ആക്രമണത്തിന്റെ സിസിടിവി ദൃശ്യം
അഹമ്മദാബാദ്: കുടുംബവഴക്കിനിടെ മകളെ അതിദാരുണമായി കുത്തിക്കൊല്ലുകയും ഭാര്യയെ മാരകമായി കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഗൃഹനാഥന്‍ അറസ്റ്റില്‍. ഗുജറാത്തിലെ സൂറത്ത് സത്യനഗര്‍ സൊസൈറ്റിയില്‍ താമസിക്കുന്ന രാമാനുജ സാഹുവാണ് 19 വയസ്സുള്ള മകളെ കുത്തിക്കൊന്നത്. ഇയാളുടെ ആക്രമണത്തില്‍ ഭാര്യ രേഖയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പത്തുതവണ ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി രണ്ട് കൈവിരലുകള്‍ വെട്ടിമാറ്റുകയും ചെയ്തു.
മേയ് 18-ന് രാത്രി 11.30-ഓടെയായിരുന്നു സംഭവം. കേസില്‍ രാമാനുജയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ കൊലപാതകത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തു.
മകള്‍ ടെറസില്‍ കിടന്നുറങ്ങുന്നതിനെച്ചൊല്ലിയാണ് രാമാനുജയും ഭാര്യയും തമ്മില്‍ വഴക്കുണ്ടായതെന്നാണ് പോലീസിന്റെ വിശദീകരണം. വഴക്കിനിടെ ഇയാള്‍ ഭാര്യയെ ക്രൂരമായി ആക്രമിച്ചു. അമ്മയെ ഉപദ്രവിക്കുന്നത് തടയാനെത്തിയ മക്കളും പ്രതിയുടെ ആക്രമണത്തിനിരയായി. പിടിച്ചുവെയ്ക്കാന്‍ ശ്രമിച്ച മക്കളെ ഇയാള്‍ ക്രൂരമായാണ് ആക്രമിച്ചത്. ഇതിനിടെയാണ് മകളെ കത്തി കൊണ്ട് കുത്തിയത്. നിരവധിതവണ കുത്തേറ്റ മകള്‍ അവശയായി നിലത്തുവീണിട്ടും പ്രതി ആക്രമണം തുടര്‍ന്നു. തറയിലൂടെ ഇഴഞ്ഞ് മറ്റൊരു മുറിയില്‍ അഭയംതേടാന്‍ ശ്രമിച്ചിട്ടും പ്രതി മകളെ വെറുതെവിട്ടില്ല. പിന്തുടര്‍ന്നെത്തി മുറിക്കുള്ളിലിട്ട് വീണ്ടും മകളെ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.
മകളെ കൊലപ്പെടുത്തിയശേഷം പ്രതി വീടിന്റെ ടെറസിലേക്ക് ഓടിക്കയറി അവിടെയുണ്ടായിരുന്ന ഭാര്യയെയും ആക്രമിച്ചു. ഭാര്യയുടെ രണ്ട് കൈവിരലുകളാണ് വെട്ടിമാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഏകദേശം 25 തവണയാണ് രാമാനുജ മകളെ കുത്തിയതെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഭാര്യ രേഖയ്ക്ക് പത്തുതവണയും കുത്തേറ്റിട്ടുണ്ട്. സംഭവത്തില്‍ കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതയും ഇയാള്‍ ജയിലിലാണെന്നും പോലീസ് അറിയിച്ചു.
Content Highlights: surat man stabs daughter many times and arrested for killing her


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..