പ്രതീകാത്മക ചിത്രം
തൃക്കണാപുരം: കുറ്റിപ്പുറം എം.ഇ.എസ്. എന്‍ജി. കോളേജിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്നിടത്ത് നടന്ന ലഹരിപാര്‍ട്ടി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ അറസ്റ്റുചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു.
കോളേജിലുണ്ടായ അടിപിടിക്കേസിലെ പ്രതികള്‍ ഹോസ്റ്റലില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ പോലീസിന്റെ പരിശോധന. ഇരുപതോളം പേരാണ് ഇവിടെയുണ്ടായിരുന്നത്. കഞ്ചാവ്, ഹാഷിഷ് തുടങ്ങിയ മയക്കുമരുന്നുകള്‍ പല രീതിയില്‍ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ഇവരുടെ മുറിയില്‍നിന്ന് കണ്ടെടുത്തു.
കോളേജില്‍ വിദ്യാര്‍ഥികള്‍ തമ്മിലും നാട്ടുകാരുമായും സംഘര്‍ഷങ്ങള്‍ പതിവായിരിക്കുകയാണ്. കുറ്റക്കാര്‍ക്കെതിരേ മാനേജ്മെന്റ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കഴിഞ്ഞമാസമുണ്ടായ സംഘര്‍ഷത്തില്‍ 15-ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ലഹരിപാര്‍ട്ടിക്കിടെ പിടികൂടിയ വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതരോട് ശുപാര്‍ശ ചെയ്യുമെന്ന് ഇന്‍സ്പെക്ടര്‍ ശശീന്ദ്രന് മേലേയില്‍ അറിയിച്ചു.
അതേസമയം, കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.
ബക്രീദ് അവധിയായതിനാല്‍ കോളേജ് ഹോസ്റ്റലില്നിന്നുള്പ്പെടെ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിട്ടുള്ളതാണ്.
വിദ്യാര്‍ഥികള്‍ മറ്റിടങ്ങളില്‍ താമസിക്കുന്നത് കോളേജിന്റെ അറിവോടെയല്ലെന്നും ലഹരിപാര്‍ട്ടിയില്‍ പങ്കെടുത്ത വിദ്യാര്ഥികള്ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും പ്രിന്‍സിപ്പല്‍ ഐ. റഹ്മത്തുന്നിസ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..