Photo Courtesy: Screengrab: Youtube.com/Connect Gujarat TV
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തില്‍ യുവതിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പങ്കാളി അറസ്റ്റില്‍. സൂറത്തിലെ കപോഡരയില് താമസിച്ചിരുന്ന സ്നേഹലത ബന്‍വാരി(30)യെ കൊലപ്പെടുത്തിയ കേസിലാണ് ഒപ്പംതാമസിച്ചിരുന്ന പ്രകാശ് പട്ടേലി(38)നെ പോലീസ് അറസ്റ്റ് ചെയ്തത്. സ്വത്തിനെച്ചൊല്ലി ഇരുവര്‍ക്കുമിടയിലുള്ള കലഹമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം.
ചൊവ്വാഴ്ചയാണ് സ്നേഹലതയെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സ്നേഹലതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും വീട്ടില്‍ പോയി പരിശോധിക്കണമെന്നും പ്രകാശ് പട്ടേല്‍ അയല്‍ക്കാരെ ഫോണില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇതനുസരിച്ച് അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്നനിലയില് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തറയില്‍ തളംകെട്ടിനിന്നിരുന്ന രക്തത്തില്‍ ഒരു വയസ്സുള്ള കുഞ്ഞും ഇരിക്കുന്നുണ്ടായിരുന്നു. അയല്‍ക്കാര്‍ ഉടന്‍തന്നെ പോലീസിനെയും പ്രകാശിനെയും വിവരമറിയിച്ചു.
കവര്‍ച്ചയ്ക്കിടെയുള്ള കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് ആദ്യം അന്വേഷണം ആരംഭിച്ചത്. വിവരമറിഞ്ഞ് വീട്ടിലെത്തിയ പ്രകാശ്, കുഞ്ഞിനെയും കൈയിലെടുത്ത് പൊട്ടിക്കരയുന്ന കാഴ്ച ഏവരെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അന്വേഷണം പ്രകാശിലേക്ക് എത്തി. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രകാശും സ്നേഹലതയും വിവാഹം കഴിച്ചിട്ടില്ലെങ്കിലും ദമ്പതിമാരെന്ന് പറഞ്ഞാണ് ഇവിടെ താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധത്തില്‍ ഒരു വയസ്സുള്ള പെണ്‍കുഞ്ഞും ഉണ്ട്. അടുത്തിടെ സ്വത്തിനെച്ചൊല്ലി സ്നേഹലതയും പ്രകാശും തമ്മില്‍ വഴക്ക് പതിവായിരുന്നു. കുഞ്ഞുണ്ടായതോടെ സൂറത്തിലെ വീടും മറ്റു വസ്തുവകകളും തന്റെ പേരിലും കുഞ്ഞിന്റെ പേരിലും എഴുതിവെയ്ക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതനുസരിച്ച് സൂറത്തിലെ വീടും നാട്ടിലെ സ്ഥലം വിറ്റുകിട്ടിയ പണം കൊണ്ട് മുംബൈയില്‍ വാങ്ങിയ വീടും സ്നേഹലതയുടെ പേരിലാക്കിയിരുന്നു. എന്നാല്‍ മറ്റു വസ്തുവകകള്‍ കൂടി തന്റെ പേരിലാക്കണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പോലീസിന് നല്കിയ മൊഴി.
ചൊവ്വാഴ്ച രാവിലെയാണ് പ്രകാശ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ സമയം ഒരു വയസ്സുള്ള കുഞ്ഞും സമീപത്ത് കളിക്കുന്നുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പതിവ് പോലെ തന്റെ വ്യാപാരസ്ഥാപനത്തിലേക്ക് പോയി. തുടര്‍ന്ന് കടയില്‍നിന്ന് ഭാര്യയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചു. ഭാര്യയെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് സ്ഥാപിക്കാനാണ് ഇതെല്ലാം ചെയ്തത്. പിന്നീടാണ് അയല്‍ക്കാരെ വിളിച്ച് വീട്ടില്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്.
ഫോട്ടോസ്റ്റാറ്റ് കടയുടമയായ പ്രകാശും സ്നേഹലതയും മൂന്നരവര്‍ഷം മുമ്പ് മുംബൈയില്‍വെച്ചാണ് പരിചയപ്പെടുന്നത്. ഈ സമയം പ്രകാശ് ഭാര്യയില്‍നിന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. വിവാഹമോചന കേസും കോടതിയിലുണ്ടായിരുന്നു. മുംബൈയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ പതിവായി വന്നിരുന്ന സ്നേഹലതയും പ്രകാശും പിന്നീട് അടുപ്പത്തിലായി. തുടര്‍ന്നാണ് ഇരുവരും സൂറത്തില്‍ ഒരുമിച്ച് താമസം തുടങ്ങിയത്. ഒരുവര്‍ഷം മുമ്പ് ഈ ബന്ധത്തില്‍ കുഞ്ഞ് ജനിക്കുകയും ചെയ്തു.
Content Highlights: surat woman murder her live in partner arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..