എസ്. രാജൻ, സുനിൽ ഗോപി
കോയമ്പത്തൂര്‍: നടനും എം.പി.യുമായ സുരേഷ് ഗോപിയുടെ സഹോദരന് സുനില്‍ ഗോപി പ്രതിയായ വഞ്ചനാ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പരാതിക്കാര്‍. സുരേഷ് ഗോപിയുടെ പേരുപറഞ്ഞാണ് സുനില്‍ ഗോപി പരിചയപ്പെട്ടതെന്നും തട്ടിപ്പ് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കിയെന്നും പരാതിക്കാരനായ ഗിരിദറിന്റെ ബിസിനസ് പാര്‍ട്ണര്‍ എസ്.രാജന് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
72 ലക്ഷം രൂപയാണ് സുനില്‍ ഗോപിയുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇയാളുടെ സുഹൃത്തുക്കളായ റീന, ശിവദാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് 25 ലക്ഷം രൂപയും അയച്ചു. എന്നാല്‍ സ്ഥലം വില്‍പ്പനയില്‍ കബളിപ്പിച്ചതായി കണ്ടെത്തിയതോടെ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്‍കുകയാണ് ചെയ്തതെന്നും എസ്.രാജന് പറഞ്ഞു.
ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട വഞ്ചനാകേസില്‍ കഴിഞ്ഞദിവസമാണ് സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോടതി രജിസ്ട്രേഷന് അസാധുവാക്കിയ സ്വത്ത് വില്‍പ്പനയുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോയമ്പത്തൂര്‍ ജി. എന്‍. മില്‍ റോഡിലെ ഗിരിധറിന്റെ പരാതിയിലാണ് സുനില്‍ ഗോപി, റീന, ശിവദാസ് എന്നിവര്‍ക്കുനേരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.
കോയമ്പത്തൂര്‍ നവക്കര മാവുത്തംപതി വില്ലേജിലെ മയില്‍ സ്വാമിയുടെ 4.52 ഏക്കര്‍ ഭൂമി സുനില്‍ ഗോപി വാങ്ങിയിരുന്നു. ഇതിനിടെ ഈ സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സിവില്‍ കേസ് കോടതിയില്‍ എത്തിയതോടെ കോടതി വില്‍പ്പന അസാധുവാക്കി. ഇക്കാര്യം മറച്ചുവെച്ച് വ്യവസായിയായ ഗിരിധറിന് സ്ഥലം കൈമാറാനായി 97 ലക്ഷം രൂപ മുന്‍കൂര്‍ പണം കൈപ്പറ്റി.
പണം മറ്റ് രണ്ട് പ്രതികളും ചേര്‍ന്നാണ് വാങ്ങിയത്. തുടര്‍ന്ന് ഗിരിധരന്റെ അന്വേഷണത്തിലാണ് സ്ഥലത്തിന്റെ പേരില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതായും സ്ഥലം മറ്റൊരാളുടെ പേരിലാണെന്ന കാര്യവും കണ്ടെത്തിയത്. സുനില്‍ ഗോപിയോട് പണം തിരിച്ചു ചോദിക്കുകയും വഞ്ചിച്ച കാര്യം അന്വേഷിക്കുകയും ചെയ്തെങ്കിലും മറുപടി ലഭിക്കാതായതോടെ കോയമ്പത്തൂര്‍ പോലീസില്‍ പരാതി നല്കി. ഇതിനിടെ സുനില്‍ ഗോപി ലഭിച്ച പണം മറ്റ് രണ്ട് പ്രതികളുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതോടെ പോലീസ് കോഴിക്കോട് നിന്ന് ഇയാളെ ശനിയാഴ്ച കസ്റ്റഡിയിലെടുക്കുകയും ഞായറാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടയ്ക്കുകയുമായിരുന്നു.
Content Highlights: suresh gopi's brother sunil gopi arrested in a cheating case in coimbatore
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..