പ്രതീകാത്മക ചിത്രം | PTI
ചെന്നൈ: കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് യുവതിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ഫാംഹൗസ് ജീവനക്കാരന്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കൂവത്തൂരിലെ സ്വകാര്യ ഫാംഹൗസിലെ ജീവനക്കാരനായ സുഭാഷി(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുറിയില്‍ കയറി ഒളിച്ചിരുന്ന ഇയാള്‍ ഉറങ്ങികിടക്കുകയായിരുന്ന യുവതിയെ കടന്നുപിടിച്ചശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിക്കൊപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് പ്രതിയെ പിടികൂടി മര്‍ദിച്ചു. പിന്നീടാണ് പ്രതിയെ പോലീസിന് കൈമാറിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
വെള്ളിയാഴ്ചയാണ് കെ.കെ.നഗറില്‍നിന്നുള്ള യുവതിയും ആണ്‍സുഹൃത്തും ഫാംഹൗസില്‍ എത്തിയത്. പ്രതിയായ സുഭാഷ് ഫാംഹൗസിലെ ശുചീകരണത്തൊഴിലാളിയാണ്. ശനിയാഴ്ച രാത്രി ജോലിക്കിടെ യുവതിയും ആണ്‍സുഹൃത്തും താമസിക്കുന്ന മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടു. മുറിക്കുള്ളില്‍ ഇരുവരും ഉറങ്ങുകയായിരുന്നു. ഇതോടെ മുറിയില്‍ കയറിയ പ്രതി കട്ടിലിനടിയില്‍ കയറി ഒളിച്ചിരുന്നു. തുടര്‍ന്നാണ് ഉറങ്ങികിടക്കുകയായിരുന്ന യുവതിക്ക് നേരേ അതിക്രമം കാട്ടിയത്.
പ്രതി ആദ്യം മോശമായി പെരുമാറിയതോടെ യുവതി ഉറക്കമുണര്‍ന്നിരുന്നു. എന്നാല്‍ സംശയാസ്പദമായി ഒന്നും കാണാത്താതിനാല്‍ വീണ്ടും ഉറങ്ങി. ഇതോടെ കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതി വീണ്ടും യുവതിയെ കടന്നുപിടിച്ചു. യുവതി ഞെട്ടിയുണര്‍ന്നപ്പോള്‍ ഇയാള്‍ മുറിയില്‍നിന്ന് ഓടിപ്പോകുന്നതാണ് കണ്ടത്. ഇതോടെ യുവതി ബഹളംവെച്ച് ആണ്‍സുഹൃത്തിനെ വിളിച്ചുണര്‍ത്തി. തുടര്‍ന്ന് ആണ്‍സുഹൃത്ത് പ്രതിയെ പിന്തുടര്‍ന്ന് പിടികൂടുകയും കൈകാര്യം ചെയ്യുകയുമായിരുന്നു. ഇതിനുശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്.
മര്‍ദനത്തില്‍ പരിക്കേറ്റ സുഭാഷിനെ പോലീസ് പിന്നീട് ചെങ്കല്‍പ്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഇയാളുടെ ഫോണില്‍നിന്ന് നിരവധി അശ്ലീല വീഡിയോകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും ഇത്തരം കേസുകളില്‍ നേരത്തെ ഉള്‍പ്പെട്ടയാളാണെന്നുമാണ് പോലീസ് നല്‍കുന്നവിവരം. ചോദ്യംചെയ്യലില്‍ ഫാംഹൗസിലെ കുളിമുറി ദൃശ്യങ്ങളടക്കം രഹസ്യമായി പകര്‍ത്തിയെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.
കിടപ്പുമുറികളും കുളിമുറിയും വൃത്തിയാക്കുന്ന ജോലിക്കിടെയാണ് പ്രതി രഹസ്യമായി ക്യാമറകള്‍ സ്ഥാപിച്ചിരുന്നത്. ഇത്തരത്തില്‍ നിരവധി യുവതികളുടെ കുളിമുറി ദൃശ്യങ്ങള്‍ യുവാവ് പകര്‍ത്തിയിരുന്നു. യുവതികള്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളും പങ്കാളികള്‍ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങളും ഇയാളുടെ ഒളിക്യാമറയില്‍ പകര്‍ത്തിയിരുന്നതായും പോലീസ് പറഞ്ഞു. സ്വകാര്യദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ പണം തട്ടിയെടുത്തതായും പോലീസ് സംശയിക്കുന്നു.
അതേസമയം, സുഭാഷിനെ മര്‍ദിച്ചവര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇതോടെ പ്രതിയെ മര്‍ദിച്ചതിന് യുവതിയുടെയും ആണ്‍സുഹൃത്തിന്റെയും പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: tamilnadu farmhouse employee arrested for molesting woman guest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..