കൊല്ലപ്പെട്ട ഗോകുൽരാജ്, ഒന്നാംപ്രതി യുവരാജ്
ചെന്നൈ: എന്‍ജിനിയറിങ് വിദ്യാര്‍ഥി ഗോകുല്‍രാജിന്റെ ദുരഭിമാനക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പത്തുപേരില്‍ എട്ടുപേരുടെ ജീവപര്യന്തം കഠിനതടവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. രണ്ടുപേരുടെ ജീവപര്യന്തം അഞ്ചുവര്‍ഷം കഠിനതടവായി ഇളവുചെയ്തു. പത്തു പ്രതികളും കുറ്റക്കാരാണെന്നും ഇവര്‍ ജാതിയെന്ന പൈശാചികശക്തിയുടെ പിടിയിലായിരുന്നെന്നും ജസ്റ്റിസ് എം.എസ്. രമേഷ്, എന്‍. ആനന്ദ് വെങ്കടേശന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
എട്ടുവര്‍ഷംമുമ്പാണ് സഹപാഠിയായ ഗൗണ്ടര്‍ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിനെത്തുടര്‍ന്ന് സേലം ഓമല്ലൂര്‍ സ്വദേശിയും ദളിതനുമായ ഗോകുല്‍രാജിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒന്നാംപ്രതിയും ധീരന്‍ ചിന്നമലഗൗണ്ടര്‍ പേരവൈ സ്ഥാപകനേതാവുമായ യുവരാജ്, ഇയാളുടെ കാര്‍ഡ്രൈവറായ അരുണ്‍, ശിവകുമാര്‍, സതീഷ് കുമാര്‍, രഘു, രഞ്ജിത്ത്, സെല്‍വരാജ്, ചന്ദ്രശേഖരന്‍, പ്രഭു, ഗിരിധര്‍ എന്നിവര്‍ക്കാണ് മധുരയിലുള്ള എസ്.സി.-എസ്.ടി. പ്രത്യേക കോടതി ജഡ്ജി സമ്പത്ത് കുമാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ശിക്ഷവിധിച്ചത്.
ആകെ 17 പ്രതികളുണ്ടായിരുന്ന കേസില്‍ രണ്ടുപേര്‍ വിചാരണയ്ക്കിടെ മരിച്ചു. അഞ്ചുപേരെ തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടു. ശിക്ഷിക്കപ്പെട്ട 10 പേരും ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അഞ്ചുപേരെ വെറുതേ വിട്ടതിനെതിരേ ഗോകുല്‍രാജിന്റെ മാതാവ് ചിത്രയും അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇവരുടെ ഹര്‍ജിയും കോടതി തള്ളി. പ്രഭു, ഗിരിധര്‍ എന്നിവരുടെ ശിക്ഷയാണ് ഇളവുചെയ്തത്.
തിരുച്ചെങ്കോട് സ്വകാര്യ കോളേജില്‍ എന്‍ജിനിയറിങ് പഠനത്തിനിടെയാണ് ഗോകുല്‍രാജും സ്വാതിയും പ്രണയത്തിലായത്. 2015 ജൂണ്‍ 23-ന് തിരുച്ചെങ്കോട് ക്ഷേത്രത്തില്‍ സ്വാതിയുമായി സംസാരിക്കുന്നതിനിടെ യുവരാജും സംഘവും ഗോകുല്‍രാജിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി അടുത്തദിവസം നാമക്കല്‍ ജില്ലയിലെ പള്ളിപ്പാളയത്തിലുള്ള റെയില്‍വേട്രാക്കില്‍ തള്ളുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍.
ജാതിനേതാവ് എന്നനിലയില്‍ യുവരാജിന്റെ നേതൃത്വത്തില്‍ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. ഗോകുല്‍രാജിനെ ഭീഷണിപ്പെടുത്തി ആത്മഹത്യക്കുറിപ്പും എഴുതിവാങ്ങി. പ്രണയം തകര്‍ന്നതിനാല്‍ ജീവനൊടുക്കുകയാണെന്ന് പറയുന്ന വീഡിയോയും പ്രചരിപ്പിച്ചിരുന്നു. ഇതും ഭീഷണിപ്പെടുത്തി ചിത്രീകരിച്ചതാണെന്ന് പോലീസ് കണ്ടെത്തി.
കേസ് അന്വേഷിച്ച വനിതാ ഡി.എസ്.പി. വിഷ്ണുപ്രിയ ആത്മഹത്യ ചെയ്തിരുന്നു. ഈ കേസില്‍ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വിഷ്ണുപ്രിയ ജീവനൊടുക്കിയതെന്ന് അവരുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നു. വിചാരണയ്ക്കിടെ 116 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഹൈക്കോടതി അപ്പീല്‍ പരിഗണിക്കുമ്പോള്‍ കൂറുമാറിയ സ്വാതിയുടെപേരില്‍ കോടതിയലക്ഷ്യത്തിന് കേസെടുത്തിട്ടുണ്ട്.
Content Highlights: tamilnadu gokulraj honour killing case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..