'സുകുമാരക്കുറുപ്പി'നെ അനുകരിച്ച് തെലങ്കാനയിലെ ഗവ. ജീവനക്കാരന്‍; ലക്ഷ്യമിട്ടത് ഏഴരക്കോടി, എല്ലാം പാളി


സംഭവസ്ഥലത്തുനിന്ന് പെട്രോള്‍ കുപ്പി കിട്ടിയതും പാതിക്കത്തിക്കരിഞ്ഞ മൃതദേഹത്തിലെ കാലിന്റെ ഭാഗവും സംശയത്തിനിടയാക്കി.

കത്തിനശിച്ച കാറും മുഖ്യപ്രതി ധർമയും(ഇടത്ത്) ധർമ അടക്കം രണ്ടുപ്രതികളുമായി പോലീസ് ഉദ്യോഗസ്ഥർ (വലത്ത്) | Photo: twitter.com/spmedak & Screengrab: Youtube.com/NTV Telugu

ഹൈദരാബാദ്: 'സുകുമാരക്കുറുപ്പ്' മോഡലില്‍ കൊലപാതകം നടത്തി ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ തെലങ്കാനയില്‍ അറസ്റ്റിലായി. തെലങ്കാന സെക്രട്ടേറിയേറ്റില്‍ അസി. സെക്ഷന്‍ ഓഫീസറായ പാത്ത്‌ലോത് ധര്‍മ(44)യാണ് ഏഴരക്കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി തന്റെ രൂപസാദൃശ്യമുള്ള മറ്റൊരാളെ കൊലപ്പെടുത്തിയത്. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പ് ചാക്കോ വധം ആസൂത്രണം ചെയ്ത അതേരീതിയിലായിരുന്നു തെലങ്കാനയിലെ സര്‍ക്കാര്‍ ജീവനക്കാരനും കൃത്യം നടത്തിയത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവം കൊലപാതകമാണെന്ന് പോലീസ് തെളിയിക്കുകയും കൃത്യം നടത്തിയശേഷം നാടുവിട്ട ധര്‍മയെ പുണെയില്‍നിന്ന് പിടികൂടുകയുമായിരുന്നു.

ജനുവരി ഒമ്പതാം തീയതിയാണ് മേഡക് ജില്ലയിലെ വെങ്കട്ട്പുരില്‍ കത്തിക്കരിഞ്ഞനിലയില്‍ കാറും കാറിനുള്ളില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്. സെക്രട്ടേറിയേറ്റ് ജീവനക്കാരനായ ധര്‍മ അടുത്തിടെ വാങ്ങിയ പുതിയ കാറായിരുന്നു റോഡരികില്‍ കത്തിച്ചാമ്പലായത്. നിയന്ത്രണംവിട്ട കാര്‍ മറിഞ്ഞ് തീപിടിച്ചതാകുമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചത് സര്‍ക്കാര്‍ ജീവനക്കാരനായ ധര്‍മയാണെന്നും കരുതി. ഇയാളുടെ വസ്ത്രങ്ങളും തിരിച്ചറിയല്‍ രേഖകളും കാറില്‍നിന്ന് കണ്ടെടുത്തിരുന്നു. മാത്രമല്ല, ഭാര്യ നീല മൃതദേഹം തിരിച്ചറിയുകയും ചെയ്തു.

ഇതിനിടെ സംഭവസ്ഥലത്തുനിന്ന് പെട്രോള്‍ കുപ്പി കിട്ടിയതും പാതിക്കത്തിക്കരിഞ്ഞ മൃതദേഹത്തിലെ കാലിന്റെ ഭാഗവും സംശയത്തിനിടയാക്കി. ശാരീരികമായി കഠിനമേറിയ ജോലികള്‍ ചെയ്യുന്നയാളുടെ കാലുകളാണ് മരിച്ചയാളുടേതെന്ന് പോലീസ് ഉറപ്പിച്ചു. മാത്രമല്ല, സംഭവസ്ഥലത്തുനിന്ന് പെട്രോള്‍ നിറച്ച കുപ്പികള്‍ കിട്ടിയതിനാല്‍ അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനിച്ചു.

അന്വേഷണം വിപുലമാക്കിയതിന് പിന്നാലെ ധര്‍മയുടെ ബന്ധുക്കളെയെല്ലാം പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. ഇതിനിടെയാണ് നിസാമാബാദില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ 'മരിച്ച' ധര്‍മയെ കണ്ടെത്തിയത്. മാത്രമല്ല, കാര്‍ കത്തിയനിലയില്‍ കണ്ടെത്തിയ സ്ഥലത്ത് ധര്‍മയുടെ ബന്ധു ഇടയ്ക്കിടെ വന്നുപോയതിന്റെ തെളിവുകളും ലഭിച്ചു. ഇതോടെ ധര്‍മയുടെ ബന്ധുക്കളുടെ ഫോണുകളെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തു.

ഈ സമയത്താണ് ഭാര്യയുടെ ഫോണിലേക്ക് അപ്രതീക്ഷിതമായൊരു സന്ദേശമെത്തിയത്. എത്രയും പെട്ടെന്ന് മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നും ഇന്‍ഷുറന്‍സ് തുക കിട്ടിയാലുടന്‍ വായ്പ കുടിശ്ശിക അടച്ചുതീര്‍ക്കണമെന്നുമായിരുന്നു സന്ദേശം. ഇതോടെ സന്ദേശം അയച്ച മൊബൈല്‍ നമ്പര്‍ പരിശോധിക്കുകയും 'കൊല്ലപ്പെട്ട' ധര്‍മയെ മഹാരാഷ്ട്രയിലെ പുണെയില്‍നിന്ന് കൈയോടെ പിടികൂടുകയുമായിരുന്നു. അതേസമയം, കുടുംബത്തെ സന്ദര്‍ശിക്കാനായി പ്രതി നാട്ടില്‍ എത്തിയപ്പോളാണ് പിടിയിലായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലക്ഷ്യമിട്ടത് കോടികളുടെ ഇന്‍ഷുറന്‍സ് തുക..

വിവിധ ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് പോളിസി എടുത്തിരുന്ന ധര്‍മ, താന്‍ മരിച്ചെന്ന് വരുത്തിതീര്‍ത്ത് 7.4 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പദ്ധതിയിട്ടതെന്ന് പോലീസ് പറഞ്ഞു. ഓഹരിവിപണിയില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചിരുന്ന പ്രതിക്ക് ഏകദേശം 85 ലക്ഷം രൂപയുടെ സാമ്പത്തികബാധ്യതയുണ്ടായിരുന്നു. ഇത് തീര്‍ക്കാനായാണ് ഇയാള്‍ വന്‍തുകയ്ക്ക് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തത്. തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു.

രൂപസാദൃശ്യമുള്ള മറ്റൊരാളെ കൊലപ്പെടുത്തി മരിച്ചത് താനാണെന്ന് വരുത്തിതീര്‍ക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. രൂപസാദൃശ്യമുള്ള ഒരാളെ തേടി പ്രതിയും ബന്ധുവായ ശ്രീനിവാസും വിവിധയിടങ്ങളില്‍ കറങ്ങി. കഴിഞ്ഞ നവംബറില്‍ നംമ്പള്ളി മെട്രോ സ്‌റ്റേഷനില്‍വെച്ചാണ് ഇത്തരത്തിലുള്ള ഒരാളെ ആദ്യം കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ അഞ്ജയ്യയായിരുന്നു പ്രതികളുടെ കെണിയില്‍വീണ ആദ്യത്തെയാള്‍. തോട്ടത്തില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് മാസം 20000 രൂപ ശമ്പളവും വാഗ്ദാനം ചെയ്താണ് പ്രതികള്‍ അഞ്ജയ്യയെ നിസാമാബാദിലെ ലോഡ്ജ് മുറിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഇവിടെവെച്ച് അഞ്ജയ്യ മദ്യപിച്ചതോടെ പദ്ധതി പാളി. മരണസമയത്ത് ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം തള്ളിപ്പോകുമെന്ന് പ്രതികള്‍ ഭയന്നു. ഇതോടെ അഞ്ജയ്യയെ ലോഡ്ജില്‍ ഉപേക്ഷിച്ച് ധര്‍മയും രണ്ടാംപ്രതിയായ ശ്രീനിവാസും കടന്നുകളയുകയായിരുന്നു.

ജനുവരി ഒമ്പതാം തീയതി കൊല്ലപ്പെട്ട ബാബു എന്നയാളെ നിസാമാബാദ് റെയില്‍വേ സ്റ്റേഷനില്‍വെച്ചാണ് പ്രതികള്‍ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായ ഇയാളെയും പ്രതികള്‍ കാറില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് ഒരു ക്ഷേത്രത്തില്‍ എത്തിച്ച് ധര്‍മയെ പോലെ തല മൊട്ടയടിക്കുകയും ധര്‍മയുടെ വസ്ത്രങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. അതേദിവസം രാത്രി തന്നെ ബാബുവുമായി വെങ്കട്ട്പുര്‍ ഗ്രാമത്തിലേക്ക് പ്രതികള്‍ യാത്രതിരിച്ചു. അടുത്തിടെ വാങ്ങിയ പുതിയ കാറിലായിരുന്നു യാത്ര. ഇതിനിടെയാണ് ബാബുവിനെ പ്രതികള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. തുടര്‍ന്ന് മൃതദേഹം ഡ്രൈവര്‍ സീറ്റിലേക്ക് മാറ്റുകയും കാര്‍ പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. കേസില്‍ ധര്‍മയെ കൂടാതെ ബന്ധുവായ ശ്രീനിവാസ്, ഭാര്യ നീല എന്നിവരടക്കം അഞ്ചുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

Content Highlights: sukumarakurup model murder in telangana accused arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented