തിരുവനന്തപുരം: ആലപ്പുഴ സൗത്ത് സ്വദേശി ശ്രേയാ ബഞ്ചമിന്റെ മരണത്തില്‍ ഫാ. മാത്തുക്കുട്ടിയെയും സിസ്റ്റര്‍ സ്‌നേഹ മരിയയെയും പ്രതികളാക്കി സി.ബി.ഐ. കോടതിയില്‍ കുറ്റപത്രം നല്‍കി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
ചങ്ങനാശ്ശേരി രൂപതയുടെ കീഴിലുള്ള സെന്റ് ആന്റണി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയായിരുന്നു ശ്രേയ. രൂപതയുടെതന്നെ കീഴിലുള്ള അക്‌സെപ്റ്റ് കൃപ എന്ന സംഘടന നടത്തിയ ദ്വിദിന ബോധവത്കരണ ക്ലാസില്‍ എത്തിയതായിരുന്നു ശ്രേയ.
സണ്‍ഡെ സ്‌കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം 70 പേരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. കുട്ടികളെ പള്ളിയുടെ കീഴിലുള്ള ആശ്രമത്തിലെ കോട്ടേജുകളിലാണ് താമസിപ്പിച്ചിരുന്നത്.
2010 ഒക്ടോബര്‍ 15-ന് തുടങ്ങിയ ക്യാമ്പില്‍ 16-ാം തീയതി രാത്രി മുതലാണ് ശ്രേയയെ കാണാതാകുന്നത്. 17-ാം തീയതി നടത്തിയ തിരച്ചിലില്‍ സമീപത്തെ കുളത്തില്‍നിന്ന് ശ്രേയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ശ്രേയയെ ഫാ. മാത്തുക്കുട്ടി പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് പോലീസില്‍നിന്ന് അന്വേഷണം സി.ബി.ഐ.യില്‍ എത്തുന്നത്.
സി.ബി.ഐ. നടത്തിയ അന്വേഷണത്തില്‍, ശ്രേയയുടേത് കൊലപാതകമല്ലെന്നും ക്യാമ്പ് സംഘടിപ്പിച്ചവരുടെ ശ്രദ്ധക്കുറവാണ് ശ്രേയ കുളത്തില്‍ വീണു മരിക്കാനിടയായതെന്നും കണ്ടെത്തി. ക്യാമ്പ് നടന്നിരുന്നതും കുട്ടികള്‍ താമസിച്ചിരുന്നതുമായ കെട്ടിടത്തിന് ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല.
കെട്ടിടത്തില്‍നിന്ന് 15 മീറ്റര്‍ മാത്രം അകലമുണ്ടായിരുന്ന കുളത്തിന് സുരക്ഷാവേലി ഇല്ലാത്തതാണ് കുട്ടി കുളത്തില്‍ വീണ് മരണമടയാന്‍ കാരണമെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍.
രാത്രി ഉണര്‍ന്ന് മുറിക്കു പുറത്തെത്തിയ പെണ്‍കുട്ടി, ആശ്രമത്തിലെ പട്ടികളുടെ കുര കേട്ട് ഭയന്ന് കുളത്തിലേക്കു കാല്‍വഴുതി വീണതാകാമെന്നാണ് സി.ബി.ഐ. നിഗമനം.
അശ്രദ്ധ മൂലമുണ്ടാകുന്ന മരണത്തിനാണ് സി.ബി.ഐ. കുറ്റപത്രം നല്‍കിയത്. അക്‌സെപ്റ്റ് കൃപ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഇന്‍-ചാര്‍ജായിരുന്ന ഫാ. മാത്തുക്കുട്ടിക്കും പെണ്‍കുട്ടികളുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന സിസ്റ്റര്‍ സ്‌നേഹയ്ക്കും കുറ്റകൃത്യത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നു. പ്രതികള്‍ ഈ മാസം 25-ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.
Content Highlights: sreya death cbi submitted charge sheet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..