സ്വപ്ന സുരേഷ് |ഫോട്ടോ:ടി.കെ.പ്രദീപ് കുമാർ
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്നാ സുരേഷിന് ഒരേദിവസം ഒരേസമയം ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി കേരളാപോലീസും ഇ.ഡി.യും. സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കേസില്‍ വ്യാജരേഖ ചമയ്ക്കലിന്റെ വകുപ്പുകൂടി ഉള്‍പ്പെടുത്തിയതോടെ സ്വപ്നയുടെ അറസ്റ്റിന് സാധ്യതയുണ്ടെന്ന് കരുതുന്നതിനിടെയാണ് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തമ്മിലുള്ള വടംവലി.
സര്‍ക്കാരിനെതിരേയുള്ള ഗൂഢാലോചനക്കേസില്‍ പ്രതിയായ സ്വപ്നയോട് ചോദ്യംചെയ്യലിനായി തിങ്കളാഴ്ച എറണാകുളം പോലീസ് ക്ലബ്ബില്‍ 11 മണിക്ക് ഹാജരാകാന്‍ പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. അതേസമയത്തുതന്നെ സ്വര്‍ണക്കടത്ത് കേസില്‍ ഹാജരാകാന്‍ ഇ.ഡി.യും നോട്ടീസ് നല്‍കി.
സ്വപ്ന കൊച്ചി ഇ.ഡി. ഓഫീസിലാണ് 12 മണിയോടെ ഹാജരായത്. അഭിഭാഷകരോട് നിയമോപദേശം തേടിയ സ്വപ്ന എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചു. ഗൂഢാലോചനക്കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തതിനെത്തുടര്‍ന്ന് മുന്‍കൂര്‍ജാമ്യത്തിനായി സ്വപ്ന വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.
ഇതോടെ ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്വപ്നയെ ചോദ്യംചെയ്യാന്‍ വീണ്ടും നോട്ടീസ് നല്‍കേണ്ട ഗതികേടിലായി. ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിക്കാത്ത ദിവസംനോക്കിവേണം സ്വപ്നയ്ക്ക് നോട്ടീസ് നല്‍കാന്‍. ഗൂഢാലോചനക്കേസില്‍ പോലീസ് സംഘം പി.എസ്. സരിത്തിനെ തിങ്കളാഴ്ച രണ്ടുമണിക്കൂറോളം ചോദ്യംചെയ്തു.
സ്വപ്ന വീണ്ടും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി
കൊച്ചി: ഗൂഢാലോചനക്കേസില്‍ പോലീസ് ജാമ്യമില്ലാവകുപ്പുകളും ചേര്‍ത്തെന്ന് ചൂണ്ടിക്കാട്ടി പ്രതിയായ സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ പുതിയ മുന്‍കൂര്‍ജാമ്യഹര്‍ജി ഫയല്‍ ചെയ്തു. നയതന്ത്ര ചാനലിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് സ്വപ്നയ്‌ക്കെതിരേ ഗൂഢാലോചനക്കേസ് എടുത്തത്.
സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പങ്കുള്ളതായി വിചാരണക്കോടതിയില്‍ രഹസ്യമൊഴി നല്‍കിയെന്ന് സ്വപ്നാ സുരേഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് മുന്‍മന്ത്രി കെ.ടി. ജലീലിന്റെ പരാതിയില്‍ ഗൂഢാലോചന, കലാപം സൃഷ്ടിക്കാനുള്ള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി സ്വപ്നയുടെപേരില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. ഇതില്‍ സ്വപ്ന നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജി ഹൈക്കോടതി നേരത്തേ തീര്‍പ്പാക്കിയിരുന്നു. ജാമ്യംകിട്ടുന്ന വകുപ്പുകളേ ചുമത്തിയിട്ടുള്ളൂ എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാല്‍, ഇപ്പോള്‍ ജാമ്യമില്ലാവകുപ്പുകളും ചേര്‍ത്തിരിക്കുകയാണെന്നാണ് മുന്‍കൂര്‍ജാമ്യഹര്‍ജിയില്‍ പറയുന്നത്. വ്യാജരേഖ ചമയ്ക്കലടക്കമുള്ള വകുപ്പുകളാണ് പുതുതായി ചുമത്തിയിരിക്കുന്നത്. ചോദ്യംചെയ്യാനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ നോട്ടീസിലാണ് പുതിയവകുപ്പുകള്‍ ചുമത്തിയിരിക്കുന്നതായി മനസ്സിലായതെന്നും ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്ര ഏജന്‍സിയുടെ സുരക്ഷ: ഹര്‍ജി നാളേക്ക് മാറ്റി
കൊച്ചി: കേന്ദ്ര ഏജന്‍സികളുടെ സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് സ്വപ്നാ സുരേഷ് നല്‍കിയ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
സംസ്ഥാനസര്‍ക്കാരില്‍ വിശ്വാസമില്ലെന്നും അതിനാല്‍ പോലീസ് സംരക്ഷണം വേണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ഏജന്‍സിയുടെ സംരക്ഷണമെന്ന ആവശ്യമുന്നയിച്ചത്. കേന്ദ്ര ഏജന്‍സിയുടെ സംരക്ഷണത്തിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അറിയിച്ചിരുന്നു.
അതിനിടെ മുന്‍കൂര്‍ജാമ്യത്തിനായി സ്വപ്നാ സുരേഷിന്റെ അഭിഭാഷകന്‍ ആര്‍. കൃഷ്ണരാജ് നല്‍കിയ ഹര്‍ജി 29-ന് പരിഗണിക്കാന്‍ മാറ്റി. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫെയ്സ് ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ചാണ് പോലീസ് കൃഷ്ണരാജിന്റെപേരില്‍ കേസെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..