ഉത്ര മോഡല്‍ രാജസ്ഥാനിലും, പുതിയ ട്രെന്‍ഡെന്ന് സുപ്രീംകോടതി; സ്ത്രീയെ കൊന്നത് മരുമകളും കാമുകനും


ഫയൽചിത്രം | ഫോട്ടോ: മാതൃഭൂമി

ന്യൂഡല്‍ഹി: പാമ്പിനെ കൊണ്ട് കടിപ്പിച്ച് സ്ത്രീയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയില്‍ 2019-ല്‍ നടന്ന കൊലപാതകത്തിലാണ് പ്രതിയായ കൃഷ്ണകുമാറിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയുടെ ജാമ്യഹര്‍ജി തള്ളിയത്.

പാമ്പാട്ടികളില്‍നിന്ന് വിഷമുള്ള പാമ്പിനെ വാങ്ങി ആളുകളെ കൊല്ലുന്നത് പുതിയ ട്രെന്‍ഡായിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങള്‍ രാജസ്ഥാനില്‍ സാധാരണമായിരിക്കുകയാണെന്നും ഹര്‍ജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. അതേസമയം, കൃഷ്ണകുമാറിനെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നും എന്‍ജിനീയറിങ് വിദ്യാര്‍ഥിയായതിനാല്‍ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും പ്രതിക്ക് വേണ്ടി ഹാജരായ ആദിത്യ ചൗധരി വാദിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങളെല്ലാം തള്ളിയ കോടതി, പ്രതിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

2019 ജൂണ്‍ രണ്ടിനാണ് രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശിയായ സുബോദ ദേവി പാമ്പ് കടിയേറ്റ് മരിച്ചത്. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ സംഭവങ്ങളാണ് പിന്നീട് ഇവിടെയും സംഭവിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. സുബോദ ദേവിയുടെ മരുമകള്‍ അല്പന, കാമുകനായ മനീഷ് എന്നിവര്‍ക്കെതിരേയായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുബോദ ദേവിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. അല്പനയുടെയും മനീഷിന്റെയും സുഹൃത്താണ് കേസിലെ മറ്റൊരു പ്രതിയായ കൃഷ്ണകുമാര്‍. കൊലപാതകത്തില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

2018 ഡിസംബര്‍ 18-നാണ് അല്പനയും സുബോദ ദേവിയുടെ മകനായ സച്ചിനും വിവാഹിതരാകുന്നത്. ഭര്‍ത്താവ് സച്ചിന്‍ സൈന്യത്തിലായതിനാല്‍ അല്‍പനയും ഭര്‍തൃമാതാവായ സുബോദ ദേവിയും മാത്രമാണ് ജുന്‍ജുനുവിലെ വീട്ടില്‍ താമസിച്ചിരുന്നത്. സുബോദ ദേവിയുടെ മറ്റൊരു മകനും സൈനികനാണ്. ഭര്‍ത്താവ് രാജേഷും ജോലിയാവശ്യാര്‍ഥം മറ്റൊരിടത്തായിരുന്നു താമസം.

ഭര്‍തൃവീട്ടില്‍ താമസം തുടരുന്നതിനിടെയാണ് ജയ്പുര്‍ സ്വദേശിയായ മനീഷുമായി അല്പന അടുപ്പത്തിലാകുന്നത്. ഫോണിലൂടെ ആരംഭിച്ച രഹസ്യബന്ധം പ്രണയമായി വളര്‍ന്നു. ഏറെനേരവും അല്പന മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ഭര്‍തൃമാതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അധികമായി ഫോണില്‍ സംസാരിക്കുന്നതിനെ ഇവര്‍ എതിര്‍ക്കുകയും ചെയ്തു. പിന്നീടാണ് മരുമകള്‍ മനീഷുമായി പ്രണയത്തിലാണെന്ന് സുബോദ ദേവിക്ക് മനസിലായത്. ഇതോടെ മരുമകളെ വഴക്കുപറയുകയും ചെയ്തു.

സുബോദ ദേവി പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇവരെ കൊലപ്പെടുത്താനായിരുന്നു അല്പനയുടെയും മനീഷിന്റെയും തീരുമാനം. ഒരിക്കലും പിടിക്കപ്പെടാത്തതരത്തില്‍ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തു.

2019 ജൂണ്‍ രണ്ടിനാണ് സുബോദ ദേവിയെ പാമ്പ് കടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരമാസത്തിന് ശേഷമാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കിയത്. സുബോദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അല്പനയെ സംശയമുണ്ടെന്നുമായിരുന്നു പരാതി. അല്പനയുടെയും മനീഷിന്റെയും ഫോണ്‍നമ്പറുകളും പോലീസിന് കൈമാറി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മനീഷും അല്പനയും തമ്മിലുള്ള ബന്ധം കണ്ടെത്തി. സുബോദ ദേവി മരിച്ചദിവസം ഇരുവരും തമ്മില്‍ 124 തവണ ഫോണില്‍ സംസാരിച്ചതായും തെളിഞ്ഞു. ഇവരുടെ സുഹൃത്തായ കൃഷ്ണകുമാറിനെ അല്പന 19 തവണയാണ് അന്നേദിവസം വിളിച്ചത്. ചില മെസേജുകളും ഇവരുടെ ഫോണുകളില്‍നിന്ന് പോലീസ് കണ്ടെടുത്തു. പാമ്പാട്ടിയുടെ കൈയില്‍നിന്ന് പതിനായിരം രൂപയ്ക്ക് മനീഷും കൃഷ്ണകുമാറും ചേര്‍ന്ന് പാമ്പിനെ വാങ്ങിയതിനും തെളിവ് ലഭിച്ചു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

2020 ജനുവരി നാലിനാണ് അല്പന, മനീഷ്, കൃഷ്ണകുമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. അന്നുമുതല്‍ മൂന്ന് പ്രതികളും ജയിലിലാണ്. ഇതിനിടെയാണ് കൃഷ്ണകുമാര്‍ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ തന്റെ കക്ഷിക്കെതിരേ നേരിട്ടുള്ള തെളിവുകളില്ലെന്നായിരുന്നു കൃഷ്ണകുമാറിന് വേണ്ടി ഹാജരായ ആദിത്യ ചൗധരിയുടെ വാദം. മനീഷ് പാമ്പിനെ വാങ്ങിയത് എന്തിനുവേണ്ടിയാണെന്ന് കൃഷ്ണകുമാറിന് അറിയുമായിരുന്നില്ലെന്നും ചികിത്സയ്ക്കാണെന്ന് പറഞ്ഞാണ് തന്റെ കക്ഷിയെ കൂട്ടിക്കൊണ്ടുപോയതെന്നും പ്രതിഭാഗം വ്യക്തമാക്കി. പാമ്പുമായി കൃഷ്ണകുമാര്‍ സുബോദ ദേവിയുടെ വീട്ടില്‍ പോയിട്ടില്ലെന്നും എന്‍ജിനീയറിങ് വിദ്യാര്‍ഥിയായതിനാല്‍ യുവാവിന്റെ ഭാവിയെ കരുതി ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദങ്ങളെല്ലാം സുപ്രീംകോടതി തള്ളിക്കളയുകയായിരുന്നു.

Content Highlights: supreme court says snake bite murders is a new trend

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented