Screengrab: Mathrubhumi News
പാലക്കാട്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട്ടെ ബില്‍ടെക് ഫ്ളാറ്റില്‍നിന്ന് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോലീസ് സംഘം ഫ്ളാറ്റിലെത്തി അന്വേഷണം തുടങ്ങിയത്. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അറിയിക്കാമെന്നും പാലക്കാട് സൗത്ത് സി.ഐ. മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തില്‍ അടിമുടി ദുരൂഹത തുടരുകയാണ്. പോലീസാണെന്ന് പറഞ്ഞ് വന്നവരാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സ്വപ്നയുടെ ആരോപണം. ഫോണ്‍പോലും എടുക്കാന്‍ സമ്മതിച്ചില്ലെന്നും താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സത്യം തുറന്നുപറഞ്ഞതിന്റെ പേരിലാണ് ഇത് സംഭവിച്ചതെന്നും സ്വപ്ന പറഞ്ഞിരുന്നു.
അതിനിടെ, സരിത്തിനെ ഫ്ളാറ്റില്‍നിന്ന് കാറില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബലപ്രയോഗമൊന്നുമില്ലാതെ സരിത്ത് കാറില്‍ കയറുന്നതും വാഹനം പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ബലപ്രയോഗമൊന്നുമില്ലാതെയാണ് സരിത്തിനെ കാറില്‍ കയറ്റികൊണ്ടുപോയതെന്ന് ഫ്ളാറ്റിലെ സുരക്ഷാജീവനക്കാരനും പറഞ്ഞു. ഫ്ളാറ്റിലെ മാനേജരോടാണ് ഇവര്‍ സംസാരിച്ചതെന്നും പിന്നാലെ സരിത്തുമായി കാറില്‍ പോയെന്നും ഇദ്ദേഹം പ്രതികരിച്ചു. ഡ്രൈവറടക്കം നാലുപേരാണ് വെളുത്ത സ്വിഫ്റ്റ് കാറിലുണ്ടായിരുന്നതെന്നും ജീവനക്കാരന് പറഞ്ഞു.
വെളുത്ത കാറിലെത്തിയവര്‍ പോലീസുകാരാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്ന് ഫ്ളാറ്റിലെ മാനേജരും മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെന്നാണ് ഒരാള്‍ പരിചയപ്പെടുത്തിയത്. അവര്‍ മൂന്നുപേരുണ്ടായിരുന്നു. സ്വപ്നയുടെ ഫ്ളാറ്റ് ചോദിച്ചു. സ്വപ്നയുടെ കാറിന്റെ നമ്പറും ചോദിച്ചു. കാറിന്റെ നമ്പര്‍ എനിക്ക് അറിയില്ലെന്ന് പറഞ്ഞു. ഫ്ളാറ്റ് കാണിച്ചുനല്കിയതിന് പിന്നാലെ അവര്‍ സരിത്തിനെ കൂട്ടിക്കൊണ്ടുവന്ന് കാറില്‍ കയറ്റി. കാറിന്റെ നമ്പര്‍ നോക്കിയില്ല, ആറടിയില്‍ കൂടുതല്‍ ഉയരമുള്ളയാളാണ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണെന്ന് പറഞ്ഞത്. കാറിന്റെ നമ്പര്‍ സെക്യൂരിറ്റിയും എഴുതിയിരുന്നില്ല.
പോലീസുകാര്‍ ഇടയ്ക്ക് മഫ്തിയില്‍ വരുമെന്ന് സരിത്ത് നേരത്തെ പറഞ്ഞിരുന്നു. തങ്ങള്‍ നിരീക്ഷണത്തിലാണ്. അതിനാല്‍ മാസത്തിലൊരിക്കല്‍ പോലീസുകാര്‍ വരും. അവരെ വിട്ടോളൂ എന്നാണ് സരിത്ത് പറഞ്ഞിരുന്നതെന്നും മാനേജര്‍ വിശദീകരിച്ചു.
അതേസമയം, സരിത്തിനെ പാലക്കാട്ടെ ഫ്ളാറ്റില്‍നിന്ന് കൊണ്ടുപോയത് അന്വേഷണ ഏജന്‍സികളുമായി ബന്ധപ്പെട്ടവരാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. എന്നാല്‍ ഇത് പോലീസാണോ അതോ ഏതെങ്കിലും കേന്ദ്ര ഏജന്‍സികളാണോ എന്നതിലൊന്നും വ്യക്തതയില്ല. വരുംമണിക്കൂറുകളില്‍ ഇതുസംബന്ധിച്ച ദുരൂഹതകള്‍ നീങ്ങുമെന്നാണ് കരുതുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..