പ്രതീകാത്മക ചിത്രം
മുംബൈ: വിവാഹമോചനം നേടിയ അധ്യാപിക മുന്‍ ഭര്‍ത്താവിന് ജീവനാംശം നല്‍കണമെന്ന കീഴ്ക്കോടതി ഉത്തരവ് ശരിവെച്ച് ബോംബെ ഹൈക്കോടതി. സര്‍വകലാശാല അധ്യാപികയോടാണ് മുന്‍ ഭര്‍ത്താവിന് മാസം 3000 രൂപ വീതം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ നന്ദേഡ് കോടതിയും ഇതേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ കീഴ്ക്കോടതി വിധിക്കെതിരേ അധ്യാപിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹിന്ദു മാര്യേജ് ആക്ട് പ്രകാരം പങ്കാളികള്‍ക്ക് ജീവനാംശം ആവശ്യപ്പെടാമെന്ന് വ്യക്തമാക്കിയാണ് കീഴ്ക്കോടതിയുടെ ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെച്ചത്. 1992-ലാണ് ഹര്‍ജിക്കാരിയും മുന്‍ ഭര്‍ത്താവും വിവാഹിതരായത്. 23 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2015-ല്‍ ഇരുവരും വിവാഹമോചിതരായി. ഭര്‍ത്താവില്‍നിന്ന് ക്രൂരമായ ഉപദ്രവമുണ്ടെന്ന് ആരോപിച്ചാണ് യുവതി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. ഇത് കോടതി അനുവദിച്ചതിന് പിന്നാലെയാണ് ഭര്‍ത്താവ് ജീവനാംശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
സര്‍വകലാശാല അധ്യാപികയായ ഭാര്യ ബന്ധം വേര്‍പിരിഞ്ഞതോടെ ജീവിതച്ചെലവിന് പണം ഇല്ലാതായെന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. തനിക്ക് എല്ലാമാസവും 15,000 രൂപ വീതം ജീവനാംശം നല്‍കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
തനിക്ക് മറ്റ് വരുമാന മാര്‍ഗങ്ങളില്ല. മാത്രമല്ല, ഭാര്യയെ ഉപരിപഠനത്തിന് പ്രോത്സാഹിപ്പിച്ചതും ഈ സമയത്ത് വീട്ടുകാര്യങ്ങള്‍ കൈകാര്യം ചെയ്തതും താനാണ്. അതിനാല്‍ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും ഹര്‍ജിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ മുന്‍ ഭര്‍ത്താവിന്റെ ഹര്‍ജിക്കെതിരേ അധ്യാപികയും കോടതിയില്‍ വാദമുന്നയിച്ചു. മുന്‍ ഭര്‍ത്താവിന് സ്വന്തമായി പലചരക്ക് കടയുണ്ടെന്നും ഓട്ടോ വാടകയ്ക്ക് നല്കി പണം സമ്പാദിക്കുന്നുണ്ടെന്നും അധ്യാപിക കോടതിയില്‍ പറഞ്ഞു. തനിക്ക് മകളുടെ സംരക്ഷണം കൂടി നോക്കേണ്ടതുണ്ടെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
2015-ലാണ് വിവാഹമോചനം അനുവദിച്ചതെന്നും എന്നാല്‍ 2017-ലാണ് മുന്‍ ഭര്‍ത്താവ് ജീവനാംശത്തിനായി ഹര്‍ജി നല്‍കിയതെന്നും അധ്യാപികയുടെ അഭിഭാഷകന് വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം അംഗീകരിക്കാനാകില്ലെന്നും എപ്പോള്‍ വേണമെങ്കിലും ജീവനാംശം ആവശ്യപ്പെടാമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. തുടര്‍ന്നാണ് കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചത്.
പ്രതിമാസം 15000 രൂപ ജീവനാംശം നല്‍കണമെന്ന ഹര്‍ജി തീര്‍പ്പാകുന്നത് വരെ മുന്‍ ഭര്‍ത്താവിന് മാസംതോറും 3000 രൂപ നല്‍കണമെന്നായിരുന്നു നന്ദേഡ് സിവില്‍ കോടതിയുടെ നിര്‍ദേശം. ഇതാണ് ബോംബെ ഹൈക്കോടതിയും ശരിവെച്ചത്.
Content Highlights: teacher asked to pay rs 3000 as alimony to ex husband bombay high court upheld order
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..