Photo: Mathrubhumi
വെഞ്ഞാറമൂട് : സൂര്യ കൊലക്കേസിൽ വിചാരണ നടപടി പൂർത്തിയാകാനിരിക്കെ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു(33)വിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മാനസിക അസ്വസ്ഥതയുള്ളതിനാൽ ഷിജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നതായി നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച വെളുപ്പിന് രണ്ടാംനിലയിലുള്ള മുറിയിലേക്കുപോയി അവിടെ ഉണ്ടായിരുന്ന ഫാൻ തൂക്കുന്നതിനുള്ള ക്ലിപ്പിൽ തൂങ്ങുകയായിരുന്നു. വീട്ടുകാർ വാതിൽ ചവിട്ടിത്തുറന്ന് ഷിജുവിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
2016 ജനുവരി 27-ന് രാവിലെ 10ഒാടെയാണ് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ സമീപത്തുള്ള ഇടവഴിയിൽ വച്ച് പിരപ്പൻകോട് സെയ്ന്റ് ജോൺസ് ആശുപത്രിയിലെ നഴ്സായിരുന്ന വെഞ്ഞാറമൂട് പാലാംകോണം സൂര്യ ഭവനിൽ ശശിധരന്റെ മകൾ സൂര്യ(26)യെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിന്റെ ആദ്യത്തെ സാക്ഷിവിസ്താരം പൂർത്തിയായിരുന്നു. തുടർവാദങ്ങൾക്കായി അടുത്ത മാസത്തേക്ക് കേസ് മാറ്റിവച്ചിരുന്നു. ഇതിനിടെയാണ് ഷിജുവിന്റെ മരണം.
വിവാഹാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് സൂര്യയുടെ കൊലപാതകത്തിൽ കലാശിച്ചത്. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയാണ് ഷിജു സൂര്യയുമായി പരിചയപ്പെട്ടത്. മൂന്നുമാസംകൊണ്ട് വിവാഹാഭ്യർഥനയുമായി സൂര്യയുടെ വീട്ടിെലത്തുകയായിരുന്നു. കൊലയ്ക്കുശേഷം അവിടെനിന്നു രക്ഷപ്പെട്ട പ്രതി കൊല്ലത്ത് എത്തി ലോഡ്ജിൽ മുറിയെടുത്ത് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. തുടർന്നാണ് ഇയാളെ പോലീസ് പിടികൂടുകയും കുറ്റം സമ്മതിക്കുകയും ചെയ്തത്. ജയിൽവാസത്തിനു ശേഷം ജാമ്യത്തിൽ ഇറങ്ങി. വിചാരണ നേരിടുന്നതിനിടെയാണ് പ്രതിയുടെ ആത്മഹത്യ.
"അവന്റെ വിധി അവൻ തിരഞ്ഞെടുത്തു"
മകളെ കൊന്നുതള്ളിയ അവന് ഈ വിധിയല്ല ദൈവം കൊടുക്കേണ്ടിയിരുന്നതെന്ന് കൊല്ലപ്പെട്ട സൂര്യയുടെ അമ്മ സുശീല. അവന്റെ വിധി അവൻ തിരഞ്ഞെടുത്തു. കുറ്റബോധം ഉണ്ടായിരുന്നെങ്കിൽ ഇത്രയുംനാൾ വീട്ടിൽ സുഖമായി കഴിയുമായിരുന്നില്ലെന്നും സുശീല പറഞ്ഞു.
Content Highlights: surya murder case accused found dead
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..