയിലാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ഭഗീരഥ് സായ്ക്കെതിരേ കേസെടുത്തത്. ബി.ജെ.പി. നേതാവിന്റെ മകന് സഹപാഠിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സര്‍വകലാശാല അധികൃതര്‍ പരാതി നല്‍കിയത്.
ഹോസ്റ്റലില്‍വെച്ച് ശ്രീരാം എന്ന വിദ്യാര്‍ഥിയെ ഭഗീരഥ് സായിയും മറ്റുചില വിദ്യാര്‍ഥികളും ചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്. ശ്രീരാമിന്റെ മുഖത്തടിക്കുന്നതും ഉപദ്രവിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. അതേസമയം, സുഹൃത്തിന്റെ സഹോദരിയോട് മോശമായി പെരുമാറിയതിനാണ് ശ്രീരാമിനെ മര്‍ദിച്ചതെന്നാണ് ഭഗീരഥ് സായിയുടെ വാദം. രണ്ടുമാസം മുമ്പ് നടന്ന സംഭവമാണിതെന്നും പ്രശ്നങ്ങളെല്ലാം പിന്നീട് പരിഹരിച്ചതാണെന്നും ഭഗീരഥ് പറഞ്ഞു.
ബി.ജെ.പി. നേതാവിന്റെ മകന് സഹപാഠിയെ മര്‍ദിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ മര്‍ദനമേറ്റ ശ്രീരാമിന്റെ വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയോട് താന്‍ മോശമായി പെരുമാറിയതിനാലാണ് ഭഗീരഥ് മര്‍ദിച്ചതെന്നാണ് ശ്രീരാം പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. ഭഗീരഥിന്റെ സുഹൃത്തിന്റെ സഹോദരിക്ക് താന്‍ മോശമായരീതിയിലുള്ള സന്ദേശം അയച്ചിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാനായാണ് ഭഗീരഥ് തന്റെ അടുത്തേക്ക് എത്തിയത്. എന്നാല്‍ ഭഗീരഥിനോടും താന്‍ മോശമായി പെരുമാറി. അതിനാലാണ് അവര്‍ തന്നെ മര്‍ദിച്ചതെന്നും ശ്രീരാം പറഞ്ഞു.
മകന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി ബി.ജെ.പി. നേതാവ് ബണ്ടി സഞ്ജയ് കുമാറും രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഗൂഢാലോചനയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. 'കുട്ടികളെ അവര്‍ രാഷ്ട്രീയത്തില്‍നിന്ന് മാറ്റിനിര്‍ത്തണം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വകലാശാല അധികൃതര്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നെ നിശബ്ദനാക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ആവശ്യം. എന്റെ മകന്റെ ബാച്ച്മേറ്റായ വിദ്യാര്‍ഥി ഒരു പെണ്‍കുട്ടിക്ക് രാത്രി സന്ദേശങ്ങളയച്ചു. ആ പെണ്‍കുട്ടി എന്റെ മകനെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കാണുന്നത്. അവര്‍ എന്റെ മകനോട് കാര്യം പറഞ്ഞു. മകന്റെ ഫോണില്‍ നിന്ന്
അവനറിയാതെയാണ് ആ വിദ്യാര്‍ഥി പെണ്‍കുട്ടിയുടെ നമ്പര്‍ കൈക്കലാക്കിയത്. ഇതാണ് സംഭവം'- ബണ്ടി സഞ്ജയ് കുമാര്‍ പറഞ്ഞു.
അതിനിടെ, സര്‍വകലാശാല അധികൃതര്‍ നല്കിയ പരാതിയും പ്രചരിക്കുന്ന വീഡിയോകളും പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. എന്നാണ് സംഭവം നടന്നതെന്ന് ഇതുവരെ വ്യക്തമല്ലെന്നും പോലീസ് ഇന്‍സ്പെക്ടര്‍ രമണ റെഡ്ഡി പ്രതികരിച്ചു.
Content Highlights: telangana bjp chief's son attacked his college mate video went viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..