ആരിഫ്, വിജീഷ്,അരുൺകുമാർ
തൃശ്ശൂര്‍: കൂട്ടത്തിലൊരാള്‍ പുതിയവാടകവീട്ടിലേക്ക് മാറിയപ്പോള്‍ അവിടെ വീട്ടുപകരണങ്ങളും അത്യാവശ്യ സാധനങ്ങളുമൊന്നുമില്ല. പിന്നെ ഒന്നുമാലോചിച്ചില്ല. തൊട്ടടുത്ത വലിയ ഒരു കട കണ്ടെത്തി രാത്രി അവിടെക്കയറി ആവശ്യമുള്ളതെല്ലാം മോഷ്ടിച്ചു. കട്ടില്‍, കിടക്ക, പാത്രങ്ങള്‍, സ്റ്റൗ തുടങ്ങിയവയാണ് മൂന്നംഗസംഘം മോഷ്ടിച്ചത്. മോഷണംനടന്ന് പത്തുമണിക്കൂറിനകം പ്രതികള്‍ പിടിയിലാകുകയും ചെയ്തു.
കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി ആരിഫ് (37), പെരിഞ്ഞനം സ്വദേശി വിജീഷ് (കിങ്ങിണി-32), എറണാകുളം നീണ്ടൂര്‍ സ്വദേശി അരുണ്‍കുമാര്‍ (35) എന്നിവരെയാണ് ഈസ്റ്റ് പോലീസും ഷാഡോപോലീസും ചേര്‍ന്ന് അറസ്റ്റുചെയ്തത്. കേരളത്തിലും തമിഴ്‌നാട്ടിലും ഒട്ടേറെ മോഷണങ്ങള്‍ നടത്തിയ സംഘമാണിതെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ അരുണ്‍കുമാറിനുവേണ്ടിയായിരുന്നു മോഷണം. ജൂലായ് ഒന്നിന് പുലര്‍ച്ചെയാണ് പറവട്ടാനിയിലെ കുക്കൂസ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തില്‍ മോഷണം നടന്നത്.
കടയില്‍ സി.സി.ടി.വി. ഉണ്ടായിരുന്നെങ്കിലും ആളെ തിരിച്ചറിയാവുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. വീട്ടിലേക്കുള്ള സാധനങ്ങളാണ് മോഷണം പോയതെന്നതിനാല്‍ പോലീസിന്റെ അന്വേഷണം ആ വഴിക്ക് നീങ്ങി. മുമ്പ് കേസുകളില്‍ പ്രതിയായ പുതുതായി വീട് വാടകയ്‌ക്കെടുത്തവരെപ്പറ്റി അന്വേഷിച്ചു. ഇതേരീതിയില്‍ മോഷണം നടത്തി പിടിയിലായ അരുണിനെക്കുറിച്ചും ഇക്കൂട്ടത്തില്‍ പോലീസ് അന്വേഷിച്ചു.
അപ്പോഴാണ് അരുണ്‍ പുതിയ വാടകവീട്ടിലേക്ക് മാറിയെന്ന് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂവര്‍സംഘം പിടിയിലാകുകയായിരുന്നു.
തൊണ്ടിമുതല്‍ സൂക്ഷിച്ചിരുന്ന വാടകവീട്ടില്‍നിന്ന് 950 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അറസ്റ്റിലായ അരുണ്‍ ഒട്ടേറെ കഞ്ചാവുകടത്ത് കേസുകളിലും കവര്‍ച്ചക്കേസുകളിലും പ്രതിയാണ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ക്കുപുറമേ തമിഴ്നാട്ടിലും ഇയാള്‍ക്കെതിരേ കേസുണ്ട്. വിജീഷും ഒട്ടേറെ പിടിച്ചുപറിക്കേസുകളില്‍ പ്രതിയാണ്. ഈസ്റ്റ് സി.ഐ. ലാല്‍കുമാര്‍, എസ്.ഐ. നിഖില്‍, ഷാഡോ എസ്.ഐ.മാരായ എന്‍.ജി. സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, പി.രാഗേഷ്, എ.എസ്.ഐ. ഗോപി, സീനിയര്‍ സി.പി.ഒ. മാരായ ടി.വി. ജീവന്‍, പി.കെ. പളനിസ്വാമി, സി.പി.ഒ. മാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിന്‍ദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Content Highlights: stole household goods-arrested three
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..