പ്രതി വിഷ്ണു ഉല്ലാസ്
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പീടികൂടി. തിരുവല്ല നെടുമ്പ്രം സ്വദേശി വിഷ്ണു ഉല്ലാസിനെയാണ് പോലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
മുന്‍പും ജയില്‍ ചാടാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വിഷ്ണു ഉല്ലാസ്. നേരത്തെ മാവേലിക്കര സബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ട കേസിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ജബ് ജയിലില്‍ നിന്ന് ചാടി രക്ഷപ്പെട്ടതിനാല്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്നു വിഷ്ണു.
മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പോകാനായി വിഷ്ണുവും ഉദ്യോഗസ്ഥരും കായംകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെത്തി. ഇതിനിടെ ഇയാള്‍ മൂത്രം ഒഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാര്‍ ശൗചാലയത്തിന് മുന്നില്‍ നിന്ന് വിലങ്ങഴിച്ചു. തുടര്‍ന്ന് പോലീസിനെ വെട്ടിച്ച പ്രതി ബസ് സ്റ്റാന്‍ഡിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. വിഷ്ണുവിനെ പിടികൂടുന്നതിനിടെ എ.ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനന്തുവിന് പരിക്കേറ്റു. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിന് കായംകുളം പോലീസും ഇയാള്‍ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.
ജനുവരി 26-ന് രാവിലെയാണ് വിഷ്ണു മാവേലിക്കര സബ് ജയിലിൽനിന്ന് മതിൽചാടി രക്ഷപ്പെട്ടത്. ഫെബ്രുവരി ആറിന് തിരുവല്ലയിൽനിന്നാണ് ഇയാളെ പിടികൂടിയത്. ആയുധം കൈവശംവെച്ചതിനും യുവതിയെ ഭീഷണിപ്പെടുത്തിയതിനുമാണ് ഇയാളെ പുളിക്കീഴ് പോലീസ് നേരത്തെ അറസ്റ്റുചെയ്തത്. തുടർന്നാണ് മാവേലിക്കര ജയിലിൽ എത്തിച്ചത്.
Content Highlights: suspect who was brought to court in the jailbreak case escaped, caught by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..