ദിലീപ് | ഫയൽചിത്രം | ഫോട്ടോ: ബി.മുരളീകൃഷ്ണൻ/മാതൃഭൂമി
കൊച്ചി: ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ തുടരന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ സംഘം വെള്ളിയാഴ്ച അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 1500 പേജുള്ള കുറ്റപത്രത്തില്‍ 138 സാക്ഷിമൊഴികള്‍ രേഖപ്പെടുത്തിയതായാണ് വിവരം. ഡിജിറ്റല്‍ തെളിവുകളും രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേസിലെ എട്ടാം പ്രതി ദിലീപിന്റെ അടുത്ത സുഹൃത്ത് ജി. ശരത്തിനെ പുതുതായി പ്രതി ചേര്‍ത്തിട്ടുണ്ട്. എട്ടാം പ്രതി ദിലീപിനെതിരേ തെളിവു നശിപ്പിക്കല്‍ കുറ്റംകൂടി ചുമത്തിയിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരിക്കേ മെമ്മറി കാര്‍ഡ് അനധികൃതമായി തുറന്നതില്‍ കൂടുതല്‍ അന്വേഷണം നടത്താനായിട്ടില്ല.
എന്നാല്‍, പലരുടെയും മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. കേസിന്റെ വിചാരണ പകുതിയിലധികം പിന്നിട്ടപ്പോഴാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ കഴിഞ്ഞ ഡിസംബര്‍ 25-ന് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ചില ഓഡിയോ തെളിവുകളും ബാലചന്ദ്രകുമാര്‍ കൈമാറി. ഇതേത്തുടര്‍ന്നാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്‍കിയത്.
ആദ്യം ഏപ്രില്‍ 15 വരെയായിരുന്നു സമയം. തുടര്‍ന്ന് മേയ് 30 വരെയും ഒടുവില്‍ ജൂലായ് 15 വരെയും ഹൈക്കോടതി സമയം നീട്ടി നല്കി. 138 സാക്ഷികളുടെ മൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. 269 രേഖകള്‍ കണ്ടെടുത്തു. എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെ 10 പേരുടെ ശബ്ദ സാംപിളുകള്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചതില്‍ ഇനിയും ചിലതിന്റെ ഫലം കിട്ടാനുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..